ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. മണ്ഡലത്തിലെ വിവിധ കമ്മറ്റികളിൽ നിന്നുള്ള വനിതകളടക്കം നിരവധി പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.
കൊല്ലം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിന് പിന്നാലെ പത്തനാപുരത്ത് വ്യാപക പ്രതിഷേധം. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. മണ്ഡലത്തിലെ വിവിധ കമ്മറ്റികളിൽ നിന്നുള്ള വനിതകളടക്കം നിരവധി പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. മാർച്ച് പോലീസ് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സമരം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കളായ സുഭാഷ് പട്ടാഴി ആലഞ്ചേരി ജയചന്ദ്രൻ വിളക്കുടി ചന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ താൻ നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.


