ഒരു മത്സരത്തില്‍ തന്നെ സ്പിന്നും പേസും ഒരുപോലെ എറിഞ്ഞ ആറ് താരങ്ങള്‍

First Published Apr 27, 2020, 10:39 PM IST

ക്രിക്കറ്റില്‍ പേസ് ബൗളര്‍മാരും സ്പിന്നര്‍മാരുമുണ്ട്. പേസിലും സ്പിന്നിലും ഉപവിഭാഗങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഒരു മത്സരത്തില്‍ തന്നെ പേസ് ബൗളറായും സ്പിന്നറായും തിളങ്ങുന്ന അപൂര്‍വം ബൗളര്‍മാരെയുളളു. അവരില്‍ ചിലരാണ് ഇവിടെ.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: ഓഫ് സ്പിന്നും ലെഗ് സ്പിന്നും മീഡിയം പേസും എല്ലാം വഴങ്ങുന്ന ഒരു ബൗളറുടെ പേര് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കരിയറിന്റെ തുടക്കത്തില്‍ മീഡിയം പേസെറിഞ്ഞ സച്ചിന്‍ പിന്നീട് ലെഗ് സ്പിന്നറായും ഓഫ് സ്പിന്നറായും മാറി. പേസിനെ തുണക്കുന്ന പിച്ചില്‍ മീഡിയം പേസ് എറിയുന്ന സച്ചിന്‍ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നിലേക്ക് മാറും. കൊച്ചിയിലാണ് സച്ചിനിലെ ബൗളറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം പിറന്നത്.
undefined
മനോജ് പ്രഭാകര്‍: ഇന്ത്യ പേസ് ബൗളിംഗിന്റെ കുന്തമുനയായിരുന്നു ഒരുകാലത്ത് മനോജ് പ്രഭാകര്‍ 1992ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍. എന്നാല്‍ ഇന്ത്യയില്‍ നടന്ന 1996ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പ്രഭാകര്‍ ഓഫ് സ്പിന്നറായിട്ടുണ്ട്. ഇന്ത്യ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്കായി സനത് ജയസൂര്യ സംഹാര താണ്ഡവമാടിയപ്പോള്‍ ശ്രീലങ്ക ഏഴോവറില്‍ 71 റണ്‍സിലെത്തി.ആദ്യ രണ്ടോവര്‍ മീഡിയം പേസ് എറിഞ്ഞ പ്രഭാകറിനെതിരെ ജയസൂര്യ 33 റണ്‍സാണ് അടിച്ചെടുത്തത്. അതിനുശേഷം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രഭാകറെ പിന്‍വലിച്ചു. എന്നാല്‍ പകരം ബൗളറില്ലാത്തതിനാല്‍ കുറച്ച് ഓവറുകള്‍ക്കുശേഷം പ്രഭാകറെ അസ്ഹര്‍ തിരികെ വിളിച്ചു. ഇത്തവണ മീഡിയം പേസിന് പകരം ഓഫ് സ്പിന്നാണ് പ്രഭാകര്‍ എറിഞ്ഞത്. രണ്ടോവര്‍ ഓഫ് സ്പിന്‍ എറിഞ്ഞ പ്രഭാകര്‍ 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാലോവറില്‍ 47 റണ്‍സ് വഴങ്ങിയ പ്രഭാകറുടെ കരിയറിന് അവസാനം കുറിച്ചതും ആ മത്സരമായിരുന്നു. മത്സരം ലങ്ക ആറ് വിക്കറ്റിന് ജയിച്ചു.
undefined
കോളിന്‍ മില്ലര്‍: ഓസ്ട്രേലിയന്‍ ബൗളറായ കോളിന്‍ മില്ലര്‍ ഓഫ് സ്പിന്നറും മീഡിയം പേസ് ബൗളറുമാണ്. 2000ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ബൗളിംഗിനെത്തിയ മില്ലര്‍ ഇടംകൈയനായ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗിന് ആദ്യ നാലു പന്തുകള്‍ ഓഫ് സ്പിന്‍ എറിഞ്ഞു. സിംഗിളെടുത്ത് ഫ്ലെമിംഗ് നോണ്‍ സ്ട്രൈക്കറായതോടെ സ്ട്രൈക്കിലെത്തിയ വലം കൈയനായ മാത്യു സിംക്ലയറിന് പിന്നീട് നേരിടേണ്ടിവന്നത് മില്ലറുടെ മീഡിയം പേസിനെ ആയിരുന്നു.വെറുതെ മീഡിയം പേസറായതല്ല, സിംക്ലയറെ മില്ലര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. ഒരോവറില്‍ പേസും സ്പിന്നും എറിയുന്ന സിംക്ലയറെ കണ്ട് കമന്റേറ്റര്‍മാര്‍ പോലും അന്തം വിട്ടു.
undefined
ആന്‍ഡ്ര്യു സൈമണ്ട്സ്: ഓസ്ട്രേലിയയുടെ എണ്ണം പറഞ്ഞ ഓള്‍ റൗണ്ടറായിരുന്നു ആന്‍ഡ്ര്യു സൈമണ്ട്സ്. ഒരു മത്സരത്തില്‍ തന്നെ മീഡിയം പേസും ഓഫ് സ്പിന്നും ഒരുപോലെ എറിയുന്ന സൈമണ്ട്സ് പക്ഷെ അമിത മദ്യപാനവും പെരുമാറ്റ പ്രശ്നങ്ങളും മൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാതെ വിരമിച്ചു.
undefined
സൊഹൈല്‍ തന്‍വീര്‍: ഐപിഎല്ലിന്റെ ആദ്യ സീസണില്‍ 14 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത് തരംഗമായ ഇടം കൈയന്‍ പാക് പേസറാണ് സൊഹൈല്‍ തന്‍വീര്‍. തലയ്ക്ക് മീതെയുള്ള പ്രത്യേക ആക്ഷനില്‍ പന്തെറിയുന്ന തന്‍വീര്‍ പക്ഷെ ഒരിക്കല്‍ സ്പിന്നറുമായിട്ടുണ്ട്. 2007ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ- പാക് ടെസ്റ്റില്‍ പേസര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതായതോടെയാണ് ഇടം കൈയന്‍ സ്പിന്നെറിഞ്ഞ് തന്‍വീര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
undefined
കഴ്സണ്‍ ഗാവ്റി: ബൗളിംഗില്‍ കപില്‍ ദേവിന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്നു ഗാവ്‌റി. എന്നാല്‍ ഇടം കൈയന്‍ സ്പിന്നിലൂടെ ഗാവ്‌റി ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുത്തിട്ടുണ്ട്. 1977ല്‍ ഇംഗ്ലണ്ടിനെതിരെ ബോംബെ ടെസ്റ്റിലായിരുന്നു അത്. ഇന്ത്യയുടെ സ്പിന്‍ത്രയമായ ബി എസ് ചന്ദ്രശേഖറും പ്രസന്നയും ബിഷന്‍ സിംഗ് ബേദിയും പരാജയപ്പെട്ടിടത്തായിരുന്നു ഇടം കൈയന്‍ സ്പിന്നറായി വന്ന് ഗവ്‌റി അഞ്ച് വിക്കറ്റെടുത്തത്. ക്യാപ്റ്റനായിരുന്ന ബേദി ബ്രേക്ക് എടുത്ത് ഗ്രൗണ്ട് വിട്ടപ്പോള്‍ ക്യാപ്റ്റന്റെ ചുമതലവഹച്ച സുനില്‍ ഗവാസ്കറാണ് ഗവ്‌റിയെക്കൊണ്ട് ഇടം കൈയന്‍ സ്പിന്‍ എറിയിച്ചത്. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 152-7ല്‍ നില്‍ക്കെ കളി സമനിലയിലായി.
undefined
click me!