അഭയാർത്ഥിജീവിത സംഘർഷങ്ങളെ ലോകത്തിന് വെളിപ്പെടുത്തിയ പച്ചക്കണ്ണുകാരി, ഷർബത് ​ഗുലയ്ക്ക് ഒടുവിൽ ഇറ്റലിയിലഭയം

First Published Nov 26, 2021, 11:38 AM IST

'അഫ്ഗാന്‍ പെണ്‍കുട്ടി'(Afghan Girl) എന്ന് ലോകം മുഴുക്കെ അറിയപ്പെടുന്ന ഷര്‍ബത് ഗുല(Sharbat Gula)യ്ക്ക് ഒടുവില്‍ ഇറ്റലിയില്‍ അഭയം. നാഷണല്‍ ജിയോഗ്രഫിക്കിന്‍റെ 1985 -ലെ മാഗസിന്‍ കവറായിരുന്നു(National Geographic's 1985 magazine cover) ഗുല. ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ അവളുടെ കണ്ണുകള്‍ കണ്ടവരാരും മറന്നില്ല. ആ ചിത്രം ലോകത്തെമ്പാടുമുള്ള ആളുകളുടെ ഉള്ളില്‍ പതിഞ്ഞു. മൂന്ന് മാസം മുമ്പ് താലിബാൻ രാജ്യം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് മാറാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇപ്പോൾ ​ഗുല ഇറ്റലിയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. 

ഓഗസ്റ്റിൽ താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ നടത്തിയ അഭ്യർത്ഥനകൾക്ക് മറുപടിയായാണ് ഗുലയുടെ കാര്യത്തില്‍ ഇറ്റലി താല്‍പര്യം പ്രകടിപ്പിച്ചത്. തന്റെ രാജ്യം വിടാനായി സഹായത്തിനു വേണ്ടിയുള്ള ഷര്‍ബത് ഗുലയുടെ അഭ്യർത്ഥന കേട്ടുവെന്നും അവളെ പിന്തുണയ്ക്കുന്നു എന്നുമാണ് ഇറ്റാലിയൻ സർക്കാർ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞത്.

പ്രസിഡൻസി ഓഫ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് അറിയിക്കുന്നത് പ്രകാരം ഗുല ഇപ്പോൾ റോം നഗരത്തിലാണ്. അവളെ ഇറ്റലിയിലെ ജീവിതത്തിലേക്ക് സമന്വയിപ്പിക്കാൻ ഇറ്റാലിയൻ സർക്കാർ സഹായിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 

യുദ്ധ ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറിയാണ് നാല് പതിറ്റാണ്ട് മുമ്പ് ഒരു അഭയാർത്ഥി ക്യാമ്പിൽ വച്ച് അവളുടെ പ്രശസ്തമായ ചിത്രം എടുത്തത്. അത്, സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലമായിരുന്നു. പാകിസ്താനിൽ ഒരു അഫ്ഗാൻ അഭയാർഥിയായി കഴിയുകയായിരുന്നു അവളന്ന്, പ്രായം വെറും 12 വയസ്. അവളുടെ പച്ചക്കണ്ണുകളിലെ തുളച്ചുകയറുന്ന നോട്ടമായിരുന്നു ആ ചിത്രത്തിന്‍റെ പ്രത്യേകത. 

ആ കണ്ണുകളിലെ തീക്ഷ്ണതയ്ക്ക് ലോകത്തോട് ഒരുപാട് കാര്യങ്ങൾ സംവദിക്കാനുണ്ടായിരുന്നു. പതിനായിരം വാക്കുകളെക്കാളും ആ ഒറ്റച്ചിത്രം കൊണ്ട് അഭയാർത്ഥി ജീവിതങ്ങളെ മക്കറി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. ആ ചിത്രത്തോട് കൂടിയാണ് അവള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുന്നത്. 

2002 -ൽ മക്കറി വീണ്ടും അവളുടെ ഫോട്ടോയെടുത്തു. 2002 -ലാണ് അവൾ ഔ​ദ്യോ​ഗികമായി തിരിച്ചറിയപ്പെട്ടത്. അതുവരെ ലോകമവളെ 'അഫ്​ഗാൻ പെൺകുട്ടി' എന്ന് വിളിച്ചു. 'അഫ്​ഗാൻ മൊണാലിസ'യെന്ന് പരാമർശിച്ചവരും കുറവല്ല. 

2002 ജനുവരിയിൽ നാഷണൽ ജിയോഗ്രാഫികിന്റെ ഒരു സംഘം ചിത്രത്തിലെ ഈ പെൺകുട്ടിയെ അന്വേഷിച്ച് അഫ്ഗാനിസ്താനിലേക്ക് ഒരു യാത്ര നടത്തി. ഒരുപാട് പേർ ആ പെൺകുട്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നുവെങ്കിലും ഒടുവിൽ ഷർബത് ​ഗുലയെ കണ്ടെത്തുകയായിരുന്നു. ബയോമെട്രിക് സാങ്കേതികത ഉപയോ​ഗിച്ചാണ് അത് ആ ചിത്രത്തിലെ അതേ പെൺകുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞത്. 

അഭയാർഥികേന്ദ്രത്തിൽ നിന്നും 1992 -ൽ ഗുല അവളുടെ സ്വന്തം ദേശത്തേക്ക് മടങ്ങിയിരുന്നു. റഹ്മത്ത് ഗുല്ലിനെയാണ് അവർ വിവാഹം ചെയ്തത്. മൂന്ന് പെൺകുട്ടികളുണ്ട് ഇവർക്ക്. നാലാമത്തെ പെൺകുട്ടി ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. 

2014 -ൽ ഗുല പാകിസ്ഥാനിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വ്യാജ പാക് തിരിച്ചറിയൽ കാർഡ് വാങ്ങിയെന്ന് ആരോപിച്ച് അധികൃതർ അവളെ നാടുകടത്താൻ ഉത്തരവിട്ടതോടെ ഒളിവിൽ പോവുകയായിരുന്നു. 

പിന്നീട്, അവളെ കാബൂളിലേക്ക് കൊണ്ടുപോയി, അവിടെ പ്രസിഡന്റ് അവൾക്ക് രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ സ്വീകരണം നൽകുകയും ഒരു പുതിയ അപ്പാർട്ട്മെന്റിന്റെ താക്കോൽ നൽകുകയും ചെയ്തു. എന്നാൽ, താലിബാൻ അഫ്​ഗാൻ പിടിച്ചെടുത്തതോടെ പല ജീവിതങ്ങളും അനിശ്ചിതത്വത്തിലായി.

ആ പലതരം അനിശ്ചിതത്വങ്ങളുടെ ഒടുവിലാണ് ഇപ്പോൾ ​ഗുലയ്ക്ക് ഇറ്റലി അഭയമാവുന്നത്. "അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങളും അക്കാലത്ത് കടന്നുപോയ ചരിത്രാധ്യായങ്ങളിലെ വ്യതിയാനങ്ങളെയും സംഘർഷങ്ങളെയും പ്രതീകപ്പെടുത്താൻ അവൾക്കായി" എന്നാണ് പ്രസിഡൻസി ഓഫ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞത്. 

യുഎസ് സൈനിക സേനയുടെ വിടവാങ്ങലിനെയും താലിബാൻ രാജ്യം പിടിച്ചടക്കിയതിനെയും തുടര്‍ന്ന് നൂറുകണക്കിന് അഫ്ഗാനികളെ എയർലിഫ്റ്റ് ചെയ്ത നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ഇറ്റലിയിലേക്കുള്ള ഗുലയുടെ യാത്ര 'അഫ്ഗാൻ പൗരന്മാർക്ക് വേണ്ടിയുള്ള സ്വീകരണത്തിനും ഏകീകരണത്തിനുമുള്ള ഗവൺമെന്റിന്റെ പദ്ധതിയുടെയും ഭാഗമാണ്' എന്നും രാഷ്ട്രം കൂട്ടിച്ചേർത്തു.

click me!