തിരികെ ബ്രിട്ടനിലെത്തണം; വിചാരണയ്ക്കും തയ്യാറെന്ന് മുന്‍ ഐഎസ് വധു ഷമീമ ബീഗം

First Published Nov 22, 2021, 4:15 PM IST

2015 ല്‍, 15 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇംഗ്ലണ്ടിലെ ഈസ്റ്റ് ലണ്ടനിലെ വസതിയില്‍ നിന്ന്  ഐഎസ്ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായി സിറിയയിലേക്ക് പോയതായിരുന്നു ഷമീമ. ഐസ്ഐസ് കാലയളവിന് ശേഷം, അതായത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന രാജ്യത്തേക്ക് തിരികെയെത്താനുള്ള തയ്യാറെടുപ്പിലാണ് ഷമീമ.  അതിനായി ബ്രിട്ടനില്‍ വിചാരണ നേരിടാനും തയ്യാറാണെന്ന് ഷമീമ അറിയിച്ചു. എന്നാല്‍, ഇന്ന് 22 വയസ്സുള്ള ഷമീമ താന്‍,  തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ സിറിയയിലേക്ക് പലായനം ചെയ്തപ്പോൾ ഒരിക്കല്‍ പോലും മാതൃരാജ്യമായ ബ്രിട്ടനെ വെറുത്തിരുന്നില്ലന്നും ആണയിടുന്നു.  കോടതിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ പോരാടുമെന്നും ബ്രിട്ടനിലേക്ക് തിരികെ പ്രവേശിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഷമീമ ബീഗം പറയുന്നു. 

സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഐഎസ്ഐഎസിന് വേണ്ടി ക്രൂരതകൾ നടത്തിയെന്ന ആരോപണങ്ങൾ അവർ തള്ളിക്കളഞ്ഞു. ഐഎസിന്‍റെ തീവ്രവാദ പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ നേരിടാൻ യുകെയിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. 

എനിക്ക് പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്. എന്നാല്‍, പൌരത്വം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ തന്‍റെ പ്ലാന്‍ ബി നടക്കില്ലെന്നും അവര്‍ പറയുന്നു. ഞാന്‍ കോടതിയില്‍ പോരാടാന്‍ തയ്യാറാണ്. എന്നാല്‍ അവര്‍ എനിക്ക് അവസരം നിഷേധിക്കുന്നു. 

ചെറുപ്പത്തില്‍ തന്നെ ബ്രിട്ടന്‍ വിടാനുണ്ടായ തീരുമാനം പെട്ടെന്നെടുത്തതല്ല. ' ഞാന്‍ ഏറെ നേരം ആലോചിച്ചു. എന്നാല്‍, അപ്പോഴൊന്നും താന്‍ ബ്രിട്ടനെ വെറുത്തിരുന്നില്ല. എന്നാല്‍, ഞാന്‍ എന്നെ തന്നെ വെറുത്തിരുന്നു.' അവര്‍ സ്കൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. 

'ഒരു ബ്രിട്ടീഷ് സ്ത്രീയെന്ന നിലയിൽ യുകെയിൽ ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. 'ഇവിടെ വന്നതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റമായി എനിക്ക് തോന്നുന്നത്, അതിനായി ജയിലിൽ പോകാനും ഞാൻ തയ്യാറാണ്.'

' പക്ഷേ, എനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് എതിരെ, ഞാൻ അവർക്കെതിരെ പോരാടേണ്ടി വരും.' സിറിയയിലെ അൽ-റോജ് അഭയാർത്ഥി ക്യാമ്പില്‍ ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്ന ഷമീമ പറയുന്നു. 

സിറിയ ജീവിക്കാൻ 'കൂടുതൽ ഭയാനകമായ' സ്ഥലമായി മാറിയെന്ന് അവർ പറയുന്നു.  'വളരെക്കാലമായി അവിടം അക്രമാസക്തമായിരുന്നില്ല, പക്ഷേ, ചില കാരണങ്ങളാൽ ഇന്ന് അത് ജീവിക്കാൻ കൂടുതൽ ഭയാനകമായ സ്ഥലമായി മാറിയിരിക്കുന്നു. 

' ഇവിടെ. ഒരു പക്ഷേ സ്ത്രീകൾ എന്തിനോ വേണ്ടി കാത്തിരുന്നു മടുത്തിട്ടുണ്ടാകും.' 'സമയമാകുമ്പോൾ' തന്‍റെ കുടുംബവുമായി കൂടിച്ചേരാന്‍ താൻ ആഗ്രഹിക്കുന്നുവെന്നും അവൾ കൂട്ടിച്ചേര്‍ത്തു. 

'അവർ എന്നെ പരാജയപ്പെടുത്തിയെന്ന് ഞാൻ കരുതുന്നില്ല, ഒരു വിധത്തിൽ ഞാൻ അവരെ പരാജയപ്പെടുത്തി'. ഡച്ച് പരിവർത്തനം ചെയ്ത യാഗോ റീഡിജിക്കിനെ എങ്ങനെയാണ് വിവാഹം കഴിച്ചതെന്ന് ബീഗം മുമ്പ് പറഞ്ഞിട്ടുണ്ട്. 

ഐഎസ് പ്രദേശത്ത് എത്തി 10 ദിവസത്തിന് ശേഷം, തന്‍റെ മൂന്ന് കുട്ടികളും മരിച്ചു. ഉറങ്ങാൻ പോകുമ്പോൾ 'എന്‍റെ കുട്ടികൾ മരിക്കുന്നു, ബോംബ് സ്‌ഫോടനങ്ങൾ, നിരന്തരമായ ഓട്ടം, എന്‍റെ സുഹൃത്തുക്കൾ മരിക്കുന്നു' ഇവയാണ് ഇപ്പോള്‍ തന്‍റെ ചിന്തകളിലുള്ളതെന്നും അവള്‍ ആവര്‍ത്തിക്കുന്നു. 

ജന്മനാട്ടില്‍ തിരിച്ചെത്താനുള്ള ഷമീമയുടെ ആഗ്രഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മറിച്ച് 2019 ലും ബ്രിട്ടനിലേക്ക് തിരികെ പോകാന്‍ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഷമീമയെ തിരികെ ബ്രിട്ടനിലേക്ക് സ്വീകരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ബ്രിട്ടന്‍റെ നിലപാട്. 

ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ തന്നെ അലട്ടാൻ പോവുന്ന ഒരു വലിയ തെറ്റായിരുന്നു ഐസിസിൽ ചേരാനെടുത്ത തീരുമാനം. യുകെയിലേക്ക് തിരിച്ചുവന്ന് രാജ്യത്തെ ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ സഹായിക്കാൻ തനിക്ക് താത്പര്യമുണ്ടെന്നുമായിരുന്നു  അവള്‍ നേരത്തെ ബിബിസിയോട് പറഞ്ഞത്. 

ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്ന തന്നെ ഇനിയും സിറിയയിലെ ക്യാമ്പിൽ കിടന്നു നരകിക്കാൻ വിടരുതെന്നും അവള്‍ യുകെ ഗവൺമെന്‍റിനോട് അപേക്ഷിച്ചു. ഐഎസിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്ന ആരോപണത്തെ അവള്‍ അന്നും ഇന്നും എതിര്‍ത്തിരുന്നു. 

പതിനഞ്ചാം  വയസിലാണ് കിഴക്കൻ ലണ്ടനിൽ നിന്ന് സഹപാഠികളായ രണ്ട് പെൺകുട്ടികൾക്കൊപ്പം ഷമീമ ( ഷമീമ ബീഗം (15), കദീസ സുൽത്താന(16),  അമീറ അബസെ (15) ) ഐസിസിൽ ചേരാനായി സിറിയയിലേക്ക് പുറപ്പെട്ടത്. അവിടെ വെച്ച് അവർ നെതർലൻഡ്സിൽ നിന്നും സമാന ആശയവുമായെത്തിയ ഒരു യുവാവിന്‍റെ ഭാര്യയായി. 

തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം ഐസിസ് ഭരണത്തിന് കീഴിൽ ജീവിച്ചു.  2019 -ൽ ഗര്ഭിണിയാവുന്ന അവർ ഒരു അഭയാര്‍ത്ഥി ക്യാമ്പിൽ എത്തപ്പെട്ടു. അന്ന് അവിടെ പ്രസവിച്ച ആൺകുഞ്ഞ് പിന്നീട് ന്യൂമോണിയ ബാധിച്ച് മരിച്ചു. അതിനു മുമ്പും രണ്ടു വട്ടം ഇതുപോലെ  തന്‍റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നതായി ഷമീമ മുമ്പും പറഞ്ഞിട്ടുണ്ട്. 

അന്ന് ഷമീമയുടെ കൂടെ സിറിയക്ക് പോയ രണ്ടു പെൺകുട്ടികളിൽ ഒരാൾ പിന്നീട് ഒരു ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമത്തെ യുവതിയെക്കുറിച്ചോ ഐസിസ് പോരാളിയായ തന്‍റെ ഭർത്താവിനെക്കുറിച്ചോ ഇപ്പോൾ തനിക്ക് യാതൊരു വിവരവുമില്ലെന്നും   ഷമീമ ബീഗം ആവര്‍ത്തിക്കുന്നു. 

അന്നത്തെ യുകെ സ്റ്റേറ്റ് സെക്രട്ടറി സാജിദ് ജാവേദ് ദേശസുരക്ഷയെ മുൻനിർത്തി ഷമീമയുടെ യുകെ പൗരത്വം റദ്ദാക്കിയിരുന്നു. ഐസിസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കാലത്ത് നടത്തിയ പ്രസ്താവനകളെക്കുറിച്ചും ആ ഭൂതകാലത്തെ കുറിച്ചും ഓർക്കുമ്പോൾ ഇന്ന് കൊടിയ പശ്ചാത്താപം തോന്നുന്നുവെന്നാണ് ഷമീമ ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷമീമ ബീഗത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടില്‍ തന്നെയാണ് ബ്രിട്ടന്‍. 

click me!