പതിനാറ് വര്‍ഷം മുമ്പ് കാസര്‍കോട് പുതിയ ബസ്റ്റ് പരിസരത്ത്, മലയാളത്തിന്‍റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ ഒരു മാവ് നട്ടു. അതിന് ടീച്ചര്‍ തന്നെ 'പയസ്വിനി' എന്ന് പേര് ചൊല്ലി. പയസ്വിനിയെന്നാല്‍ നദി, ചന്ദ്രഗിരി പുഴ. അളവില്ലാത്ത വിഭവങ്ങള്‍ ചുരത്തുന്നവള്‍. പക്ഷേ. കാലാനുശ്രുതമായി ദേശീയ പാത വികസിക്കാനൊരുങ്ങിയപ്പോള്‍ പയസ്വിനി തടസമായി. മലയാളത്തിന്‍റെ പ്രിയ കവിയത്രി നട്ട മാവ് വെട്ടിക്കളയാന്‍ പക്ഷേ, കാസര്‍കോട്ടുകാര്‍ക്കായില്ല. അവര്‍ മാവിന്‍റെ അതിജീവനത്തിനായി ശ്രമം തുടര്‍ന്നു. ഒടുവില്‍ ആ ശ്രമം ഇന്ന് വിജയം കണ്ടിരിക്കുന്നു. കാസര്‍കോട് നിന്നുമുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍ കുമാര്‍.
മരമല്ലേ. മാവല്ലേ. ടീച്ചര്‍ നട്ടതല്ലേ, മുറിച്ച് മാറ്റല്ലേ എന്ന് കാസര്‍കോട് നഗരത്തിലെ പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകര്‍ അധികൃതരോട് ആവശ്യപ്പെട്ടു. പയസ്വനിയെ പറിച്ച് നടാന്‍ തങ്ങള്‍ തയ്യാറെന്നും ആ കൂട്ടായ്മ ഒറ്റക്കെട്ടായി പറഞ്ഞു.
211
ഈ മാവ് പിഴുത് മാറ്റി സംരക്ഷിക്കണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടത്തെയും വനം വകുപ്പിനെയും ബന്ധപ്പെട്ടിരുന്നെന്ന് പീപ്പിള്‍സ് ഫോറം പ്രവര്‍ത്തകന്‍ പ്രൊഫ. ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
311
നഗര കൂട്ടായ്മ ഒത്തുപിടിച്ചപ്പോള്‍ മാവ് മാറ്റിസ്ഥാപിക്കാനുള്ള പൂര്‍ണ്ണ സഹായം റോഡ് നിര്‍മ്മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയും വാഗ്ദാനം ചെയ്തു. ഒടുവില്‍ ഇന്നലെ ആ അപൂര്‍വ്വ പറിച്ച് നടലിന് നാടും നാട്ടാരും സാക്ഷ്യം വഹിച്ചു.
411
ട്രീ ട്രാന്‍സ്പ്ലാന്‍റേഷന്‍ അനുസരിച്ച് കൊമ്പും ശിഖിരവും ആദ്യം മുറിച്ച് മാറ്റി. പയസ്വിനിയില്‍ കാലം തെറ്റി പൂത്ത പൂവുകള്‍ , കായ്ക്കും മുമ്പേ ദേശീയ പാതയില്‍ വീണു.
511
പിന്നെ പതുക്കെ ക്രൈയിന്‍ വച്ച് പറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പതിനാറ് വര്‍ഷത്തെ താഴ്ചയിലേക്കിറങ്ങിയ അവളുടെ വേരുകള്‍ അത്ര പെട്ടെന്നൊന്നും പറിഞ്ഞു വന്നില്ല.
611
ഒടുവില്‍ ജെസിബി ഉപയോഗിച്ച് മാവിന്‍ ചുവട്ടിലെ മണ്ണ് മാറ്റി. വേരുകള്‍ക്ക് കൂടുതല്‍ നാശമുണ്ടാക്കാതെ അടിമണ്ണോടു കൂടി മാവിനെ ഉയര്‍ത്തി.
711
പിന്നെ ആഘോഷമായി രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള അടുക്കത്ത് ബയല്‍ ഗവണ്‍മെന്‍റ് യു പി സ്കൂള്‍ വളപ്പിലേക്ക് കൊണ്ടുപോയി.
811
അവിടെ കുരുന്നുകളും അധ്യാപകരും പയസ്വിനിയുടെ വരവിനായി രാവിലെ മുതലേ കാത്ത് നില്‍പ്പുണ്ടായിരുന്നു. പയസ്വിനിയെ അവര്‍ പുഷ്പവൃഷ്ടി നടത്തിയാണ് എതിരേറ്റത്.
911
ഒടുവില്‍ സ്കൂള്‍ ഗ്രൗണ്ടിന് സമീപം തയ്യാറാക്കിയ കുഴിയില്‍ പയസ്വിനിയെ നട്ടു. ഏഴ് മണിക്കുറുകള്‍ക്ക് ശേഷമായിരുന്നു ഈ പറിച്ച് നടല്‍ പൂര്‍ത്തിയായത്.
1011
ഇനി കരുന്നുകള്‍ പയസ്വിനിയുടെ കൂട്ടുകാരാകും. അവരുടെ പാട്ടും ചിരിയും കരച്ചിലും അവളില്‍ പുതിയ നാമ്പുകള്‍ വിരിയിക്കും. വാഹനങ്ങളുടെ ബഹളമില്ലാതെ ചൂടും പുകയുമേല്‍ക്കാതെ കുരുന്നുകളുടെ കൊഞ്ചലുകളില്‍ അവളിലിനി മധുരമൂറുന്ന മാങ്ങകള്‍ കായിക്കും.
1111
സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മളുറുന്ന ആ മധുരഫലങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് അടുക്കത്ത് ബയല്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ കുരുന്നുകള്‍.