Kerala High Altitude Rescue Team: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ട; ഞങ്ങളുണ്ട്

First Published Feb 22, 2022, 11:54 AM IST

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സമ്പന്നമാണ് കേരളം. എന്നാല്‍, ആ കാഴ്ചകളെല്ലാം  ആസ്വദിക്കാന്‍ നമുക്ക് കഴിയാറില്ല. കാരണം, പാലക്കാട് കുറുമ്പാച്ച് മല കയറിയ ബാബു പാറയിടുക്കില്‍ കുടുങ്ങിയതിന് പിന്നാലെ മലകയറ്റം തന്നെ നിരോധിക്കുന്ന വകുപ്പുകളാണ് ഇവിടെയുള്ളതെന്നത് തന്നെ. എന്നാല്‍, ഇത്തരത്തിലെ ദുര്‍ഘടങ്ങളെ ഇനി ഭയക്കേണ്ടതില്ലെന്നും എന്തിനും തയ്യാറായി തങ്ങളിവിടുണ്ടെന്നും ഉറച്ച മനസോടെ പറയുന്ന ഒരു സംഘം കേരളാ പൊലീസിലുണ്ട്. അവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീം (High Altitude Rescue Team). കേരളത്തിന്‍റെ സ്വന്തം രക്ഷകര്‍. ആ രക്ഷകരെ കുറിച്ചുള്ള റിപ്പോര്‍ട്ടും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

2020 ലെ പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായൊരു ടീം വേണമെന്ന് കേരളാ പൊലീസ് ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായി അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റ,  ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമിന് രൂപം നല്‍കി. ഇതിനായി പൊലീസ് സേനയില്‍ നിന്ന് 15 പേരെയാണ് തെരഞ്ഞെടുത്തത്. ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്നുള്ള കമോന്‍റോകളെത്തിച്ച് ഇവര്‍ക്ക് നൂറ് ദിവസത്തെ കഠിന പരിശീലനം നല്‍കി. 

കാലാവസ്ഥയുമായി ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടികള്‍ മാറ്റുക, അതുപോലെ തന്നെ വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍, അതായത് കൊക്കകള്‍, ഉയര്‍ന്ന മലനിരകള്‍, മണ്ണിടിച്ചില്‍ പ്രദേശങ്ങള്‍, അതിശക്തമായി വെള്ളമൊഴുകുന്ന പുഴകള്‍ എന്നിവ എങ്ങനെ അപകടരഹിതമായി കടക്കാമെന്നത് സംമ്പന്ധിച്ച പരിശീലനമാണ് പ്രധാനമായും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഏത് സങ്കീര്‍ണ്ണഘട്ടത്തിലുള്ളമുള്ള രക്ഷാപ്രവര്‍ത്തനവും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീം അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പരിശീലനത്തിന്‍റെ ഭാഗമായി ലഭിച്ച് അറിവുപയോഗിച്ച് കഴിഞ്ഞ തവണ കൂട്ടിക്കലിലുണ്ടായ മണ്ണിടിച്ചിലിനിടെയില്‍ നിന്നും 15 ഓളം പേരെ ഞങ്ങള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഭൂപ്രദേശത്തിന്‍റെ ഉയരം, താഴ്ച്ച എന്നിവ ഞങ്ങളെ സംബന്ധിച്ച് പ്രയാസമുള്ള ഒന്നല്ല. ഇത്തരത്തിലെന്തെങ്കിലും അപകട്ടില്‍പ്പെട്ടവരെ നിഷ്പ്രയാസം രക്ഷപ്പെടുത്താന്‍  ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

90 ഡിഗ്രിയിലോ 180 ഡിഗ്രിയിലോ ചരിഞ്ഞ പ്രദേശമാണങ്കില്‍ പോലും പോറലില്ലാതെ ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും റെസ്ക്യൂ ടീം അവകാശപ്പെട്ടു. 

മിലിറ്ററി ചെയ്യുന്ന എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും തങ്ങള്‍ക്കും കഴിയുമെന്നും എന്നാല്‍, അവരുടേത് പോലെ ഒരു അക്രമണമോ ശത്രുവോ നമ്മുക്കില്ലെന്നും റസ്ക്യൂ ടീം പറയുന്നു. അപകടത്തില്‍പ്പെടുന്ന ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ഉപകരണങ്ങളും ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമിന്‍റെ പക്കലുണ്ട്. 

മനുഷ്യ ജീവനാണ് അത്തരമൊരു സന്ദര്‍ഭത്തില്‍ പ്രധാനം. ഇത് പോലെ സങ്കീര്‍ണ്ണമായ  അവസ്ഥകളില്‍ പ്രായോഗികമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉഷ്ണമേഖല പ്രദേശമായ കേരളത്തിന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയും ഉയരവുമുള്ള കുട്ടിക്കാനത്തെ കെ എ പി ക്യാമ്പാണ് ഇവരുടെ ആസ്ഥാനം. സംസ്ഥാനത്തെ വിവിധ ഉയരത്തിലുള്ള മലകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ പ്രദേശങ്ങളിലും ഇവര്‍ ഇതിനകം പരിശീലനം നടത്തിക്കഴിഞ്ഞു. 

നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ ബാബുവിനെ തങ്ങള്‍ക്ക് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ഇതിനായി സൈന്യത്തെ വിളിച്ച് വരുത്തേണ്ട ആവശ്യമില്ലായിരുന്നെന്നും ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീം അവകാശപ്പെട്ടു. 

കുറുമ്പാച്ചി മലയില്‍ ബാബു അകപ്പെട്ട വിവരം വൈകിയാണ് തങ്ങള്‍ക്ക് ലഭിച്ചത്. വിവരമറിഞ്ഞപ്പോള്‍ സര്‍വ്വസന്നാഹങ്ങളുമായി ടീം ഇറങ്ങി. മൂന്ന് മണിക്കൂറെടുത്ത് രാത്രി ഒരു മണിയോടെയാണ് സംഘം സംഭവസ്ഥലത്തെത്തിയത്. 

രണ്ട് മണിക്ക് തന്നെ സൈന്യത്തോടൊപ്പം ഞങ്ങളും മലകയറിത്തുടങ്ങിയിരുന്നു. പുലര്‍ച്ചെ ഏഴ് മണിയോടെ സൈന്യത്തോടൊപ്പം സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തെന്ന് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സ്റ്റാര്‍മോന്‍ ആര്‍ പിള്ള പറഞ്ഞു. 

റസ്ക്യൂ ഓപ്പറേഷനില്‍ കൂടുതലായും ഞങ്ങളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ഏകദേശം നാനൂറ് മീറ്റര്‍ താഴ്ചയില്‍ പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ബാബു.  ഞങ്ങളുടെ കൈയിലുണ്ടായിരുന്ന രണ്ട് ഇരുനൂറ് മീറ്റര്‍ റോപ്പുകള്‍ കൂട്ടിക്കെട്ടിയാണ് ആ രക്ഷാദൗത്യം പൂര്‍ത്തികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊലീസ് സേനയിലെത്തുന്ന എല്ലാവര്‍ക്കും ഇത്തരം റസ്ക്യൂ ഓപ്പറേഷന്‍ പരിശീലനം നല്‍കുന്നതും ഇവരാണ്. കേരളത്തിലിതുവരെയായി 12 ബാച്ച് പരിശീലനം പൂര്‍ത്തീകരിച്ചു. 30 പേരടങ്ങുന്ന സംഘത്തിന് 20 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. 

ഇതുവരെയായി 350 പേരോളം പരീശീലനം പൂര്‍ണ്ണമായും പൂര്‍‌ത്തീകരിച്ചു. ഏതാണ്ട് 1000 ത്തോളം പേര്‍ പരിശീലനം ഭാഗീകമായി പൂര്‍ത്തികരിക്കുകയും ചെയ്തു. കേരളാ പൊലീസ് സേനയിലേക്കുള്ള റിക്രൂട്ടിങ്ങ് സമയത്ത് തന്നെ 'റസ്ക്യൂ' ഒരു നിര്‍ബന്ധിത വിഷയമായി അംഗീകരിക്കുകയും. എല്ലാ പൊലീസുകാര്‍ക്കും ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തെ പരിശീലനവും നല്‍കി വരുന്നു. 

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലുള്ളവര്‍ക്കും, ക്യാംപുകളിലുള്ളവര്‍ക്കും ഇത് സംബന്ധിച്ച പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാം തന്നെ അതത് ആവശ്യത്തിന് ഉപയോഗിക്കുന്ന വ്യത്യസ്തമായ ഉപകരണങ്ങളാണ്. 

ഉകരണങ്ങളുടെ ക്വാളിറ്റി നിര്‍ബന്ധമാണ്. ഉപകരണങ്ങള്‍ അപകട സ്ഥലത്തെത്തിക്കാന്‍ ആവശ്യമായ ഒരു പിക്കപ്പ് ലഭിക്കുകയാണെങ്കില്‍ കുറച്ച് കൂടി വേഗത്തില്‍ ഇത്തരം റക്യൂ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളുള്ളിടത്ത് എത്തിചേരുന്നതിനുള്ള പ്രശ്നവും ഓരോ വ്യക്തിയും 30 കിലോയോളം ഭാരമുള്ള രക്ഷാ ഉപകരണങ്ങള്‍ ചുമന്നെത്തിക്കുമ്പോഴുണ്ടാകുന്ന കാലതാമസവും ഇതുവഴി ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

undefined
click me!