മരിച്ചുപോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്ത് സ്വത്തുക്കൾ തട്ടിയെടുത്തതായി ചൈനീസ് യുവതിയുടെ പരാതി. അമ്മയുടെ മരണശേഷം വ്യാജരേഖ ചമച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയും സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. വർഷങ്ങൾക്ക് ശേഷം നിയമനടപടികൾക്ക് ശ്രമിച്ചപ്പോഴാണ് യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞത്. സംഭവം വൈറലായതിന് പിന്നാലെ കേസെടുത്തു.
തന്‍റെ അമ്മാവൻ, മരിച്ച് പോയ തന്‍റെ അമ്മയെ മരണാനന്തര വിവാഹം ചെയ്ത് കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയുമായി ചൈനീസ് യുവതി. മരിച്ചുപോയ അമ്മയെ ഇളയ സഹോദരൻ വ്യാജ മരണാനന്തര വിവാഹം ചെയ്തെന്നും പിന്നീട് അയാൾ തങ്ങളുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും പാരമ്പര്യമായി കൈവശപ്പെടുത്തിയെന്നും ആരോപിച്ച് ഒരു ചൈനീസ് സ്ത്രീ ചൈനീസ് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായി. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള സൺ എന്ന കുടുംബപ്പേര് ഉള്ള 27 -കാരിയായ യുവതിയാണ് വിചിത്ര പരാതിയുമായി രംഗത്തെത്തിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ മരണം
2008 ൽ സണ്ണിന് ഒമ്പത് വയസ്സുള്ളപ്പോൾ അമ്മ ഷാവോ ഫാങ്ങ് രോഗം വന്ന് മരിച്ചു. ഈ സമയം സണ്ണിന്‍റെ മാതാപിതാക്കൾ വിവാഹ മോചിതരായിരുന്നു. അമ്മയോടൊപ്പമാണ് സൺ താമസിച്ചിരുന്നത്. ഷാവോയുടെ മരണശേഷം, സണ്ണിനെ അമ്മയുടെ ഇളയ സഹോദരി ദത്തെടുത്തു. ഷാവോ മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, കടങ്ങൾ തിരിച്ചടയ്ക്കുന്നതിനായി ഷാവോയുടെ പേരിലുണ്ടായിരുന്ന മൂന്ന് സ്വത്തുക്കൾ വിൽക്കുന്നതിനുള്ള രേഖകളിൽ കുടുംബാംഗങ്ങൾ ഒപ്പിട്ടിരുന്നു. ബാക്കിയുള്ള സ്വത്തുക്കൾ സൺ പ്രായപൂർത്തിയാകുന്നതുവരെ അവളുടെ അമ്മായിയുടെ കസ്റ്റഡിയിലായിരുന്നു. ഷാവോയ്ക്ക് സെപ്സിസ് രോഗമായിരുന്നെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. ഇത് അവയവങ്ങളുടെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കാനും മരണത്തിനും കാരണമാകും. അമ്മയുടെ മരണവാർത്ത അമ്മായിയിൽ നിന്നാണ് അറിഞ്ഞതെന്നും ശവസംസ്കാര ചടങ്ങിൽ താൻ പങ്കെടുത്തില്ലെന്നും സൺ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകൾ.
അമ്മയുടെ സ്വത്തിന് വേണ്ടി
വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് അമ്മയോടൊപ്പം സൺ താമസിച്ചിരുന്നത്. ഷാവോയുടെ മരണ ശേഷം, അവൾ ഹെനാനിലെ ബന്ധുക്കൾക്കളുടെ അടുത്തേക്ക് താമസം മാറി, ചിലപ്പോൾ അമ്മായിയോടൊപ്പവും മറ്റ് സമയങ്ങളിൽ അമ്മാവനോടൊപ്പവും താമസിച്ചു. 2018 -ൽ കോളേജിൽ ചേരുന്നത് വരെ ഇതായിരുന്നു അവസ്ഥ. അമ്മയുടെ സ്വത്തുക്കളുടെ അവകാശിയാകാൻ നിയമപരമായ പ്രായമായപ്പോൾ അവൾ അതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ആരംഭിച്ചു. അപ്പോഴാണ് തന്‍റെ അമ്മയുടെ പേരിൽ ഒരു കട മാത്രമേ അവശേഷിക്കുന്നൊള്ളൂവെന്ന് അവൾ കണ്ടെത്തിയത്. അമ്മയുടെ പേരിൽ മരിക്കുമ്പോൾ ഉണ്ടായിരുന്ന കെട്ടിടങ്ങൾ. വാണിജ്യ സ്വത്തുക്കൾ, ആഭരണങ്ങൾ മറ്റ് ആസ്തികൾ എന്നിവയെല്ലാം അമ്മാവന്‍റെ പേരിലേക്ക് മാറ്റിയിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് താൻ ആ ഞെട്ടിക്കുന്ന മരണാന്തര വിവാഹത്തെ കുറിച്ച് അറിഞ്ഞതെന്ന് സണ്‍ പറയുന്നു.
ഞെട്ടലുണ്ടാക്കിയ വാർത്ത
2008 -ൽ ഷാവോ മരിച്ചെങ്കിലും, 2009 -ൽ അവളുടെ അമ്മ, പുനർവിവാഹം കഴിച്ചതായി നോട്ടറി ഓഫീസിലെ ഉദ്യോഗസ്ഥർ സണ്ണിനെ അറിയിക്കുകയായിരുന്നു. മരണാനന്തരം അമ്മയുടെ പുനർവിവാഹം നടന്നതിനാൽ സൺ ഇനി ഏക നിയമപരമായ അവകാശി അല്ല. അനന്തരാവകാശ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ സണ്ണിന് കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതേ തുടർന്ന് സൺ 2009 -ലെ അമ്മയുടെ മരണാന്തര വിവാഹ രജിസ്ട്രേഷൻ രേഖ നേടി. അമ്മയുടെ ഭർത്താവായി ചേർത്തിരിക്കുന്ന പേര് കണ്ട് സൺ ഞെട്ടി. അത് തന്‍റെ അമ്മയുടെ സഹോദരനായിരുന്നു. മാത്രമല്ല, അമ്മയുടെ മരണാനന്തര വിവാഹ രേഖയിൽ ചേർത്തിരിക്കുന്ന തിരിച്ചറിയൽ ഫോട്ടോ യഥാർത്ഥത്തിൽ തന്‍റെ അമ്മായിയുടെതാണെന്നും അവർ പറഞ്ഞു. അതേ സമയം, അമ്മയുടെ തിരിച്ചറിയൽ കാർഡിൽ അമ്മായിയുടെ ഫോട്ടോയും വിലാസവും ചേർത്ത് ഷാവോയുടെ യഥാർത്ഥ തിരിച്ചറിയൽ നമ്പർ വ്യാജമായി നിർമ്മിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാവോയുടെ സ്വത്ത് നിയമപരമായി അവകാശപ്പെടുന്നതിനായി, അമ്മാവൻ ഭാര്യയുടെ ഐഡന്‍റിറ്റി അമ്മയുടെ പേരിൽ ഉപയോഗിച്ച് വീണ്ടും വിവാഹം രജിസ്റ്റർ ചെയ്തിരിക്കാമെന്നാണ് സൺ കരുതുന്നത്.
അന്വേഷണത്തിന് ഉത്തരവ്
തന്‍റെ അനുഭവം വിവരിച്ച് സൺ സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലാവുകയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ചൈനീസ് നിയമപ്രകാരം, ഭാര്യ അല്ലെങ്കിൽ ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ എന്നിവർ ഒന്നാം അവകാശികളാണ്, മാത്രമല്ല, സ്വത്തുക്കൾ അനന്തരാവകാശമായി ലഭിക്കുന്നതിനും മുൻഗണനയുണ്ട്. സഹോദരങ്ങൾ രണ്ടാമാത് മാത്രമേ അവകാശികളാകൂ. അതും ആദ്യ ഗണത്തിൽപ്പെടുന്നവർ ഇല്ലെങ്കിൽ മാത്രം. സണ്ണിന്‍റെ കുറിപ്പ് വൈറലായതിന് പിന്നാലെ ചൈനീസ് അധികൃതർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.


