കൈയ്യില്‍ ബന്ധുവിന്‍റെ മേല്‍വിലാസം മാത്രം; അമേരിക്കന്‍ അതിര്‍ത്തി കടന്നത് ആറും നാലും വയസ്സുള്ള പെണ്‍കുട്ടികള്‍

First Published Oct 16, 2021, 5:31 PM IST

അമേരിക്കന്‍ - മെക്സിക്കന്‍ അതിര്‍ത്തി എന്നും സങ്കര്‍ഷഭരിതമാണ്. അമേരിക്കയെന്ന ഒന്നാംകിട രാജ്യത്ത് കുടിയേറാനുള്ള ആഗ്രഹവുമായി തെക്കേ അമേരിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ഓരോ ദിവസവും ആയിരങ്ങളാണ് ഈ അതിര്‍ത്തിയിലേക്ക് എത്തുന്നത്. സ്വാഭാവികമായും ഇത് അതിര്‍ത്തി പൊലീസുമായുള്ള സങ്കര്‍ഷത്തിലേക്ക് നീങ്ങും. എന്നാല്‍ ആ സംഘര്‍ഷദേശത്ത് നിന്ന് മറ്റൊരു വാര്‍ത്താണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മോറെലോസ് ഡാമിന് തെക്ക്, യുഎസ് ബോർഡർ പട്രോളിന്‍റെ യൂമ സെക്ടർ പ്രദേശത്ത് നിന്ന് രണ്ട് കുട്ടികളെ കണ്ടെത്തി. ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളെയാണ് അതിര്‍ത്തി പൊലീസ് കണ്ടെത്തിയത്.  

തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അതിര്‍ത്തി കടക്കാനായി സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണ് യൂമ സെക്ടര്‍ എന്ന് അതിര്‍ത്തി പൊലീസ് സമ്മതിക്കുന്നു. കുട്ടികളുമായി അതിര്‍ത്തി കടക്കാനെത്തുന്നവരും കുറവല്ല. 

യൂമ സെക്ടറിന്‍റെ തെക്ക് കിഴക്ക് മെക്സിക്കോയിലെ പ്രശസ്തമായ എൽ പിനാകേറ്റ് വൈ ഗ്രാൻ ഡിസേർട്ടോ ഡി അൾത്താർ ബയോസ്ഫിയർ റിസർവാണ്. അതായത് അതിവിശാലമായ വരണ്ട മലകള്‍ നിറഞ്ഞ മരുഭൂമി. 

അതിനിടയിലൂടെ ഒഴുകുന്ന കൊളറാഡോ നദിയും നദിക്ക് കുറുകെ കെട്ടിയ കാലിഫോര്‍ണിയ അരിസോണ അതിര്‍ത്തിയിലെ മോറെലോസ് ഡാമില്‍ നിന്നും തുറന്ന് വിടുന്ന കനാലുകളും കടന്ന് വേണം മെക്സിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍.

അമേരിക്കയില്‍ അതിര്‍ത്തിയില്‍ അത്യാധുനീക ആയുധങ്ങളും വാഹനങ്ങളുമുള്ള അതിര്‍ത്തി പൊലീസ്, സദാസമയവും റോന്തു ചുറ്റുന്നുണ്ടാവും. ഇതിനൊക്കെ പുറമേ അതിര്‍ത്തിയില്‍ അമേരിക്ക പണിത വന്‍മതിലും കടന്ന് വേണം അമേരിക്കന്‍ ഭൂപ്രദേശത്തെത്താന്‍.

ഇത്രയും ദുരിതങ്ങള്‍ താണ്ടിയാണ് ഓരോ തവണയും ആയിരങ്ങള്‍ അതിര്‍ത്തി കടക്കാനെത്തുന്നത്. അതിനിടെയാണ് കഴിഞ്ഞ ദിവസം ആറും നാലും വയസുള്ള രണ്ട് കുട്ടികളെ അതിര്‍ത്തി പൊലീസ് കണ്ടെത്തിയത്. 

കുട്ടികളുടെ സുരക്ഷയെ കരുതി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് യുഎസ് ബോർഡർ പട്രോളിന്‍റെ യൂമ സെക്ടർ വിഭാഗം അറിയിച്ചു. കുട്ടികളില്‍ മൂത്തയാളുടെ കൈവശം അമേരിക്കയിലെ അരിസോണയില്‍ താമസിക്കുന്ന അമ്മായിയുടെ മേല്‍വിലാസമുണ്ടായിരുന്നു. 

അമ്മായിയുടെ മേല്‍വിലാസം കൊടുത്ത് കുട്ടികളെ ആരോ അതിര്‍ത്തി കടത്തിവിടുകയായിരുന്നുവെന്ന് അതിര്‍ത്തി പൊലീസ് പറഞ്ഞു. 

അമേരിക്കന്‍ അതിര്‍ത്തിയായ യുമാ സെക്ടറില്‍ 172 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ പണി പൂര്‍ത്തിയായത്. ചില ഭാഗങ്ങള്‍ 18 അടി ഉയരമുള്ള മതില്‍ മറ്റ് ചില ഭാഗങ്ങളില്‍ 30 അടി വരെ ഉയരത്തിലാണ് പണിതിരിക്കുന്നത്. 

സിസിടിവി ക്യാമറയില്‍ ഉയരമുള്ള മതിലിലൂടെ ഒരാള്‍ കയറില്‍ തൂങ്ങി ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളുടെ ചുമലില്‍ ഒരു പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അമേരിക്കന്‍ അതിര്‍ത്തി കടക്കാനായി മെക്സിക്കന്‍ അതിര്‍ത്തിയിലെത്തുന്ന കുടുംബങ്ങള്‍ അതിര്‍ത്തിയില്‍ ക്രിമിനല്‍ സംഘങ്ങളുടെ കൊള്ളയ്ക്ക് വിധേയരാകുന്നത് പതിവാണ്.  

ഇങ്ങനെ അതിര്‍ത്തിയില്‍പ്പെട്ട് കിടക്കുന്ന മാതാപിതാക്കളെ സമീപിച്ച് കുട്ടികളെ അതിര്‍ത്തി കടത്തി വിടുന്നതിന് സഹായിക്കുന്ന ആളുകള്‍ ഈ പ്രദേശങ്ങളില്‍ സജീവമാണെന്നും പൊലീസ് പറയുന്നു.

സെപ്റ്റംബർ 16 ന് പുറത്തുവിട്ട അവസാന അതിർത്തി റിപ്പോർട്ട് അനുസരിച്ച്, 2020 ഒക്ടോബര്‍ മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടെ അരിസോണ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരും പൊലീസും തമ്മില്‍ 1,30,710 ഏറ്റുമുട്ടലുകളാണ് നടന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!