ഒലിവ് മരങ്ങള്‍ക്കായി കുഴിയെടുക്കവേ ഫലസ്തീന്‍ കര്‍ഷകന്‍ കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൊസൈക്ക് തറയോട്

First Published Sep 21, 2022, 11:00 AM IST

പാലസ്തീനിലെ ഗാസയില്‍ നിന്നും അഞ്ചാം നൂറ്റാണ്ട് മുതല്‍ 7-ാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന, ബൈസന്‍റൈൻ ഫ്ലോർ മൊസൈക്ക് ഉപയോഗിച്ച് അലങ്കരിച്ച ഒരു നടപ്പാത കണ്ടെത്തി. ഗാസ മുനമ്പിലെ ഒലിവ് തോട്ടത്തില്‍ നിന്ന് ഒരു കര്‍ഷകനും അദ്ദേഹത്തിന്‍റെ മകനുമാണ് നൂറ്റാണ്ട് പഴക്കമുള്ള ഈ വിശിഷ്ട വഴിത്താര കണ്ടെത്തിയത്. ഇതോടെ പുരാതന കാലത്തെ ഗാസയുടെ വ്യാപാര പ്രശ്തിയുടെ ഒരു ഏട് കണ്ടെത്താന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകരും. ബൈബില്‍ കാലഘട്ടത്തില്‍ ഏറെ പ്രസിദ്ധമായിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു ഗാസ. പിന്നീട് രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും കാലാസ്ഥയെ അടിസ്ഥാനമാക്കിയുമുള്ള വിവിധ കാരണങ്ങള്‍ കാരണം ഗാസയുടെ പ്രശസ്തി നഷ്ടമാവുകയായിരുന്നു. പുതിയ കണ്ടെത്തലോടെ പുരാതന കാലഘട്ടത്തെ കുറിച്ച് കൂടുതല്‍ വിശദമായ ചരിത്രപഠനം സാധ്യമാകുമെന്ന് കരുതുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

ആറ് മാസം മുമ്പ് ഇസ്രായേൽ അതിർത്തിയിൽ നിന്ന് അര മൈൽ മാത്രം അകലെയുള്ള പാലസ്തിനികളുടെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒലിവ് തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ അൽ നബാഹിനും അദ്ദേഹത്തിന്‍റെ മകനും. അഭയാര്‍ത്ഥി ക്യാമ്പിന് ചുറ്റും ഇരുവരും ഒലിവ് മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. 

എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ചില ഒലിവ് മരങ്ങള്‍ക്ക് ആഴത്തില്‍ വേരിറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരങ്ങള്‍ക്ക് താഴെ വേരുകള്‍ക്ക് ആഴ്ന്നിറങ്ങാന്‍ കഴിയാത്ത തരത്തില്‍ ചില തടസങ്ങളുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമായത്. തുടര്‍ന്ന് പ്രദേശത്തെ മണ്ണ് നീക്കം ചെയ്തപ്പോള്‍ പുരാതനമായ ചില മൊസൈക്ക് തറയോടുകള്‍ കണ്ടെത്തി.  

തുടര്‍ന്ന് അച്ഛനും മകനും കൂടി കൂടുതല്‍ പ്രദേശത്തെ മണ്ണിളക്കി പരിശോധിച്ചു. ഇതേ തുടര്‍ന്ന് ഏറെ ദൂരത്തില്‍ ഇത്തരത്തില്‍ മൊസൈക്ക് പാളികള്‍ പതിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇവയില്‍ പല പാളികളിലും വർണ്ണാഭമായ പക്ഷികളെയും മൃഗങ്ങളെയും മാനുഷ്യരുടെ സാമൂഹിക ജീവിതത്തിന്‍റെ മറ്റ് സവിശേഷതകളെയും ചിത്രീകരിച്ചിരുന്നു. 

തുടര്‍ന്ന് തങ്ങള്‍ കണ്ടെത്തിയത് എന്താണെന്നറിയാന്‍ ഗാസയുടെ പുരാതന ചരിത്രം വ്യക്തമാക്കുന്ന ഇന്‍റര്‍നെറ്റ് ലിങ്കുകള്‍ തങ്ങള്‍ പരിശോധിച്ചെന്ന് അൽ-നബാഹിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയാണ് തങ്ങള്‍ കണ്ടെത്തിയത് ബൈസന്‍റൈൻ കാലഘട്ടത്തിലെ മൊസൈക്ക് പാളികളാമെന്ന് ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അൽ-നബാഹിൻ കൂട്ടിചേര്‍ത്തു. 

'ഞാൻ അതിനെ ഒരു നിധിയായി കാണുന്നു. ഒരു പക്ഷേ, ഒരു നിധിയേക്കാളും പ്രിയപ്പെട്ടത്. ഇത് വ്യക്തിപരമല്ല, എല്ലാ ഫലസ്തീനിക്കും അവകാശപ്പെട്ടതാണ്.'  അൽ-നബാഹിൻ വ്യക്തമാക്കി. വിദഗ്ധരുടെ അഭിപ്രായത്തിൽ, കടും നിറമുള്ള മൊസൈക്ക് പാളികള്‍ എഡി 5-ാം നൂറ്റാണ്ടിനും 7-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. 

കണ്ടെത്തിയ മൊസൈക്ക് പാളികളില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും 17 ചിത്രങ്ങൾ കൂടി അടയാളപ്പെടുത്തിയുരന്നു. ഇപ്പോള്‍ ഭൂമിക്കടിയില്‍ നിന്നും കണ്ടെത്തിയ മൊസൈക്ക് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണം ഏകദേശം 5,400 ചതുരശ്ര അടിയാണ്. കൂടുതല്‍ പ്രദേശത്തേക്ക് ഇത് വ്യാപിച്ച് കിടക്കുന്നുണ്ടോയെന്ന അന്വേഷണവും നടക്കുന്നു. 

എന്നാല്‍ ഈ പുരാവസ്തു കണ്ടെത്തല്‍ ഇപ്പോഴും അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ രഹസ്യങ്ങളും നാഗരിക മൂല്യങ്ങളും അറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്ന് ഫലസ്തീൻ ടൂറിസം ആൻഡ് പുരാവസ്തു മന്ത്രാലയം അറിയിച്ചു.  

ജറുസലേമിലെ ഫ്രഞ്ച് സ്കൂൾ ഓഫ് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ റിസർച്ചിലെ അന്താരാഷ്‌ട്ര വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ചേർന്ന് കൂടുതല്‍ കണ്ടെത്തലുകള്‍ക്കായി ശ്രമിക്കുകയാണെന്നും  മന്ത്രാലയം കൂട്ടിച്ചേർത്തു.

'ഗ്രാഫിക് പ്രാതിനിധ്യത്തിന്‍റെ ഗുണനിലവാരത്തിലും ജ്യാമിതിയുടെ സങ്കീർണ്ണതയിലും ഗാസയിൽ കണ്ടെത്തിയ ഏറ്റവും മനോഹരമായ മൊസൈക് പാളികളാണ് ഇവ' പുരാവസ്തു സ്‌കൂളിലെ റെനെ എൽറ്റർ പറഞ്ഞു. 'ഇത്ര സൂക്ഷ്മതയോടെ മൊസൈക്ക് നിലകൾ ഒരിക്കലും ഉണ്ടാകില്ല. ഗ്രാഫിക്സിലെ കൃത്യതയും നിറങ്ങളുടെ സമൃദ്ധിയും ഗാസ സ്ട്രിപ്പിൽ കണ്ടെത്തയ മൊസൈക്ക് പാളികള്‍ക്കുണ്ട്.' ഇത് ചരിത്രത്തിലേക്കുള്ള ഒരു വഴിതുറക്കലാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. 

പുരാതന ഈജിപ്‌തുകാരുടെയും പലസ്തീനികളുടെയും റോമൻ സാമ്രാജ്യത്തിന്‍റെയും കുരിശുയുദ്ധങ്ങളുടെയും കാലഘട്ടത്തില്‍ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ബൈബിളിൽ ചിത്രീകരിച്ചിരിക്കുന്ന പുരാത നാഗരികതകളില്‍ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഗാസ. ഇന്ന് ഇവിടം പുരാവസ്തുക്കളാല്‍ ഏറെ സമ്പന്നമാണ്.

സമീപ വർഷങ്ങളിൽ ഈ പ്രദേശത്ത് നിന്നും നിരവധി പുരാവസ്തു കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.  സാമ്പത്തിക പരാധീനതകളും പ്രൊഫഷണലുകളുടെയും അഭാവം മൂലം ഇവയുടെ ഖനനത്തിനും സംരക്ഷണത്തിനും ഗാസ, അന്താരാഷ്ട്രാ സമൂഹത്തിന്‍റെ സഹായം തേടുകയാണ്. 

പലസ്തീനില്‍ നിന്നും പടിച്ചെടുത്തതും ഇപ്പോള്‍ ഇസ്രായേലിന്‍റെ കൈവശമുള്ളതുമായ സിസേറിയ നാഷണൽ പാർക്കിൽ 2018-ൽ പുരാതന റോമൻ മൊസൈക്ക് പാളികള്‍ കണ്ടെത്തിയിരുന്നു. സങ്കീർണ്ണമായി ആലോഖനം ചെയ്യപ്പെട്ടിരുന്ന ആ മൊസൈക്ക് പാളികള്‍ക്ക് ഏകദേശം 1,800 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. ഇത് എഡി 2, 3 നൂറ്റാണ്ടുകൾ മുതലുള്ളതാണെന്നാണ് പുരാവസ്തു ഗവേഷകരുടെയും അഭിപ്രായം. 

വർണ്ണാഭമായ ജ്യാമിതീയ പാറ്റേൺ, സമൃദ്ധമായി കാണപ്പെടുന്ന മൂന്ന് പുരുഷന്മാർ, കൂടാതെ നിഗൂഢമായ ഒരു ഗ്രീക്ക് ലിഖിതവും ഇതിൽ ഉൾപ്പെട്ടിരുന്നു. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 12,000 കല്ലുകൾ എന്ന നിലയിൽ വളരെ ശ്രമകരമായി ക്രമീകരിച്ചിരിക്കുന്ന ചെറിയ ടെസറേ ഉപയോഗിച്ചാണ് ഈ പാറ്റേണുകൾ രൂപപ്പെടുത്തിയിരുന്നതും കൗതുകകരമാണ്. 

എന്നാല്‍, ഇത് നിര്‍മ്മിച്ച മനുഷ്യർ ആരാണെന്നോ മൊസൈക്ക് ഏതുതരം കെട്ടിടത്തിന്‍റെ ഭാഗമായിരുന്നു എന്നോ വ്യക്തമല്ല. അക്കാലത്തെ എങ്കിലും ഒരു ഉന്നത പ്രഭു കുടുംബത്തിന്‍റെതാകാം ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബൈസന്‍റൈൻ കാലഘട്ടത്തിലെ മറ്റൊരു കെട്ടിടം ഖനനം ചെയ്യുമ്പോഴും ഇത്തരത്തില്‍ ചില മൊസൈക്ക് പാളികള്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. 

ഈ കെട്ടിടം ഒരു 'അഗോറ' ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഒരു ഓപ്പൺ എയർ മാർക്കറ്റ് അല്ലെങ്കിൽ ടൗൺ സ്ക്വയറിനെ വിശേഷിപ്പിക്കുന്ന പുരാതന ഗ്രീക്ക് പദമാണിത്. മൊസൈക്കുകളില്‍ കാണപ്പെട്ട ലിഖിതത്തിന്‍റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകർ. എന്നാല്‍ തറയില്‍ മൊസൈക്ക് പതിച്ചിരുന്നെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  മൊസൈക്കിന് കൂടുതല്‍ കേട് പടുകള്‍ സംഭവിക്കാതിരിക്കാന്‍ പ്രദേശം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 

click me!