ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരിസ് 'സ്‌പെഷ്യൽ ഓപ്‌സ്' സീസൺ 2-ന്റെ റിലീസ് തീയതി ജൂലൈ 18ലേക്ക് മാറ്റി. നടൻ കേ കെ മേനോൻ തന്നെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ദില്ലി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരിസ് 'സ്‌പെഷ്യൽ ഓപ്‌സ്' സീസൺ 2-ന്റെ റിലീസ് തീയതി മാറ്റിവച്ചു. സീരിസിലെ പ്രധാന നടൻ കേ കേ മേനോൻ പുതിയ സ്ട്രീമിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ ജൂലൈ 11-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാഹചര്യങ്ങൾ മൂലം ഒരാഴ്ചത്തേക്ക് റിലീസ് മാറ്റിവയ്ക്കേണ്ടി വന്നതായി കേ കേ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചു.

"സ്‌പെഷ്യൽ ഓപ്‌സിന്റെ എല്ലാ ആരാധകർക്കുമായി ഒരു വിവരം. സ്‌പെഷ്യൽ ഓപ്‌സ് സീസൺ 2 ജൂലൈ 11-ന് പകരം ജൂലൈ 18-ന് റിലീസ് ചെയ്യും... അതായത് ഒരാഴ്ച വൈകി," അദ്ദേഹം പറഞ്ഞു. എല്ലാ എപ്പിസോഡുകളും ഒരുമിച്ച് സ്ട്രീം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

നീരജ് പാണ്ഡേയുടെ സംവിധാനത്തിൽ 2020-ൽ ആരംഭിച്ച 'സ്‌പെഷ്യൽ ഓപ്‌സ്' എന്ന ഈ സ്പൈ ത്രില്ലർ, ഇന്ത്യൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. 2021-ൽ പുറത്തിറങ്ങിയ 'സ്‌പെഷ്യൽ ഓപ്‌സ് 1.5: ദി ഹിമ്മത് സ്റ്റോറി'ക്ക് ശേഷം ഈ പുതിയ സീസണിൽ ഹിമ്മത് സിംഗും സംഘവും നടത്തുന്ന തീവ്രവാദികളുമായുള്ള സൈബർ യുദ്ധത്തിന്‍റെ കഥയാണ് പറയുന്നത്.

ശിവം നായർ സംവിധാനം ചെയ്ത ഈ സീസണിൽ പ്രകാശ് രാജ്, വിനയ് പാഠക്, താഹിർ രാജ് ഭാസിൻ, കരൺ ടക്കർ, സായാമി ഖേർ, മുസമ്മിൽ ഇബ്രാഹിം, ഗൗതമി കപൂർ, പർമീത് സേത്തി, കാളി പ്രസാദ് മുഖർജി, ദലിപ് താഹിൽ, ടോട്ട റോയ് ചൗധരി, ശിഖ തൽസാനിയ, രേവതി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.

ബുഡാപെസ്റ്റ്, തുർക്കി, ജോർജിയ തുടങ്ങിയ അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ സീരീസ് വന്‍ ബജറ്റിലാണ് ഒരുക്കുന്നത്. ജിയോ ഹോട്ട്‌സ്റ്റാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, "നിങ്ങളുടെ ആകാംക്ഷ മനസ്സിലാകുന്നു, പക്ഷേ ഒരല്പം കൂടി കാത്തിരിക്കൂ" എന്ന് പറഞ്ഞുകൊണ്ട് റിലീസ് മാറ്റിവച്ച വിവരം സ്ഥിരീകരിച്ചു.