സൂര്യകാന്തി; 'പാടം പൂത്തത് പോലെ' സുന്ദരപാണ്ഡ്യപുരം

Published : Aug 20, 2022, 11:06 AM ISTUpdated : Aug 20, 2022, 12:59 PM IST

സുന്ദരമാണ് സുന്ദരപാണ്ഡ്യപുരം. ആഗസ്റ്റ് മാസമാകുമ്പോഴേക്കും സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൂര്യനെ മാത്രം ധ്യാനിച്ച് സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞ് നില്‍ക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓഗസ്റ്റ് മാസത്തില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന്  ഓരോ ദിവസവും അതിര്‍ത്തി കടന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നത് നൂറ് കണക്കിന് വാഹനങ്ങളാണ്. പൂത്ത് നില്‍ക്കുന്ന പാടത്ത് പിന്നെ സെല്‍ഫികളും ഫോട്ടോഷൂട്ടും തകൃതി. സുന്ദരപാണ്ഡ്യപുരം കാഴ്ചകള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്. 

PREV
110
സൂര്യകാന്തി; 'പാടം പൂത്തത് പോലെ' സുന്ദരപാണ്ഡ്യപുരം

കേരളത്തിന്‍റെ സ്വന്തം ഓണക്കാലം പൊടിപൊടിക്കാന്‍ അധ്വാനിക്കുന്നത് തമിഴ്നാട്ടുകാരാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ തമിഴ്നാട്ടില്‍ നിന്നും കൊണ്ട് വന്നിട്ട് വേണം മലയാളിക്ക് ഓണമാഘോഷിക്കാന്‍. പൂക്കളുടെ ഉത്സവകാലമായ ഓണക്കാലത്ത് പാടവരമ്പത്തും പറമ്പുകളിലും തൊടികളിലും വിരിഞ്ഞ് നില്‍ക്കുന്ന പേരറിഞ്ഞതും അറിയാത്തതുമായ പൂവുകളായിരുന്നു മുറ്റങ്ങളിലെ ഓണപ്പൂക്കളങ്ങളില്‍ നിറഞ്ഞിരുന്നത്. 

210

എന്നാല്‍, കാലം മാറി, കഥ മാറി. പൂക്കളങ്ങളില്‍ നിന്ന് നാടന്‍ പൂക്കളിറങ്ങിപ്പോയി. പകരം തമിഴ്നാട്ടില്‍ നിന്നും കടും നിറങ്ങളുള്ള ജമന്തിപൂക്കളെത്തി മലയാളിയുടെ മുറ്റങ്ങളില്‍ വരച്ച പൂക്കളങ്ങളില്‍ വളയങ്ങള്‍ തീര്‍ത്തു. ഓണക്കാലങ്ങളില്‍ പൂ പാടങ്ങള്‍ കാണാന്‍ സഹ്യനെ വകഞ്ഞ് മാറ്റി മലയാളി തമിഴ്നാട്ടിലേക്ക് കടന്നു. 

310

അവിടെ ജമന്തിയും ചെണ്ട്മല്ലിയും സൂര്യകാന്തിയും മലയാളിയുടെ കണ്ണിന് കുളിര്‍മയേകി. ഇത്തവണയും തമിഴ്നാട്ടിലെ പൂപ്പാടങ്ങളില്‍ സൂര്യകാന്തിപൂക്കള്‍ പൂത്തു കഴിഞ്ഞു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സഞ്ചാരികളൊഴിഞ്ഞ സുന്ദരപാണ്ഡ്യപുരത്ത് ഇപ്പോള്‍ മലയാളി സഞ്ചാരികളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 

410

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപാടം കാണാന്‍ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് പോലും കുടുംബസമേതം സഞ്ചാരികളെത്തുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ തെന്മലയില്‍ നിന്നും ആര്യന്‍കാവ് വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നു. ആര്യന്‍കാവ് ചെക്ക് പോസ്റ്റില്‍ നിന്നും സെങ്കോട്ടയിലേക്ക്. അവിടെ നിന്ന് തെങ്കാശി. 

510

തെങ്കാശിയില്‍ നിന്നും സുന്ദരപാണ്ഡ്യപുരം. തിരുവനന്തപുത്ത് നിന്നാണെങ്കില്‍ തെങ്കാശിക്ക് ബസ് കിട്ടും. രാവിലെ കയറിയാല്‍ മൂന്ന് നാല് മണിക്കൂറ് കൊണ്ട് സുന്ദരപാണ്ഡ്യപുരത്തെത്താം. വൈകീട്ട് തെങ്കാശിയില്‍ നിന്ന് തിരിച്ചും ബസുണ്ട്. സൂര്യാസ്തമയത്തോടെ സുന്ദരപാണ്ഡ്യപുരത്തെ പൂക്കള്‍ മിഴിയടയ്ക്കുമ്പോള്‍ ബസ് തിരുവനന്തപുരം പിടിക്കും. 

610

തെങ്കാശിയില്‍ നിന്ന് ഏതാണ്ടൊരു രണ്ടര കിലോമീറ്റര്‍ കഴിയുമ്പോള്‍ വലത് വശത്തായി ഒരു പാറക്കൂട്ടം ഉയര്‍ന്നുനില്‍ക്കുന്നത് കാണാം. പാറക്കൂട്ടത്തിന് എതിര്‍വശത്ത് വിശാലമായ ജലാശയം.വലത് വശത്ത് അതിലേറെ വിശാലമായ പാടം. രണ്ടിനും ഇടയില്‍ റോഡോരം ചേര്‍ന്ന് തമിഴ്സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്ന ഒരു പാട്ട് ഷൂട്ട് ചെയ്ത സ്ഥലമാണ്. 

710

ഇന്ന് ഈ പാറ അറിയപ്പെടുന്നത് തന്നെ ആ സിനിമയിലെ നായക കഥാപാത്രത്തിന്‍റെ പേരിലാണ്, 'അമ്പി പാറ' അഥവാ 'അന്യന്‍ പാറ'യെന്നും ഈ പാറ അറിയപ്പെടുന്നു. 2005 ല്‍ ഇറങ്ങിയ 'അന്യന്‍' എന്ന സിനിമയിലെ 'അണ്ടക്കാക്ക കൊണ്ടക്കാരി... '  എന്ന പാട്ട് ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. 

810

അന്ന്,  ഈ പാറപ്പുറത്തൊക്കെ തമിഴ് സിനിമയിലെ ഇതിഹാസങ്ങളായ എംജിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. ഇന്നും ആ ചിത്രങ്ങളുടെ ചില വരകള്‍ പാതിയിലേറെ മാഞ്ഞ് നില്‍ക്കുന്നു. അവിടെ നിന്നും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സുന്ദരപാണ്ഡ്യപുരമെന്ന തനി തമിഴ് ഗ്രാമത്തിലേക്കെത്താം. അവിടെ തെപ്പാക്കുളം പിള്ളയാര്‍ അമ്പലത്തിന് പുറകിലായി ഒരു ചെറിയ കുളം കെട്ടിയൊതിക്കിയിട്ടുണ്ട്. 

910

തെപ്പാക്കുളമെന്ന് പേര്. തെപ്പാക്കുളത്തിന്‍റെ ചുറ്റുമതില്‍ക്കെട്ടിന് പടിഞ്ഞാറ് വിശാലമായ സുന്ദരപാണ്ഡ്യപുരം ജലാശയം. ജലാശയത്തിന് പടിഞ്ഞാറ് അതിലേറെ വിശാലയമായ പാടത്ത് സൂര്യനെ ധ്യാനിച്ച് ആയിരക്കണക്കിന് സൂര്യകാന്തിപൂക്കള്‍. അവയ്ക്ക് മുകളില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കാറ്റാടി പാടം. 

1010

ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപ്പൂക്കള്‍ വളര്‍ത്തുന്നുണ്ട്. പേപ്പര്‍നിര്‍മിക്കാനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. അങ്ങനെ അങ്ങനെ പലകാര്യങ്ങളുണ്ടെങ്കിലും ഈ ഓണക്കാലത്ത് മലയാളിക്ക് സൂര്യകാന്തി പാടം കാണണമെങ്കില്‍ സുന്ദരപാണ്ഡ്യപുരം എത്തിയേ പറ്റൂ. സൂര്യകാന്തി പൂ കാണാനെത്തുന്ന മലയാളിയെ കാത്ത് തക്കാളിയും ചെറിയ ഉള്ളികളും ചെറു കിറ്റുകളിലാക്കി റോഡുവശങ്ങളില്‍ കച്ചവടക്കാരുമുണ്ട്. 

Read more Photos on
click me!

Recommended Stories