ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ഒരു സവിശേഷ ഫീച്ചർ എത്തി. ഉപയോക്താക്കൾക്ക് ഇപ്പോൾ വോയ്‌സ് അല്ലെങ്കിൽ ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ വഴി ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ കഴിയും. എഐയിൽ പ്രവർത്തിക്കുന്ന ഈ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറിനെ കുറിച്ചറിയാം.
ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിച്ച വിവരം പ്രഖ്യാപിച്ചത്. ഈ പുതിയ സവിശേഷതയുടെ ഏറ്റവും വലിയ പ്രത്യേകത, ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉപകരണങ്ങളോ സെറ്റിംഗ്‍സുകളോ ഉപയോഗിക്കേണ്ടതില്ല എന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഫോട്ടോയിൽ എന്ത് മാറ്റങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വോയ്‌സ് അല്ലെങ്കിൽ ടെക്സ്റ്റ് വഴി നിര്‍ദ്ദേശം നല്‍കിയാല്‍ മതി. ഗൂഗിളിന്‍റെ ഏറ്റവും ശക്തമായ എഐ മോഡൽ ജെമിനിയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഫോട്ടോയിൽ എന്താണ് മാറ്റേണ്ടതെന്ന് ഉപയോക്താവ് പറഞ്ഞാലുടൻ എഐ ആ നിർദ്ദേശം മനസിലാക്കുകയും എഡിറ്റിംഗ് ആരംഭിക്കുകയും ചെയ്യും.
26
ഫോട്ടോ എഡിറ്റിംഗ് സുരക്ഷിതമായിരിക്കും
ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ, ഡിഫോൾട്ട് ഗാലറി ആപ്പ് അധികം ഫോട്ടോ എഡിറ്റിംഗ് ഓപ്ഷനുകൾ നൽകുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പലരും തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഈ തേർഡ് പാർട്ടി ആപ്പുകൾ നിങ്ങളുടെ ഫോട്ടോകൾ സംഭരിക്കുക മാത്രമല്ല, ചിലപ്പോൾ വ്യാജ ആപ്പുകൾ നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഒരു പ്രധാന ന്യൂനത ഗൂഗിൾ പരിഹരിച്ചിരിക്കുന്നത്. ഉപയോക്തൃ സ്വകാര്യത മനസ്സിൽ വെച്ചുകൊണ്ടാണ് ഗൂഗിൾ ഫോട്ടോസിലെ ഈ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
36
ഇനി നിങ്ങളുടെ ഫോട്ടോ വാക്കുകൾ ഉപയോഗിച്ച് മാറ്റാം
ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് ഇപ്പോൾ ഗൂഗിൾ ഫോട്ടോസിനോട് പശ്ചാത്തലം ബ്ലർ ചെയ്യുന്നതിനോ ഫോട്ടോയിലെ ലൈറ്റിംഗ് മെച്ചപ്പെടുത്താനോ വാക്കാല്‍ ആവശ്യപ്പെടാം. ഒരു ഫോട്ടോ നേരെയാക്കുക, നിഴലുകൾ ശരിയാക്കുക, നിറങ്ങൾ വർധിപ്പിക്കുക എന്നിങ്ങനെ ഒരൊറ്റ കമാൻഡിൽ ഒന്നിലധികം മാറ്റങ്ങൾ വരുത്താനും കഴിയും. പ്രൊഫഷണൽ ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ അറിയില്ലാത്ത സാധാരണക്കാർക്ക് പോലും ഫോട്ടോ എഡിറ്റിംഗ് ഇനി എളുപ്പമാകുമെന്നും ഗൂഗിൾ പറയുന്നു.
പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫോട്ടോയിലെ ആളുകളിൽ മാറ്റങ്ങൾ വരുത്താൻ അഭ്യർഥിക്കാം. ഉദാഹരണത്തിന് ഒരു സുഹൃത്തിന്‍റെ കണ്ണട നീക്കം ചെയ്യുക, അവരുടെ കണ്ണുകൾ തുറക്കുക, അല്ലെങ്കിൽ ഒരു പുഞ്ചിരി ചേർക്കുക തുടങ്ങിയ കമാൻഡുകൾ വാക്കാൽ നൽകാം. കൂടുതൽ കൃത്യവും വ്യക്തിപരവുമായ എഡിറ്റുകൾ നടത്താൻ നിങ്ങളുടെ സ്വകാര്യ ഫെയിസ് ഗ്രൂപ്പുകളിൽ നിലവിലുള്ള ഫോട്ടോകൾ ആണ് എഐ ഉപയോഗിക്കുന്നത്. ഇത് ഫോട്ടോകളിലെ ആളുകളുടെ മുഖങ്ങളും ഭാവങ്ങളും സ്വാഭാവികമായി നിലനിർത്തുന്നുവെന്ന് ഗൂഗിൾ പറയുന്നു. പ്രത്യേകിച്ച് ചെറിയ വിശദാംശങ്ങൾ പലപ്പോഴും നഷ്‌ടമാകുന്ന ഗ്രൂപ്പ് ഫോട്ടോകളിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാകും.
56
ഈ സവിശേഷത ആർക്കൊക്കെ ലഭിക്കും?
ഗൂഗിള്‍ ഫോട്ടോസിലെ ഈ പുതിയ എഐ എഡിറ്റിംഗ് സവിശേഷത ഇന്ത്യയിലെ ആൻഡ്രോയ്‌ഡ് ഫോണ്‍ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇതിനായി കുറഞ്ഞത് 4 ജിബി റാമും ആൻഡ്രോയ്‌ഡ് 8.0 അല്ലെങ്കിൽ ഉയർന്ന പതിപ്പും ഉള്ള ഫോണുകൾ ആവശ്യമാണ്. നിലവിൽ ഈ ഫീച്ചർ ഇംഗ്ലീഷിനൊപ്പം ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, ഗുജറാത്തി ഭാഷകളിലും ലഭ്യമാണ്. ഇത് വിശാലമായ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഫീച്ചര്‍ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു.
66
ഫോട്ടോകൾ എങ്ങനെ എഡിറ്റ് ചെയ്യാം?
1. ഗൂഗിൾ ഫോട്ടോസിന്‍റെ ഈ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങൾ ആദ്യം ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
2. ആപ്പ് തുറന്നതിനുശേഷം, നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ഫോട്ടോ തിരഞ്ഞെടുക്കുക
3. ഇതിനുശേഷം, നിങ്ങൾ എഡിറ്റ് ഓപ്ഷനിലേക്ക് പോയി "ഹെൽപ്പ് മി എഡിറ്റ്" എന്നതിൽ ടാപ്പ് ചെയ്യുക
4. ഫോട്ടോയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് ഇവിടെ നിങ്ങൾക്ക് പറഞ്ഞുനല്‍കുകയോ എഴുതുകയോ ചെയ്യുക
5. തുടർന്ന് നിങ്ങൾക്ക് പുതിയ ഫോട്ടോ (എഡിറ്റ് ചെയ്യപ്പെട്ടത്) സേവ് ചെയ്യാം.