Published : Aug 25, 2020, 01:19 PM ISTUpdated : Aug 25, 2020, 01:25 PM IST
15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേരളത്തിലെ ഒരു സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. അതിനിടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലെയും അവിശ്വാസ പ്രമേയങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍, എംഎല്‍എമാരെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒളിപ്പിച്ച് താമസിപ്പിച്ചുള്ള ആ അവിശ്വാസ പ്രമേയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇന്നലെ കേരള നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച. ആ വ്യത്യസ്തതയില്‍ കേരളത്തില്‍ ഇന്നലെ നടന്ന അവിശ്വാസ പ്രമേയം ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും മഹത്തായ കാര്യമായി പലരും എടുത്ത് കാണിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും കൃത്യമായ മറുപടി പറയാതെ തന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ കരുത്തില്‍ മുഖ്യമന്ത്രിയും ഇടത്പക്ഷവും പ്രതിപക്ഷ ആരോപണങ്ങളെ പാടെ തള്ളിക്കളയുകയായിരുന്നു. സര്‍ക്കാര്‍ ചെയ്ത ക്ഷേമപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വാതോരാതെ സംസാരിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്‍റെ ചോദ്യം ചെയ്യാനുള്ള ആര്‍ജവത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിത്തയ്യാറാക്കി വായിച്ച തന്‍റെ പ്രസംഗത്തിലൂടെ ഇല്ലാതാക്കിയത്. ഭരണപക്ഷത്തിനെതിരെ രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തന്നെ അപകടത്തിലാക്കുന്ന സ്വര്‍ണ്ണക്കടത്ത് ആരോപണം, ലൈഫ് ഭവന പദ്ധതിയിലെ അഴിമതി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയത് സംബന്ധിച്ച അഴിമതി, പിപിഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ വാങ്ങിയതിലെ അഴിമതി, തിരുവനന്തപുരം വിമാനത്താവള കണ്‍സെല്‍ടെന്‍സി ആരോപണം, സ്പ്രിംക്ളർ, ബെവ്കോ, പമ്പ മണലെടുപ്പ് അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ അഴിമതിയാരോപണങ്ങളും പ്രതിപക്ഷ എംഎല്‍എയായ വി ഡി സതീശനെതിരായ വിദേശയാത്രാ അഴിമതിയാരോപണവും ഇന്നലെ സഭയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഈ ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടി പറയാനോ, അതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകുകയോ ചെയ്തില്ല. മറിച്ച് പ്രതിപക്ഷ ആരോപണങ്ങളെ വാക് ചാതുര്യം കൊണ്ട് നേരിടുകയായിരുന്നു ഭരണപക്ഷം ചെയ്തത്. ഈ രാഷ്ട്രീയ വേര്‍തിരിവ് ട്രോളിലും പ്രകടമായിരുന്നു. എങ്കിലും ചില ട്രോളുകള്‍ ഇരുപക്ഷത്തെയും ചോദ്യം ചെയ്യുന്നു. കാണാം ആ ട്രോളുകള്‍.