Manas National Park: വേട്ടക്കാരെ സംരക്ഷകരാക്കുക, വനം പരിപാലിക്കുന്ന അസം മാതൃക

Published : Dec 20, 2021, 03:27 PM ISTUpdated : Dec 21, 2021, 01:18 PM IST

"കൊല്ലാൻ ഏറ്റവും എളുപ്പം കാണ്ടാമൃഗങ്ങളെ ആയിരുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ളത് കരടിയും കാട്ടുപന്നിയും ആയിരുന്നു." ഒരു കാലത്തു മാനസ് നാഷണൽ പാർക്കിലെ (എം‌എൻ‌പി - Manas National Park) കാടുകളിൽ സജീവമായിരുന്ന വേട്ടക്കാരനായിരുന്ന ബുദ്ധേശ്വറിന്‍റെ വാക്കുകൾ ആണിത്. എന്നാൽ ഇന്ന്, വന്യജീവികളെ സംരക്ഷിക്കുന്നതിനായി വേട്ടയാടൽ ഉപേക്ഷിച്ച നിരവധി വേട്ടക്കാരിൽ ഒരാളാണ് അദ്ദേഹം. ഇന്ന് എം‌എൻ‌പിയിൽ ഫോറസ്റ്റ് ഗാർഡായി ജോലി ചെയ്യുന്നു. അസം (Assam) സംസ്ഥാനത്തെ ബോങയ്ഗാവ്, ബർപേട്ട, ചിരാങ്, ബക്സ, കൊക്രാജർ തുടങ്ങിയ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ആണ് മാനസ് നാഷണൽ പാർക്ക്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം, ടൈഗർ റിസർവ്, എലിഫന്‍റ് റിസർവ്, ബയോസ്ഫിയർ റിസർവ്, നാഷണൽ പാർക്ക് എന്നിവ കൂടിയാണ് മാനസ്. ബ്രഹ്മപുത്ര നദിയുടെ (Brahmaputra river) പ്രധാന കൈവഴികളിലൊന്നായ മാനസ് നദിക്കടുത്താണ് (Manas River) പാർക്ക് സ്ഥിതിചെയ്യുന്നത്. ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാനിലെ റോയൽ മാനസ് ദേശീയ ഉദ്യാനവുമായി (Royal Manas National Park in Bhutan) ഇത് ബന്ധപ്പെട്ട് കിടക്കുന്നു. നിഷ്ഠൂരരായ വേട്ടക്കാരെ തന്നെ സംരക്ഷകരാക്കി മാറ്റി ഒരു ദേശീയോദ്ധ്യാനത്തിന്‍റെ ജൈവികത വീണ്ടെടുത്ത കഥ പറയുകയാണ് പ്രശസ്ത ട്രാവല്‍ ഫോട്ടോഗ്രാഫറായ ജിമ്മി കമ്പല്ലൂര്‍.   

PREV
113
Manas National Park: വേട്ടക്കാരെ സംരക്ഷകരാക്കുക, വനം പരിപാലിക്കുന്ന അസം മാതൃക

അസമിലെ വടക്ക് - പടിഞ്ഞാറൻ ഭാഗമായ ബക്സ ജില്ലയിലാണ് നാൽപത്തിയാറുകാരനായ ബുധേശ്വർ ബോഡോ താമസിക്കുന്നത്. 1980 കളിൽ നടന്ന ബോഡോ കലാപങ്ങൾ കണ്ട് വളന്നയാൾ. 16 ആനകൾ, ആറ് കടുവകൾ, അഞ്ച് കാണ്ടാമൃഗങ്ങൾ, നിരവധി കരടികൾ, പന്നികൾ, എന്നിവ തന്‍റെ വീട്ടിലുണ്ടാക്കിയ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടിയതായി അദ്ദേഹം അവകാശപ്പെടുന്നു. വേട്ടക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബുദ്ധേശ്വറിന് ഒരു കൈ നഷ്ട്ടപ്പെട്ടു.

 

213

ബുദ്ധേശ്വര്‍ ഒറ്റയ്ക്കായിരുന്നില്ല. ബുദ്ധേശ്വറിനെ പോലെ നൂറ് കണക്കിന് വേട്ടക്കാരുണ്ടായിരുന്നു മാനസില്‍. എന്നാല്‍, 2003 ഫെബ്രുവരിയിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി) കരാർ ഒപ്പിട്ടതിന് ശേഷം കലാപങ്ങൾ അവസാനിച്ചു. ഇതേ സമയത്ത് തന്നെയാണ് ഇക്കോ ടൂറിസത്തിലെ കമ്മ്യൂണിറ്റി പങ്കാളിത്തത്തിലൂടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക യുവാക്കൾ 2003 ഡിസംബറിൽ മാനസ് മാവോസിഗേന്ദ്ര ഇക്കോടൂറിസം സൊസൈറ്റി (എംഎംഇഎസ് - Manas Maozigendri Ecotourism Society) സ്ഥാപിക്കുന്നത്.

 

313

2004-ൽ, എം.എം.ഇ.എസ്, ബിടിസിയുമായി ചേർന്ന് വേട്ടക്കാരെ  ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റിൽ സന്നദ്ധ പ്രവർത്തകരായി നിയോഗിക്കാൻ തുടങ്ങി. പ്രദേശത്തെ പട്രോളിംഗ് ഏറ്റെടുത്ത അവർ വേട്ടയാടൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വനം ഉദ്യോഗസ്ഥരെ സഹായിച്ചു. ഇത് നിരീക്ഷണം വർദ്ധിപ്പിക്കുക മാത്രമല്ല, പ്രദേശത്തെ സംരക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നൽകുകയും ചെയ്തു, ”ബിടിസിയുടെ ടൂറിസം ഉപദേഷ്ടാവ് പാർതോ പ്രതിം ദാസ് പറയുന്നു.

 

413

സന്നദ്ധപ്രവർത്തകർക്ക് സര്‍ക്കാര്‍ പ്രതിമാസ സ്റ്റൈപ്പന്‍റ്  അനുവദിച്ചു. തുടക്കത്തിൽ ഇത് 3,000 രൂപയായിരുന്നു, എന്നാൽ ഇപ്പോൾ ഇത് 6,000 രൂപയായി ഉയർത്തിയിട്ടുണ്ട്.  നിലവിൽ 400 ഓളം വോളന്‍റിയർമാരാണ് ഇന്ന് മാനസ് സംരക്ഷണത്തിന് മുന്നിലുള്ളത്. ബി‌ടി‌സി കരാർ ഒപ്പിട്ടപ്പോൾ പാർക്കിലെ വന്യജീവികളൊന്നു പോലും അവശേഷിച്ചിരുന്നില്ല. ദേശീയോദ്ധ്യാനത്തിലെ എല്ലാ വന്യ മൃഗങ്ങളെയും വേട്ടക്കാരുടെ തോക്കിന്‍ കുഴലുകള്‍ ഇല്ലാതാക്കിയിരുന്നു.  

 

513

അവര്‍ കാട്ടിൽ നിന്നും നിയമവിരുദ്ധമായി തടികൾ വെട്ടുകയും വന്യജീവികളെ വിവേചന രഹിതമായി വേട്ടയാടുകയും ചെയ്തു. 'ഗവൺമെന്‍റിന്‍റെ എന്തും നശിപ്പിക്കപ്പെടണം' എന്നായിരുന്നു അന്നത്തെ പൊതു മനോഭാവം. ബോഡോ കലാപകാലത്ത് കലാപകാരികളെ  ഉപയോഗിച്ചും ഈ പ്രദേശങ്ങളില്‍ വേട്ടയാടൽ നിര്‍ബാധം നടന്നിരുന്നു. സായുധ കലാപ കാലത്ത് വന്യജീവികളുടെ എണ്ണം അതിവേഗമാണ് കുറഞ്ഞത്. 

 

613

1990 ലെ സർവേയിൽ 85 - 100 ന് മേലെയായിരുന്നു മാനസില്‍ കാണ്ടാമൃഗങ്ങളുടെ സംഖ്യ. 2001 ത്തിലെ സർവേയിൽ എത്തിയപ്പോഴേക്കും ഒന്നിനെ പോലും കണ്ടെത്തിയില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നു.  എന്നാല്‍, മാനസ് ഇന്ന് അതിശയകരമായ തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്. സാമൂഹിക  സംരംഭങ്ങൾ ദേശീയോദ്ധ്യാനത്തിലെ പരിസ്ഥിതിയെ തന്നെ മാറ്റിമറിച്ചു. അതിന്‍റെ ജൈവീകത തിരിച്ച് കൊണ്ടുവന്നു.

 

713

കാസിരംഗ വന്യ ജീവി സങ്കേതത്തിൽ നിന്നും, പ്രോബിതോറ വന്യജീവി സങ്കേതത്തിൽ നിന്നുമായി 2006 ൽ 16 കാണ്ടാമൃഗത്തെ മാനസിലെത്തിച്ചു. അവയിൽ നാലെണ്ണം വേട്ടക്കാരുടെ ഇരയായി തീര്‍ന്നു. ഒന്നിനെ കാണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്ന് മാനസില്‍ കണ്ടാമൃഗങ്ങള്‍  40 എണ്ണമുണ്ട്. 30 ൽ അധികം കടുവകളും മറ്റ് നിരവധി ജീവജാലങ്ങളും ഇവിടെ ഇന്ന് വേട്ടക്കാരെ ഭയക്കാതെ, പഴയ വേട്ടക്കാരുടെ സംരക്ഷണയില്‍ ജീവിക്കുന്നു. 

 

813

സാമൂഹിക-രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ്  ബുദ്ധേശ്വർ വേട്ടയാടൽ ഉപേക്ഷിച്ചത്. “ഒരു കാണ്ടാമൃഗത്തെ വേട്ടയാടുന്നതിന് 15,000 - 20,000 രൂപയാണ് അന്ന് പ്രതിഫലമായി കിട്ടിയിരുന്നത്. ഒരു ഗ്രൂപ്പിൽ നാല് - അഞ്ച് പേര് കാണും. ഇടനിലക്കാർ 2 - 3 ലക്ഷം രൂപക്ക് പുറത്ത് കച്ചവടം ഉറപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ പോകപ്പോകെ, ഒരാഴ്ച കാട്ടിൽ നിന്നാൽ പോലും ഒന്നിനെയും കിട്ടാത്ത അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.  കലാപകാലത്ത് മറ്റൊരു ജോലിയും ഉണ്ടായിരുന്നില്ല. കലാപകാരിയാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശത്തെ ഏതെങ്കിലും യുവാവിനെ പട്ടാളം പിടിക്കും. അത് യുവാക്കളുടെ ജീവന് തന്നെ ഭീഷണിയായി. അങ്ങനെ ഞാൻ ഭൂട്ടാനിലേക്ക് ഓടിപ്പോയി ഒരു ഓറഞ്ച് തോട്ടത്തിൽ ജോലി ചെയ്തു” ബുദ്ധേശ്വർ പറയുന്നു. 

 

913

ഇവിടെയും അദ്ദേഹത്തിന്‍റെ വേട്ടയാടൽ കഴിവുകൾ അദ്ദേഹത്തെ സഹായിച്ചു. "തിരികെ നാട്ടിലെത്തിയപ്പോള്‍ വേട്ടയാടല്‍ ഉപേക്ഷിച്ച് ഒപ്പം കൂടാന്‍ സന്നദ്ധ പ്രവർത്തകരിൽ നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായി.  അവരുടെ വാഗ്ദാനങ്ങൾ എനിക്ക് തൃപ്‌തികരമായി തോന്നിയത് കൊണ്ട് ആയുധം വെച്ച് കീഴടങ്ങി. 30 പേരാണ് ആ സമയം കീഴടങ്ങിയത്." അദ്ദേഹം കൂട്ടിച്ചേർത്തു.

 

1013

"എന്നാല്‍ വേട്ടക്കാരനേക്കാളും പ്രശ്ന സങ്കീര്‍ണ്ണമായിരുന്നു സംരക്ഷക വേഷം. അതെ, വേട്ടക്കാരിൽ നിന്നും സംരക്ഷകരിലേക്കുള്ള മാറ്റം ഒട്ടും സുഖകരമായിരുന്നില്ല. അടുത്തുള്ള ഗ്രാമീണർ  പോലും സന്നദ്ധപ്രവർത്തകരെയും, സംരക്ഷണ ക്യാമ്പുകളെയും ആക്രമിച്ച് നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു" എംഎംഇസ്  പ്രസിഡന്‍റ്  കാലിച്ചരന്‍ പറയുന്നു. 

 

1113

"ഗ്രാമീണരുടെ വിശ്വാസം നേടുന്നതിന്, സന്നദ്ധപ്രവർത്തകർ ബോധവൽക്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, വസ്ത്ര ബാങ്കുകൾ തുടങ്ങിയവ നടത്തുകയും മെച്ചപ്പെട്ട ഉപജീവന പ്രക്രിയയ്ക്കും ആഗോള അംഗീകാരത്തിനും ഇക്കോ ടൂറിസം വികസനത്തിന് ശ്രമിക്കുകയും ചെയ്തു. ഇക്കോ ടൂറിസത്തിന്‍റെ വികസനം പ്രദേശവാസികള്‍ക്ക് ഉപജീവന മാർഗം തുറന്നു തന്നു. ഒപ്പം വിഭവങ്ങളുടെ  സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു." കാലിച്ചരന്‍ വ്യക്തമാക്കുന്നു. "കാടിന്‍റെ സംരക്ഷണത്തിൽ ചുറ്റുമുള്ള സമൂഹത്തിന്‍റെ പങ്കാളിത്തം എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് മാനസ്സിലെ പ്രവർത്തനങ്ങൾ " കാലിച്ചരന്‍ കൂട്ടിച്ചേർത്തു.

 

1213

“ഞങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടകരമായിരുന്നു. കയ്യിൽ നിന്നും വായിലേക്ക് ഒന്നും പോകാത്ത അവസ്ഥ. ആ ദാരിദ്ര കാലമാണ് എന്നെ ഒരു വേട്ടക്കാരനാക്കിയത്." ഇപ്പോൾ മാനസിലെ ഫോറസ്റ്റ് ഗാർഡായ മുൻ വേട്ടക്കാരൻ ജൈശരൺ ബോഡോയുടെ വാക്കുകൾ. " ഇവിടുത്തെ വന്യജീവികളെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഇപ്പോൾ തന്‍റെ ജീവൻ തന്നെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

1313

“ലോക ഭൂപടത്തിൽ മാനസ് തിളങ്ങണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ആളുകളുടെ ശ്രമങ്ങൾ വെറുതെയാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” മുൻ വേട്ടക്കാർ കൂട്ടിച്ചേർക്കുന്നു. കൂടുതൽ നല്ല നാളേക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണവര്‍. അതെ, കുറച്ചു പേരുടെ അല്ല, ഒരു വലിയ സമൂഹത്തിന്‍റെ തന്നെ നല്ലൊരു നാളെ അവര്‍ സ്വപ്നം കാണുന്നു. 

 

Read more Photos on
click me!

Recommended Stories