birdwatch | വെറുതെയിരുന്ന പരുന്തിനെ 'ചൊറിഞ്ഞ്' കാക്ക

Published : Nov 11, 2021, 04:20 PM ISTUpdated : Nov 11, 2021, 07:01 PM IST

തദ്ദേശീയനാണ് കരിഞ്ചിറകന്‍ പരുന്ത് (black winged kite). എന്നാല്‍, ഉപഭൂഖണ്ഡത്തില്‍ നിന്ന്  അന്‍റാര്‍ട്ടിക് ഒഴികെ ഈ ഭൂലോകം മുഴുവനും പറന്നെത്തി കീഴടക്കിയവനാണ് നമ്മുടെ സ്വന്തം കാക്ക. എവിടെ ചെന്നാലും നാട്ടിലെ സ്വഭാവം തന്നെയാണ് അവന്. കാക്കയും കരിഞ്ചറകന്‍ പരുന്തിന്‍റെയും ഒരു കൂടിക്കാഴ്ചയാണ് ഈ ചിത്രങ്ങള്‍. ഗള്‍ഫിലെ അജ്മാനില്‍ നിന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി ബിജു അഗസ്റ്റിന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.   

PREV
117
birdwatch | വെറുതെയിരുന്ന പരുന്തിനെ 'ചൊറിഞ്ഞ്' കാക്ക

നാട്ടിലുണ്ടായിരുന്ന സമയത്ത് പക്ഷി നിരീക്ഷണത്തിനൊക്കെ പോകാറുണ്ടായിരുന്നു. അന്ന് ഇന്നത്തേതിനേക്കാള്‍ പക്ഷികള്‍ നാട്ടിലെമ്പാടും കാണാം. പാടത്തും പറമ്പിലും അവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു പക്ഷേ ആ പച്ചപ്പുകള്‍ക്ക് നാശം നേരിട്ടപ്പോള്‍ പക്ഷികളുടെ എണ്ണത്തിലും കുറവ് വന്നതാകാം. 

217

ജോലി തേടി ഗള്‍ഫിലേക്ക് കുടിയേറിയിട്ട് പത്ത് പന്ത്രണ്ട് വര്‍ഷം കഴിയുന്നു. കാലമേറെ കഴിഞ്ഞെങ്കിലും രണ്ട് വര്‍ഷം മുമ്പാണ് ഒരു ക്യാമറ സ്വന്തമാക്കാന്‍ കഴിഞ്ഞത്.  അതില്‍ പിന്നെ ഞങ്ങളുടെ ഒരു സംഘം ( കുറഞ്ഞത് ആറ് പേരെങ്കിലും കാണാം ) ഒരുമിച്ചാകും പക്ഷി നിരീക്ഷണത്തിനിറങ്ങാറ്. 

 

317

പലര്‍ക്കും പല ഷിഫ്റ്റുകളും കാര്യങ്ങളുമായതിനാല്‍ പല്ലപ്പോഴുമേ ഒന്നിച്ച് കൂടാന്‍ കഴിയാറുള്ളൂ. ഏങ്കിലും ഞാനും ഇരിങ്ങാലുക്കുടക്കാരനും സുഹൃത്തുമായ ഷൈജു മുഹമ്മദും മിക്കപ്പോഴും ഒന്നിച്ചായിരിക്കും പക്ഷി നിരീക്ഷണത്തിന് ഇറങ്ങുക. 

 

417

ഞങ്ങളുടെ അത്തരമൊരു യാത്രയിലാണ് പക്ഷികള്‍ തമ്മിലുള്ള ഈ മല്‍പ്പിടിത്തം കാണാനിടയായതും പകര്‍ത്തിയതും. സത്യത്തില്‍ നമ്മുടെ കാക്ക സ്വന്തം സ്വഭാവം കാണിച്ചതാണ്. പക്ഷേ ആള് മാറിപ്പോയെന്ന് മാത്രം. ആ കഥയിങ്ങനെ. 

 

517

ഒഴിവ് കിട്ടിയ ഒരു വെള്ളിയാഴ്ച പതിവ് പോലെ ഞാനും ഷൈജു മുഹമ്മദും ക്യാമറയുമായി അജ്മാനിലേക്ക് വച്ച് പിടിച്ചു. പക്ഷികളെ സ്ഥിരമായി കാണാറുള്ള സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങളിരുവരും ക്യാമറയ്ക്കുള്ള ഇരയേ തേടി ഇറങ്ങി. 

 

617

അതിനിടെയാണ് വെട്ടിമാറ്റിയ ശേഷം കൂട്ടിയിട്ട ഉണങ്ങിയ മരച്ചില്ലകളുടെ ഇടയ്ക്ക് കരിഞ്ചിറകനെ കാണുന്നത്. ആദ്യകാഴ്ചയില്‍ സ്വസ്ഥനായിരുന്നു ആള്. ഒത്ത് കിട്ടിയതിനാല്‍ പല പോസിലുള്ള പടമൊടുക്കാനായി ഞാനും കൂടി. ഒന്ന് ചുറ്റിനടന്ന് പടമെടുക്കുന്നതിനിടെയാണ്, നമ്മുടെ കക്ഷിയെ കണ്ടത്. കാക്കയെ. 

 

717

ഒരു മാറ്റവും ഇല്ല. നാട്ടിലെ പോലെ തന്നെ. തഞ്ചം നോക്കി കുറച്ച് ദൂരയായി അവന്‍ ഇരിപ്പുറപ്പിച്ചു. പിന്നെ ഒന്ന് അങ്ങോട്ടും പിന്നൊന്ന് ഇങ്ങോട്ടും ചാടി സാന്നിധ്യമറിച്ചു. ആദ്യമാദ്യം വെട്ടിയിട്ട കമ്പുകള്‍ക്കിടിയിലായിരുന്നു ഈ പാത്തുപതുങ്ങിയും കളി. 

 

817

കാക്കയുടെ കളികള്‍ ആദ്യമാദ്യം താത്പര്യമില്ലാതെയാണ് കരിഞ്ചിറകന്‍ നോക്കിയത്. പലപ്പോഴും അവന്‍ കാക്കയുടെ പരിപാടിയില്‍ കാര്യമായ ശ്രദ്ധകൊടുത്തിരുന്നില്ലെന്ന് പറയുന്നതാകും ശരി. പക്ഷേ, നോക്കിയിരിക്കുമ്പോളാണ് കാക്ക, കരിഞ്ചിറകനിരിക്കുന്ന മരക്കൊമ്പിന് താഴെയായി ഇരുപ്പുറപ്പിച്ചത്. പിന്നെ അവിടെ നിന്നായി കലാപാരിപാടികള്‍. 

917

കാക്കയെ ആദ്യം ശ്രദ്ധിക്കാതിരുന്ന കരിഞ്ചിറകന് പൊറുതി മുട്ടി. സ്വസ്ഥമായി ഇരിക്കാനൊരിടം കണ്ട് പറന്നിറങ്ങിയതാണ്. അതിനിടെയാണ് ശല്യക്കാരന്‍റെ വരവ്. അതിന്‍റെ തമാശയെന്തെന്നാല്‍ കാക്കയുടെ ഈ കളിക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നതാണ്. 

 

1017

ഇരുവരുടെയും കൂട് ആ പ്രദേശത്തൊന്നുമായിരുന്നില്ല. മാത്രമല്ല, ഇരയെടുക്കാനായുള്ള സൂക്ഷ്മ നിരീക്ഷണത്തിലുമായിരുന്നില്ല ഇരുവരും. കരിഞ്ചിറകനാകട്ടെ പ്രഭാത ഭക്ഷണം കഴിഞ്ഞുള്ള വിശ്രമത്തിലാണെന്ന് കണ്ടാലറിയാം. അല്പം സമാധാന കാംക്ഷിയാണെന്ന് കക്ഷി പറയാതെ പറയാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് കാണുന്നവരില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു കരിഞ്ചിറകന്‍റെ നീക്കങ്ങള്‍. 

 

1117

ശത്രുവില്‍ നിന്ന് വലിയ പ്രതികരണമൊന്നും ഇല്ലെന്ന് കണ്ടതും കാക്ക തനി സ്വാഭാവം കാണിച്ച് തുടങ്ങി. നീണ്ട കരച്ചിലിലൂടെ അവന്‍ കരിഞ്ചിറകനെ നിരന്തരം ശല്യം ചെയ്തുതുടങ്ങി. കരച്ചിലും പിന്നെ ചുറ്റും കിടന്നുള്ള പറക്കലുമൊക്കെയായപ്പോള്‍ കരിഞ്ചിറകന്‍ പിരിവെട്ടിയെന്ന് തന്നെ പറയാം. 

 

1217

ഇരുന്ന ഇരിപ്പില്‍ പെട്ടന്ന് പറന്നുയര്‍ന്ന കരിഞ്ചിറകന്‍ തന്‍റെ വിശ്വരൂപം പുറത്തെടുത്തു. അതോടെ കാക്കയ്ക്ക് നിലനില്‍പ്പില്ലാതായി. അങ്ങോട്ട് ചൊറിയാന്‍ ചെന്ന് ഇങ്ങോട്ട് വാങ്ങിക്കൂട്ടേണ്ട ഗതികേടിലെത്തി അവന്‍. പിന്നെ തടിയെങ്കിലും ഊരിയെടുക്കാനുള്ള തത്രപ്പാടിലായി കാര്യങ്ങള്‍. 

 

1317

ഒരു വിധത്തില്‍ കാക്ക കരിഞ്ചിറകന്‍റെ പ്രത്യാക്രമണത്തില്‍ നിന്നും തടിയൂരി പിന്‍മാറി. പരാജയം സമ്മതിച്ച് കാക്ക പിന്‍മാറിയതോടെ ഇരുവരുടെയും അങ്കം പകര്‍ത്താന്‍ പകര്‍ത്താന്‍ പറ്റിയ സന്തോഷത്തിലായിരുന്നു ഞാന്‍. എടുത്ത ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്. 

 

1417

കാക്കയുടെ പിന്‍മാറ്റം കഴിഞ്ഞ് ഏതാണ്ട് ആറേഴ് മിനിറ്റ് കഴിഞ്ഞതേയുണ്ടാവുകയുള്ളൂ കരിഞ്ചിറകന്‍ തല്‍സ്ഥാനത്ത് തിരിച്ചെത്തി ചുറ്റും ശ്രദ്ധിച്ച് സ്വസ്ഥനായി ഇരിക്കുന്നു. പെട്ടെന്നാണ് അവന്‍ ശബ്ദം വീണ്ടുമുയര്‍ന്നത്... പോയത് തിരിച്ചെത്തിയോ എന്ന് അതിശയപ്പെട്ട് തലയുര്‍ത്തിയപ്പോള്‍ കണ്ടതാകട്ടെ...

 

1517

പേടിച്ച് പിന്‍മാറിയ കാക്ക എവിടെ നിന്നോ മൂന്നാല് കൂട്ടുകാരെയും കൂട്ടി തിരിച്ചെത്തി കരിഞ്ചിറകനെ വെല്ലുവിളിക്കുന്നു. ആളെണ്ണം കൂടിയത് കരിഞ്ചിറകനെ ഏറെ പ്രശ്നത്തിലാക്കി. ചുറ്റിക്കറങ്ങിയും പറന്നുയര്‍ന്നും ഒഴിഞ്ഞ് മാറിയും ഓരോന്നിനെ ഓരോന്നിനെയായി അക്രമിക്കാന്‍ ശ്രമിച്ചും അവന്‍ നന്നായി പ്രതിരോധിക്കുന്നുണ്ടായിരുന്നു. 

 

1617

പക്ഷേ, അംഗ സഖ്യയിലുണ്ടായ വര്‍ദ്ധനവ് കരിഞ്ചിറകനെ പ്രശ്നത്തിലാക്കി. ഒടുവില്‍, ശല്യക്കാരായ പുതിയ അതിഥികള്‍ കാരണം അവന്‍ അവിടം വിട്ട് പറന്നുയര്‍ന്നു. ഈ കാഴ്ചകള്‍ പക്ഷേ എനിക്ക് പകര്‍ത്താന്‍ കഴിഞ്ഞില്ല.

1717

ഞാനത് ആസ്വദിച്ച് നില്‍ക്കുന്നതിടെ പരിപാടി കഴിഞ്ഞ് അവര്‍ പല വഴിക്ക് നീങ്ങിയിരുന്നു. ഒടുവില്‍ ക്ലൈമാക്സ് ചിത്രങ്ങള്‍ ഷൈജു കാണിച്ച് തന്നു. 2010 മുതല്‍ തന്നെ യുഎഇ അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും കാക്കയുണ്ടാക്കിയ പൊല്ലാപ്പുകളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 
 

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories