Machinegun-carrying Robots: അതിര്‍ത്തിയില്‍ സായുധ റോബോട്ടുകളെ വിന്യസിച്ച് ചൈന

First Published Dec 30, 2021, 3:29 PM IST

തിര്‍ത്തികളില്‍ സൈനീകര്‍ക്ക് പകരം യന്ത്രത്തോക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരം റോബോട്ടുകള്‍ സ്ഥാപിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കഠിനമായ തണുപ്പുള്ളതും അതീവ ദുര്‍ഘടവുമായ ഹിമാലയം പോലുള്ള പ്രദേശങ്ങളിലെ യുദ്ധ നീക്കങ്ങളില്‍ തങ്ങളുടെ സൈനീകര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു നീക്കവുമായി ചൈന മുന്നോട്ട് പോയത്. ഇന്ത്യന്‍, ടിബറ്റന്‍ അതിര്‍ത്തികളിലാണ് ഇത്തരമൊരു നീക്കത്തിന് ചൈന മുന്‍കൈയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇപ്പോള്‍ തന്നെ ചൈനയുടെ ആളില്ലാ വാഹനങ്ങള്‍ വിന്യസിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കനത്ത മഞ്ഞ് മൂടിയ ഹിമാലയത്തിന്‍റെ സാന്നിധ്യത്തിലാണ് ഇന്ത്യയുമായും ടിബറ്റുമായും ചൈന അതിര്‍ത്തി പങ്കിടുന്നത്. ഇത്തരം ഉയര്‍ന്ന പ്രദേശങ്ങളില്‍ യുദ്ധം ചെയ്യാന്‍ തങ്ങളുടെ സൈനീകര്‍ക്ക് ശാരീരിക ക്ഷമതയില്ലെന്ന തരിച്ചറിവിലാണ് ആയുധധാരികളായ റോബോട്ടുകളെ രംഗത്തിറക്കാന്‍ ചൈന തീരുമാനിച്ചത്. 

ഉയര്‍ന്ന പ്രദേശങ്ങളില്‍ റോബോട്ടുകള്‍ക്ക് കൂറെ കൂടി കൃത്യമായി ഇടപെടാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് പുതിയ ആയുധങ്ങളുമായി രംഗത്തെത്താന്‍ ചൈനയെ പ്രേരിപ്പിച്ചത്. ഇത്തരം ആയുധങ്ങളിലെല്ലാം വിദൂര നിയന്ത്രണ സംവിധാനം ഘടിപ്പിക്കപ്പെതാണ്. 

നിലവില്‍ ടിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍  ആയുധങ്ങളും വസ്തുക്കളും വഹിക്കാൻ ശേഷിയുള്ള ഡസൻ കണക്കിന് ആളില്ലാ വാഹനങ്ങൾ ചൈന അയച്ചു കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ സൈനികരുമായി ചൈനീസ് സൈന്യം ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന അതിർത്തി പ്രദേശങ്ങളിൽ ഭൂരിഭാഗം പ്രദേശത്തും ഇത്തരം നൂതന ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

ഇത്തരം വാഹനങ്ങളിൽ ഷാർപ്പ് ക്ലാവും (Sharp Claws military vehicle) ഉൾപ്പെടുന്നു. ഇത് ഒരു ലൈറ്റ് മെഷീൻ ഗൺ ഘടിപ്പിച്ചതും വയർലെസ് ആയി പ്രവർത്തിപ്പിക്കാവുന്നതുമായ മ്യൂൾ-200 (Mule-200)ആണ്. ആളില്ലാ വാഹനമായി രൂപകൽപ്പന ചെയ്‌തതാണ് ഇവ. അതോടൊപ്പം ഇവയില്‍ ആയുധങ്ങൾ ഘടിപ്പിക്കാനും അവ നിയന്ത്രിക്കാനും സാധിക്കുന്നു. 

ഹിമാലയത്തിൽ ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള ടിബറ്റന്‍ അതിര്‍ത്തിയിലേക്ക് ഇത്തരത്തിലുള്ള 88 വാഹനങ്ങളാണ് ചൈന അയച്ചിരിക്കുന്നത്. അതിൽ 38 എണ്ണം അതിർത്തി മേഖലയില്‍ വിന്യസിച്ചു കഴിഞ്ഞെന്നും ടൈംസ് ന്യൂസ് നൗ അവകാശപ്പെട്ടു. 

ഏകദേശം 120 മ്യൂൾ-200 എങ്കിലും ടിബറ്റന്‍ അതിര്‍ത്തിയിലേക്ക് ചൈന അയച്ചിട്ടുണ്ടാകാമെന്ന് ന്യൂസ് നൗ റിപ്പോർട്ട് ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും അതിർത്തി പ്രദേശത്ത് വിന്യസിക്കപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആളില്ലാ വാഹനങ്ങൾക്ക് പുറമേ, 70 VP-22 എന്ന കവചിത ട്രൂപ്പ് ട്രാൻസ്പോർട്ടുകളും ചൈനീസ് സൈന്യം അതിര്‍ത്തികളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍  47 വാഹനങ്ങള്‍ അതിർത്തികളില്‍ വിന്യസിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

150 ലിങ്ക്സ്  (150 Lynx) എന്ന എല്ലാ ഭൂപ്രദേശത്തും ഉപയോഗിക്കാന്‍ കഴിയുന്നതരം വാഹനങ്ങളും അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിങ്ക്സ് വൈവിധ്യമുള്ള വാഹനമാണ്. കുറച്ച് സൈനീകരെ പെട്ടെന്ന് അതിര്‍ത്തികളില്‍ എത്തിക്കാന്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. 

അതോടൊപ്പം ഹോവിറ്റ്‌സർ (howitzers), ഹെവി മെഷീൻ ഗൺ (heavy machine guns), മോർട്ടാറുകൾ അല്ലെങ്കിൽ മിസൈൽ ലോഞ്ചറുകൾ (mortars or missile launchers) എന്നിവയുൾപ്പെടെ വിവിധ ആയുധ സംവിധാനങ്ങൾ ഘടിപ്പിക്കാനോ ഉപയോഗിക്കാനോ ഈ വാഹനമുപയോഗിച്ച് സാധിക്കും.  

ഉയരം കൂടിയ പ്രദേശങ്ങളില്‍ ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൈനീക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരം വാഹനങ്ങളുടെ വിന്യാസമെന്നും റിപ്പോര്‍ട്ട് പറയുന്നു.'

മാത്രമല്ല, 16,000 അടി ഉയരത്തിലേക്ക് സാധനങ്ങളും ആയുധങ്ങളും കൊണ്ട് പോകുമ്പോള്‍ കാലിനും  കണങ്കാലിനുമുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ കാര്‍ബണ്‍-ഫൈബര്‍ സംയുക്ത എക്സോസ്കെലിറ്റൺ (carbon-fibre exoskeletons) സ്യൂട്ടുകളും ചൈന സൈനീകര്‍ക്ക് വിതരണം ചെയ്തു. 

ഉയരം കൂടുമ്പോള്‍ ഉണ്ടാകുന്ന ഓക്‌സിജന്‍റെ അഭാവത്തില്‍ സൈനികർക്ക് ഭാരക്കൂടുതൽ അനുഭവപ്പെട്ടുന്നു. 'ഇത്തരത്തിലുള്ള സ്യൂട്ട് ഉയർന്ന ഉയരത്തിൽ പ്രത്യേകിച്ചും സഹായകമാണ്,' കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ചൈനീസ് സൈനിക വിദഗ്ധൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. 

ചൈനയും ഇന്ത്യയും ദശാബ്ദങ്ങളായി 'ലൈൻ' എന്നറിയപ്പെടുന്ന തങ്ങളുടെ അതിർത്തിയിൽ സംഘർഷത്തിലാണ്. അത്യധികം വരണ്ടതും, വിദൂരവുമായ ഈ പ്രദേശത്ത് ചൈനയ്ക്ക് എത്തണമെങ്കില്‍ തന്നെ നീണ്ടുകിടിക്കുന്ന തക്‍ലാ മകാന്‍ മരുഭൂമി (Takla Makan Desert) താണ്ടേണ്ടതുണ്ട്. 

ഈ മരുഭൂമിയില്‍ വനവത്ക്കരണവും റോഡ് നിര്‍മ്മാണവും ചൈന വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ആയിരക്കണക്കിന് കിലോീമീറ്റര്‍ നീളത്തില്‍ നാല് വരിപാതയാണ് തക്‍ലാ മകാന്‍ മരുഭൂമിയില്‍ ചൈന ഇതിനകം നിര്‍മ്മിച്ചിരിക്കുന്നത്. പ്രായോഗിക മൂല്യം കുറവാണെങ്കില്‍ അതിര്‍ത്തികളില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനീസ് സൈനീക തന്ത്രത്തിന്‍റെ ഭാഗമാണ് ഈ പ്രവര്‍ത്തികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കില്ലെന്ന ഇരുരാജ്യങ്ങളുടെയും കരാര്‍.  2020 ല്‍ അതിര്‍ത്തിയില്‍ ഇന്ത്യാ - ചൈനാ സംഘര്‍ഷം രൂക്ഷമായ കാലത്തും ഇരുസൈന്യവും തോക്ക് ഉപയോഗിച്ചിരുന്നില്ല. പകരം മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗവും നടത്തിയ അക്രമണത്തില്‍ നിരവധി സൈനീകര്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടു. '

ഇന്ത്യ പ്രകോപിച്ചെന്ന് ചൈനയും ചൈനീസ് സൈനീകരാണ് ആദ്യം പ്രകോപനം നടത്തിയതെന്ന് ഇന്ത്യയും ആരോപിച്ചു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങളില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വന്‍ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തുന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കി. 

ഇന്ത്യയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ചില നിര്‍മ്മാണങ്ങള്‍ ചൈന പൊളിച്ച് കളഞ്ഞത് സംഘര്‍ഷം ലഘൂകരിച്ചെങ്കിലും വീണ്ടുമൊരു സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്‍റെ ഫലമായി ഇന്ത്യ ചില ചൈനീസ് ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയും ചൈനയുമായുള്ള വ്യാപാരബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 

തായ്‍വാന്‍, ടിബറ്റ്, ഇന്ത്യ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായി ചൈന നിരന്തരം അതിര്‍ത്തി സംഘര്‍ഷത്തിലാണ്. അതിനാല്‍ തന്നെ ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന സൈനീക സാന്നിധ്യത്തെ നേരിടാന്‍ ഇന്ത്യ, ജപ്പാന്‍ - ഓസ്ട്രേലിയ - യുഎസ് സൈനീക സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

click me!