കുസൃതിക്കുറുമ്പന്‍ ; കഴിക്കാനായി വച്ച ഭക്ഷണത്തില്‍ ഉരുണ്ട് വീണ് ആനക്കുട്ടി

First Published Oct 18, 2021, 1:43 PM IST


തായ‍്‍ലന്‍റിലെ (Thailand)സൂറത്താനിയിലെ സാമുയി എലിഫന്‍റ് ഹെവനില്‍ (Samui Elephant Haven)നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗമായിരിക്കുന്നത്. മുത്തശ്ശിയാനയ്ക്ക് മൃഗശാലാ അധികൃതര്‍ സമ്മാനിച്ച ഭക്ഷണം കഴിക്കാനെത്തിയ കൊച്ചു മകന്‍റെ വികൃതിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെട്ടെന്ന് തരംഗമായി. കുട്ടിക്കുറുമ്പന്‍ തന്‍റെ ഭക്ഷണം ചവിട്ടിമെതിക്കുന്നത് കണ്ട മുത്തശ്ശിയാന പല തവണ അവനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലെ ആളുകള്‍ കുട്ടിനായയുടെ വികൃതിയില്‍ പ്രതികരിച്ച് കുറിപ്പെഴുതാന്‍ തുടങ്ങിയതോടെയാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 

മൃഗസ്നേഹികള്‍ക്കും സന്ദര്‍ശകര്‍ക്കും 110 പൌണ്ടിന്‍റെ ഭക്ഷണം മൃഗശാലയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്ക് നല്‍കുന്നതിന് അവസരമുണ്ട്. ജംബോ അരി, മത്തങ്ങ, തണ്ണിമത്തൻ, വാഴപ്പഴം, മുന്തിരി കേക്ക് എന്നിവയടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമായിരിക്കും അത്. 

മുത്തശ്ശിയോടൊപ്പമാണ് കുട്ടിയാനയും ഭക്ഷണം കഴിക്കാനെത്തിയത്. എന്നാല്‍, കഴിക്കാനെത്തിയ പാടേ,  മുന്നില്‍ കണ്ട തണ്ണിമത്തന്‍ കഷ്ണം ഏടുക്കാനായി അവന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍റെ കുഞ്ഞിത്തുമ്പിക്കൈ കൊണ്ട് തണ്ണിമത്തന്‍ കഷ്ണം എടുക്കാന്‍ കഴിഞ്ഞില്ല. 

ഇതില്‍ പ്രകോപിതനായ ആനക്കുട്ടി മുന്നിലെ ഭക്ഷണം ചവിട്ടി തെറിപ്പിക്കുകയായിരുന്നു.  മുത്തശ്ശി ആന , അപ്പോഴൊക്കെ അവനെ ശാന്തയായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അത് നടക്കാതായതോടെ തന്‍റെ പങ്ക് കഴിച്ച് തുടങ്ങുകയും ചെയ്തിരുന്നു. 


ഒടുക്കം മുത്തശ്ശി ഭക്ഷണം കഴിക്കുന്നത് കണ്ട ആനക്കുട്ടിയും ഒരു തണ്ണിമത്തന്‍ കഷ്ണം എടുത്ത് കഴിച്ചു. പിന്നെയും ഒന്ന് രണ്ട് കക്ഷണങ്ങള്‍ കഴിച്ചെങ്കിലും അവന് ഭക്ഷണം അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല.  അവന്‍ മുത്തശ്ശിയുടെ മുന്നില്‍ ഭക്ഷണത്തിന് വിലങ്ങനെ നിന്നു. 

പിന്നെ ഭക്ഷണത്തിന് മുകളിലേക്ക് അവന്‍ മറിഞ്ഞ് വീണു. തന്‍റെ ചെറിയ ശരീരം കൊണ്ട് അവന്‍ പരമാവധി ഭക്ഷണത്തെയും മറച്ചുവച്ചു. എന്നാല്‍ ഈ സമയമൊക്കെ മുത്തശ്ശിയാന തന്‍റെ തുമ്പിക്കൈകൊണ്ട് ഭക്ഷണം കഴിപ്പ് തുടര്‍ന്നുകൊണ്ടിരുന്നു. 

ഭക്ഷണത്തില്‍ വീണ് ഉരുണ്ട് മറിഞ്ഞായി പിന്നീടവന്‍റെ കളി. മൃഗശാലാ അധികൃതര്‍ കൊണ്ടുവച്ചിരുന്ന ഭക്ഷണം ചവിട്ടി അരച്ച് തെറിപ്പിച്ച ശേഷമാണ് അവന് ഒന്ന് സമാധാനമായത്. ഒടുവില്‍ , തന്‍റെ പരാക്രമത്തിനിടെയിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഒരു കഷ്ണം തണ്ണിമത്തന്‍ അകത്താക്കാനും അവന്‍ മറന്നില്ല.

ആനക്കുട്ടിയുടെ കുറുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടവര്‍ക്ക് പക്ഷേ കാര്യമത്രയ്ക്ക് സഹിച്ചില്ല. അവര്‍ കുട്ടികളുടെ കുറുമ്പുകളെ കുറിച്ച് വാചാലരായി. കുട്ടി അത്രയും ഭക്ഷണം നശിപ്പിച്ചിട്ടും എന്ത് കൊണ്ട് മുത്തശ്ശി ആന അവനെ മാറ്റിയില്ല എന്നതായിരുന്നു പലരുടെയും സംശയം. 

എന്നാല്‍, ചിലര്‍ കുട്ടിയാനയ്ക്കെതിരായിരുന്നു. 'എന്തുകൊണ്ടാണ് എല്ലാ ജീവജാലങ്ങളിലും കൊച്ചുകുട്ടികൾ ഒരു ഭീഷണിയാകുന്നത്,' എന്നായിരുന്നു ഒരാളുടെ സംശയം. 'എന്തുകൊണ്ടാണ് കുട്ടി നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് ? നിങ്ങൾ എവിടെ പോകുന്നു, 'മറ്റൊരാൾ ചോദിച്ചു.

'ലിറ്റില്‍ ബ്രോ അതിൽ മൂൺവോക്ക് ചെയ്തു, അതിൽ മുഖം വയ്ക്കുന്നു  തിന്നുന്നു, തുപ്പുന്നു,  എന്നിട്ട് അതിൽ ഒരു പാലറ്റ് പോലെ കിടക്കുന്നു... അവൻ നരകം പോലെ മോശമാണ്,' മറ്റൊരാള്‍ പറഞ്ഞു. കുഞ്ഞ് ലഘുഭക്ഷണം നശിപ്പിക്കുമ്പോള്‍ മുത്തശ്ശി എങ്ങനെ ശാന്തനായിരിക്കുമെന്നായിരുന്നു മറ്റൊരാളുടെ സംശയം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!