
ദേശീയപാത 766 കടന്നുപോകുന്ന ഗുണ്ടല്‍പേട്ട് മധൂറിലെ പൂപ്പാടങ്ങള്‍ പ്രസിദ്ധമാണ്. സൂര്യകാന്തിയും ചെണ്ടുമല്ലിയും ജമന്തിയും വാടാമല്ലിയും ദേശീയപാതക്കരികിലെ കര്‍ഷകര്‍ വിളയിക്കുന്നത് ഇതുവഴിയുള്ള യാത്രികരെ ആകര്‍ഷിക്കാന്‍ കൂടിയാണ്. ഇവിടെ നിന്ന് നമ്മുടെ ഓണവിപണിയിലേക്കും പൂക്കള്‍ വരുന്നുണ്ട്. എന്നാല്‍, ഇതൊന്നുമല്ല ഗുണ്ടല്‍പേട്ട് താലൂക്കിലെ ഗ്രാമങ്ങളിലെ കഥ. വീതി കുറഞ്ഞ ടാര്‍ റോഡുകളും മണ്‍പാതകളും കോവിലുകളും മാടകടകളുമൊക്കെയായി കാര്‍ഷിക വൃത്തിയില്‍ ഇഴുകി ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളിലാണ് ശരിക്കും പൂക്കാഴ്ച്ചകള്‍.
രാജ്യത്തെ പ്രമുഖ പെയിന്‍റ് നിര്‍മാണ ഫാക്ടറികളുടെ അസംസ്‌കൃത വസ്തുവായി രൂപാന്തരപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഏക്കറുകണക്കിന് വയലേലകളാണ് ചെണ്ടുമല്ലികളാല്‍ നിറഞ്ഞു കിടക്കുന്നത്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളില്‍ കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന പൂപ്പാടങ്ങളില്‍ വിനോദ സഞ്ചാരികള്‍ അപൂര്‍വ്വമായി മാത്രമാണ് എത്തിപ്പെടുന്നത്. നൂറുകണക്കിന് ലോഡ് പൂക്കളാണ് ദിവസവും പെയിന്‍റ് നിര്‍മാണ ഫാക്ടറികളിലേക്ക് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്.
മധൂറിലെ സൂര്യകാന്തിപ്പാടങ്ങള്‍ ആസ്വാദിച്ച് കുറച്ച് ദുരം ദേശീയപാതയിലൂടെ മുന്നോട്ട് പോയാല്‍ വലത്തോട്ട് തിരിഞ്ഞ് ഗോപാല്‍ സ്വാമി പേട്ടിലേക്കുള്ള റോഡിലെത്താം. ഈ പാതയോരക്കാഴ്ചകള്‍ അതിമനോഹരമാണ്. മാസങ്ങള്‍ക്ക് മുമ്പ് എള്ളും കടുകും ചോളവും വിളഞ്ഞ പാടങ്ങളാകെ പല വര്‍ണത്തിൽ പരവതാനി വിരിച്ച് കിടക്കുന്നത് പോലെയാണ് ദൂരക്കാഴ്ച്ച.
സഞ്ചരിച്ചെത്തുന്നത് ഗുണ്ടല്‍പേട്ട് താലൂക്കില്‍ തന്നെ ഏറ്റവും കൂടുതല്‍ പൂപ്പാടങ്ങള്‍ ഉള്ള ഗോപാല്‍പൂര, ഗോപാല്‍ സ്വാമിപേട്ട്, കള്ളിപ്പുര ഗ്രാമങ്ങളിലേക്കാണ്. ഗോപാല്‍സ്വാമിപേട്ട് ഇതിനകം തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മലയാളികള്‍ ധാരാളമായി ഇവിടേക്ക് എത്താറുണ്ട്. അതിനാല്‍ വഴിയോരത്തെ ചെണ്ടുമല്ലി പാടങ്ങളിലെല്ലാം ഫോട്ടോയെടുപ്പ് സംഘങ്ങളെ കാണാനാകും. ഗോപാല്‍സ്വാമി പേട്ട് റോഡിന് നേരെ എതിര്‍വശത്തേക്ക് സഞ്ചരിക്കുമ്പോഴും മനം കുളിര്‍പ്പിക്കുന്ന പൂപ്പാടങ്ങള്‍ കണ്ണെത്താദൂരത്തോളം വിശാലമായി കിടക്കുന്നത് കാണാം.
കക്കല്‍ത്തൊണ്ടി, ചെണ്ടുമല്ലിപ്പുര, മുക്കഹള്ളി കലോണി, ബര്‍ഗി, ഷട്ട്ലഹള്ളി തുടങ്ങിയ കാര്‍ഷിക ഗ്രാമങ്ങളിലേക്കുള്ള യാത്രകളിലെല്ലാം കണ്ണിലുടക്കുന്നതിലേറെയും നിറയെ വിരിഞ്ഞ് വിടര്‍ന്നു നില്‍ക്കുന്ന ചെണ്ടുമല്ലിത്തോട്ടങ്ങള്‍ തന്നെ. ഇടക്കെല്ലാം സൂര്യകാന്തിപാടങ്ങളും കാഴ്ച്ചയെ കൊത്തിവലിക്കും. വര്‍ണാഭമായി നില്‍ക്കുമ്പോഴും പാതയോരങ്ങളോട് തൊട്ടുകിടക്കുന്ന പൂപ്പാടങ്ങളില്‍ പോലും വിനോദ സഞ്ചാരികളെ കാണാനാകില്ല.
തീര്‍ത്തും വന്‍കിട പെയിന്‍റ് നിര്‍മാണ ഫാക്ടറികളെയും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് വ്യവസായങ്ങളെയും ലക്ഷ്യമിട്ട് മാത്രമാണ് ചെണ്ടുമല്ലിപ്പുര, ഹൊങ്കഹള്ളി, ഷട്ടിലഹുണ്ടി എന്നിവിടങ്ങളിലെ പൂ കൃഷികള്‍. എച്ച്ഡി കോട്ട ലക്ഷ്യമാക്കി ഇനിയും ചെറുറോഡുകളിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കില്‍ പിന്‍മടങ്ങാന്‍ സമ്മതിക്കാത്ത തരത്തില്‍ പൂക്കള്‍ നിങ്ങളെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. ദേശിപൂര, ആലത്തൂർ, മഞ്ചഹള്ളി എന്നീ സ്ഥലങ്ങളുടെ പ്രാന്തങ്ങളിലെല്ലാം ചെണ്ടുമല്ലി തന്നെയാണ് ഈ സമയത്തെ പ്രധാന കൃഷി.
പൂക്കൃഷിക്ക് ശോഭയേറ്റുന്നത് മഴ
കേരളത്തിലെ മഴക്കാലങ്ങളെ ആശ്രയിച്ചാണ് പ്രധാനമായും ഗുണ്ടല്‍പേട്ട് താലൂക്കിലെ പൂക്കൃഷി. കൃത്യമായ ഇടവേളകളില്‍ മഴയുണ്ടെങ്കില്‍ തരിശ് ഭൂമികള്‍ പോലും പൂ കൃഷിക്കായി കര്‍ഷകര്‍ ഒരുക്കിയെടുക്കും. പ്രധാന വിളകളുടെ ഇടവേളകളില്‍, അതായത് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മതിയായ മഴ ലഭിച്ചാല്‍ പൂക്കളില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ മേല്‍പ്പറഞ്ഞ മാസങ്ങളില്‍ മഴ കൃത്യമായി ലഭിക്കാതെ വന്നതോടെ ഉദ്ദേശിച്ച അത്രയും ടണ്‍ പൂക്കള്‍ വിളവെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തവണ പക്ഷേ, കാലാവസ്ഥ അനുകൂലമായതിനാല്‍ നല്ല വിളവാണ് ലഭിച്ചു വരുന്നത്. ചെടികള്‍ നട്ട് 75 ദിവസത്തിന് ശേഷം പൂവുകള്‍ മൂപ്പെത്തി വിളവെടുക്കാം. നല്ല വിളവാണെങ്കില്‍ ഒരു ഏക്കറില്‍ നിന്ന് 10 മുതല്‍ 15 ടണ്‍ വരെ പൂക്കള്‍ ലഭിക്കും. ഇവ കമ്പനികള്‍ തന്നെ നല്‍കുന്ന പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് 50-55 കിലോ തൂക്കത്തില്‍ കര്‍ഷകര്‍ ലോഡിങിന് സജ്ജമാക്കി വെക്കും. ലോഡിങിനായി സജ്ജമാക്കിയ പൂ ചാക്കുകള്‍ പാതയോരങ്ങളിലെമ്പാടും കാണാം.
പൂപാടങ്ങള്‍ ഒരുങ്ങുന്നത് കമ്പനികളും കര്‍ഷകരും തമ്മിലുള്ള കരാറില്‍
നിശ്ചിത സമയത്തിനുള്ളില്‍ കമ്പനികള്‍ക്ക് ഇത്ര ടണ്‍ പൂക്കള്‍ ലഭ്യമാക്കുമെന്നതാണ് കരാറിലെ വ്യവസ്ഥകളില്‍ പ്രധാനം. ഗുണ്ടല്‍പേട്ടിലും പരിസര താലൂക്കുകളിലും പെയിന്‍റ് കമ്പനികളുടെ ഏജന്‍റുമാരായിരിക്കും കര്‍ഷകരുമായി സംസാരിച്ച് കരാര്‍ ഉറപ്പിക്കുക. കരാര്‍ നിലവില്‍ വന്നാല്‍ പിന്നെ ചെണ്ടുമല്ലിയുടെയും മറ്റും വിത്തുകളും ഇടവേളകളില്‍ വളവും വിതരണം ചെയ്യും. ഒരേക്കര്‍ കണക്കാക്കി ആവശ്യമായ വിത്തകളുടെ പാക്കറ്റുകള്‍ ഏജന്‍റുമാര്‍ നല്‍കും. പൂക്കള്‍ വിരുയുന്നത് വരെ കൃത്യമായ ഇടവേളകളില്‍ വളം ചെയ്യും. പൂക്കള്‍ വിരിഞ്ഞാല്‍ പിന്നെ മഴ കുറയാന്‍ പാടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണ മികച്ച വിളവാണ് ലഭിച്ചു വരുന്നത്.
കമ്പനികളുടെ വാഹനങ്ങളെത്തി ദിവസവും നൂറുകണക്കിന് ലോഡുകള്‍ കൊണ്ടുപോകുന്നുണ്ട്. നിശ്ചിത ടണ്‍ പൂക്കള്‍ കര്‍ഷകര്‍ നല്‍കണം എന്നതായിരിക്കും കരാറിലെ വ്യവസ്ഥ. കമ്പനി കര്‍ഷകര്‍ക്ക് നല്‍കാമെന്ന് ഏറ്റ വില മാത്രമെ നല്‍കുവെങ്കിലും ഇതില്‍ കവിഞ്ഞ് വിളവ് കിട്ടുന്ന പക്ഷം ചില കര്‍ഷകര്‍ പൂക്കള്‍ പുറത്തേക്ക് വില്‍പ്പന നടത്താറുണ്ട്.
വിളവെടുപ്പിന് തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്‍കേണ്ട ചിലവ് ഒഴിവാക്കാന്‍ കര്‍ഷകരെല്ലാം സഹകരിച്ച് ഓരോ തോട്ടങ്ങളിലും ഇടവിട്ട് പൂക്കള്‍ പറിച്ചെടുക്കുന്ന രീതിയും ഇവിടെയുണ്ട്. വളമിടലും മരുന്നടിയും ഏരിയ നിര്‍മാണവും അടക്കമുള്ള ചിലവിനായി ഏകദേശം 25,000 മുതല്‍ 30,000 രൂപ വരെ ഏക്കറിന് ചിലവ് വരും. മെച്ചപ്പെട്ട വിളവാണെങ്കില്‍ ചിലവ് എല്ലാം തീര്‍ത്ത് ഏക്കറിന് അര ലക്ഷം രൂപവരെ ബാക്കിയായി കിട്ടാറുണ്ട്. എന്തായാലും കാലാവസ്ഥ അനുകൂലമാകുന്നുവെങ്കില്‍ കരാറില്‍ പറഞ്ഞതിനെക്കാളും പൂക്കള്‍ ലഭിക്കുമെന്ന് കൃഷിക്കാര്‍ പറഞ്ഞു.
സീല്‍ ചെയ്ത കവറുകളിൽ ഏജന്‍റിന്‍റെ വീട്ടിലെത്തുന്ന പണം
ഓരോ ആഴ്ച്ചയിലും പറച്ചെടുക്കുന്ന പൂക്കള്‍ കമ്പനി വണ്ടികളെത്തി ശേഖരിച്ച് കൊണ്ടുപോകും. കരാര്‍ ഉറപ്പിക്കുന്നത് മുതല്‍ കര്‍ഷകരുടെ ഓരോരുത്തരുടെയും പേരില്‍ കാര്‍ഡ് ലഭിക്കും. വിത്തും വളവും നല്‍കുന്നത് മുതല്‍ പറിച്ചെടുക്കുന്ന പൂക്കളുടെ തൂക്കം വരെ അതത് സമയങ്ങളില്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. കര്‍ഷകര്‍ക്കുള്ള പണം തൂക്കം കണക്കാക്കി കമ്പനി സീല്‍ ചെയ്ത് കവറില്‍ ഏജന്‍റിന്‍റെ വിലാസത്തില്‍ അയച്ചു നല്‍കുകയാണ് ചെയ്യുന്നത്.
കര്‍ഷകര്‍ ഏജന്‍റുമായി ബന്ധപ്പെട്ടാല്‍ അവരുടെ പേരെഴുതിയ കവര്‍ കൈമാറും. കര്‍ഷകര്‍ കൈപ്പറ്റിയതിന് ശേഷം മാത്രമെ ഈ കവര്‍ തുറക്കാന്‍ പാടുള്ളു എന്നതാണ് വ്യവസ്ഥ. അയച്ച പൂവിന്‍റെ തൂക്കവും അതിനുള്ള വിലയും കൃത്യമായി രേഖപ്പെടുത്തിയ ബില്ല് അടക്കമായിരിക്കും പണം അയക്കുക. നിലവില്‍ 9.30 രൂപ മുതല്‍ പത്ത് രൂപ വരെ കിലോക്ക് നല്‍കിയാണ് ചാമ്രാജ് നഗറിലെ ഫാക്ടറികള്‍ പൂക്കള്‍ ശേഖരിക്കുന്നത്.