താലിബാന്‍ പഴയ താലിബാനല്ല; എങ്കിലും പാഞ്ച്ഷീറിലെ പുലിക്കുട്ടികളെ തോല്‍പ്പിക്കാന്‍ അവര്‍ക്കാവുമോ?

Web Desk   | Asianet News
Published : Sep 03, 2021, 08:28 PM ISTUpdated : Sep 03, 2021, 08:29 PM IST

പുതിയ സര്‍ക്കാര്‍ രൂപവല്‍കരിക്കാനുള്ള തിരക്കുകള്‍ക്കിടയിലും അഫ്ഗാനിസ്താനിന്റെ വടക്ക് ഭാഗത്ത് അസാധാരണമായൊരു യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളും മുന്നില്‍ മുട്ടുകുത്തിയിട്ടും ചെറുത്തുനില്‍പ്പ് തുടരുന്ന പാഞ്ച്ഷിര്‍ താഴ്‌വരയെ കീഴ്‌പ്പെടുത്തുകയാണ് താലിബാന്റെ ഉദ്ദേശ്യം. താലിബാനു മുന്നില്‍ കീഴടങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ മുന്നണിയുടെ നിയന്ത്രണത്തിലാണ് താഴ്‌വര. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാന്‍ വിട്ട ദിവസം പുലര്‍ച്ചെ താലിബാന്‍ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുന്നു. ഇരു സൈന്യങ്ങളും പരസ്പരം അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഇവിടെനിന്നുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ല.  ഈ യുദ്ധം എത്രകാലം തുടരും? താലിബാനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാഞ്ച്ഷിറിലെ പുലിക്കുട്ടികള്‍ക്ക് കഴിയുമോ? അധിനിവേശങ്ങള്‍ക്കെതിരെ എക്കാലവും പൊരുതിജയിച്ചിട്ടുള്ള താഴ്‌വരയെ കീഴ്‌പ്പെടുത്താന്‍ താലിബാന് കഴിയുമോ? 

PREV
133
താലിബാന്‍ പഴയ താലിബാനല്ല; എങ്കിലും പാഞ്ച്ഷീറിലെ  പുലിക്കുട്ടികളെ തോല്‍പ്പിക്കാന്‍ അവര്‍ക്കാവുമോ?

പാഞ്ച്ഷിര്‍ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. എതിരാളികളുടെ കൈയിലുള്ള 11 ഔട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെടുന്നു. പ്രതിരോധ മുന്നണിയിലെ 34 പേരെ വധിച്ചതായും താലിബാന്‍ സാംസ്‌കാരിക കമീഷന്‍ അംഗം ഇനാമുല്ല സമന്‍ഗനി മാധ്യമങ്ങളോട് പറഞ്ഞു 

233

എന്നാല്‍, ഇത് പച്ചക്കള്ളമാണെന്നും തങ്ങളാണ് മുന്‍പന്തിയില്‍ എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്.  ഇതുവരെ 350-ലേറെ താലിബാന്‍കാരെ വധിച്ചതായി പ്രതിരോധ മുന്നണി അവകാശപ്പെടുന്നു. താലിബാന്‍കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ പറ്റിയിട്ടില്ലെന്നും പാഞ്ച്ഷീറിലെ എല്ലാ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുന്നണ വക്താവ് ഫാഹിം ദഷ്തി മാധ്യമങ്ങളോട് പറഞ്ഞു. 

333

ഇന്നലെ രാത്രിയില്‍ ജബല്‍ സിറാജ് പര്‍വ്വതത്തിലൂടെ വന്ന് സുതുല്‍ ജില്ല കീഴടക്കാന്‍ താലിബാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, അതിലവര്‍ പരാജയപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇവിടെ ചിതറിക്കിടക്കുകയാണ്. നാല്‍പതു മൃതദേഹങ്ങള്‍ മാത്രമാണ് അവര്‍ കൊണ്ടുപോയതെന്നും ഫാഹിം പറയുന്നു. 

433

താലിബാന്‍ കാബൂള്‍ പിടിച്ചതിനു പിന്നാലെയാണ് പ്രതിരോധ മുന്നണി പരസ്യമായി താലിബാന്‍ ഭീകരരെ വെല്ലുവിളിച്ചത്. അതിനെ തുടര്‍ന്ന്, മുന്നണി നേതാക്കളുമായി സമവായത്തിനുള്ള ശ്രമങ്ങള്‍ താലിബാന്‍ നടത്തിയിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് താലിബാന്‍ സൈനിക നീക്കമാരംഭിച്ചത്. ഒരാഴ്ചയിലേറെയായി ഇവിടേക്ക് പല ഭാഗങ്ങളില്‍നിന്നും താലിബാന്‍കാര്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. 

533

താഴ്‌വരയിലേക്കുള്ള എല്ലാ വഴികളും അടക്കുകയും പാലം തകര്‍ക്കുകയും ചെയ്ത ശേഷമാണ് അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ താലിബാന്‍ ഭീകരര്‍ ആക്രമണമാരംഭിച്ചത്. അമേരിക്കന്‍ സൈന്യം പിന്‍മടങ്ങുകയും കാബൂള്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ആക്രമണം.

633

ഈ യുദ്ധത്തില്‍ ആരു ജയിക്കും?  പ്രതിരോധ മുന്നണി എത്ര കാലം പിടിച്ചുനില്‍ക്കും? അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് 2001-ല്‍ താലിബാന്‍ ഭരണകൂടത്തെ കടപുഴക്കിയ വടക്കന്‍ സഖ്യത്തിന്റെ പിന്‍മുറക്കാരാണ് പാഞ്ച്ഷിറുകാര്‍. വടക്കന്‍ സഖ്യത്തിന്റെ നേതാവായ അഹമ്മദ് ഷാ മസൂദിന്റെ മകനും സഖാക്കളുമാണ് അതില്‍ പ്രധാനമായും ഉള്ളത്. 

733

എന്നാല്‍, അന്നത്തെ സാഹചര്യമല്ല ഇന്ന്. അന്ന് അമേരിക്കയും നാറ്റോ രാജ്യങ്ങളും വടക്കന്‍ സഖ്യത്തിനൊപ്പം ഉണ്ടായിരുന്നു. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ താലിബാന്‍ ലോകമാകെ ഒറ്റപ്പെട്ട നിലയിലായിരുന്നു. എന്നാലിന്ന് അമേരിക്കയും നാറ്റോയും കളത്തിലില്ല. അവര്‍ മാറിനില്‍ക്കുകയാണ്. ഭീകരതയ്ക്ക് എതിരായ യുദ്ധം തന്നെ അമേരിക്ക നിര്‍ത്തലാക്കിയിരിക്കുന്നു. 
 

833


പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഹായമില്ലാതെ താലിബാന്‍ പോലൊരു വലിയ സൈന്യത്തെ തോല്‍പ്പിക്കുക പ്രതിരോധ മുന്നണിക്ക് ബുദ്ധിമുട്ടാവും. അതറിഞ്ഞാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ മുന്നണിയുടെ ജീവാത്മാവായ അഹമ്മദ് മസൂദ് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ പരസ്യമായി തേടിയത്. 

933

എന്നാല്‍, അമേരിക്ക ഇതിനോട് പ്രതികരിച്ചിട്ടേയില്ല. എന്നാല്‍, 3.3 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് അഫ്ഗാന്‍ സൈന്യത്തെ സഹായിച്ചതിന് ആവോളം തിരിച്ചടി കിട്ടിയ അമേരിക്ക വീണ്ടും കൈപൊള്ളാന്‍ നില്‍ക്കില്ല എന്നാണ് സൂചനകള്‍

1033

എന്നാല്‍, അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ പ്രതിരോധ മുന്നണിയെ സഹായിക്കണം എന്ന അഭിപ്രായക്കാരാണ്. ഫ്‌ളോറിഡയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗമായ മെക്ക് വാള്‍ട്‌സ് ഇതിനകം ജോ ബൈഡന്‍ സര്‍ക്കാറിനു മുന്നില്‍ ഈ ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. 

1133

ഇനിയുമുണ്ട് അനേകം ഘടകങ്ങള്‍. ഫോറിന്‍ പോളിസിയില്‍ ജോമി ഗ്രാമറും ജാക് ഡച്ചും എഴുതിയ വിശദമായ പഠനത്തില്‍ ഈ യുദ്ധത്തിന്റെ ജയപരാജയ സാദ്ധ്യതകള്‍ വിശകലനം ചെയ്യുന്നുണ്ട്. 

1233

താലിബാനെ വടക്കന്‍ സഖ്യം പരാജയപ്പെടുത്തിയ 2001-ല്‍ താലിബാനേക്കാള്‍ ആയുധശക്തിയും സൈനിക ശക്തിയും വടക്കന്‍ സഖ്യത്തിനായിരുന്നു. അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ താലിബാന്റെ ആയുധശക്തിയെക്കുറിച്ച് പറയുന്നുണ്ട്. 
 

1333

താലിബാന്റെ കാബൂള്‍ സെന്‍ട്രല്‍ യൂനിറ്റിന്റെ കൈയില്‍ 130 ടാങ്കുകളും 85 കവചിത വാഹനങ്ങളും 85 പീരങ്കി യൂനിറ്റുകളും ഏഴായിരം സൈനികരുമാണ് ഉള്ളതെന്നാണ് അന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനറല്‍ ഫാഹിം ഖാന്റെ നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യത്തിന്റെ കൂടെ പതിനായിരം സൈനികരുണ്ട്. ഒപ്പം 40 ടാങ്കുകളും 80 ഓളം കവചിത വാഹനങ്ങളും കുറച്ച് പീരങ്കികളുമുണ്ട്. 

1433

കണക്കുകളിലെ ഈ വ്യത്യാസം യുദ്ധഗതി മാറ്റി. വടക്കന്‍ സഖ്യത്തിന് ആവശ്യത്തിന് വെടിക്കോപ്പുകളും ആയുധങ്ങളും അമേരിക്ക നല്‍കിയതോടെ കളി മാറി. ഒരു മാസത്തിനകം വടക്കന്‍ സഖ്യം കാബൂള്‍ ആക്രമിച്ചു കീഴടക്കി. താലിബാന്‍ ഭീകരര്‍ ഓടിരക്ഷപ്പെട്ടു. 

1533

എന്നാല്‍, ഇത്തവണ താലിബാന്‍ പഴയ അവസ്ഥയിലല്ല. അഫ്ഗാന്‍ സൈന്യം പേടിച്ചോടുന്നതിനിടയില്‍ ഉപേക്ഷിച്ച ആയുധശേഖരം മുഴുവന്‍ അവരുടെ കൈയിലുണ്ട്. അതാകട്ടെ ചില്ലറ ആയുധങ്ങളുമല്ല. അമേരിക്ക നല്‍കിയ അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും അടക്കമുള്ള വന്‍ശേഖരമാണ്. 

1633

അന്ന് താലിബാന്‍ ഇതിലും ദുര്‍ബലമായിരുന്നു. അഫ്ഗാനിസ്താന്റെ കുറേ ഭാഗങ്ങള്‍ വടക്കന്‍ സഖ്യത്തിന്റെ കൈയിലാണ് ഉണ്ടായിരുന്നത്. ബാക്കി പ്രദേശങ്ങള്‍ വെച്ചാണ് താലിബാന്‍ അഫ്ഗാന്‍ ഭരിച്ചത്. എന്നാലിപ്പോള്‍, പാഞ്ച്ഷീര്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും താലിബാന്റെ കീഴിലാണ്. 

1733

അന്നത്തേക്കാള്‍ കൂടുതല്‍ സമ്പന്നരാണ് ഇന്ന് താലിബാന്‍. കൂടുതല്‍ സൈനികരും കൂടുതല്‍ ആയുധശേഷിയും പരിചയസമ്പന്നതയും അവര്‍ക്കുണ്ട്. അന്നത്തേതില്‍നിന്നും വ്യത്യസ്തമായി റഷ്യയുടെയും ചൈനയുടെയും പിന്തുണയും താലിബാന് ഗുണകരമാണ്. 

1833

അന്നത്തെ അവസ്ഥയല്ല താലിബാന്‍േറത് എന്നാണ് മുന്‍ സി ഐ എ ഉദ്യോഗസ്ഥനും പ്രതിരോധ വകുപ്പിലെ ഉന്നതനുമായിരുന്ന മിക്ക് മല്‍റോയ് 'ഫോറിന്‍ പോളിസി' മാഗസിനോട് പറഞ്ഞത്. ''സൈനികമായി താലിബാന്‍ ഏറെ മുന്നിലാണ്. ബില്യണ്‍ കണക്കിന് ഡോളറുകളുടെ ആയുധശേഖരമാണ് അവരുടെ കൈയിലെത്തിയത്. പിന്നെ, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ പരാജയപ്പെടുത്തി എന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്.''-അദ്ദേഹം പറയുന്നു.   

1933

അമേരിക്കയുടെയോ വിദേശരാജ്യങ്ങളുടെയോ സഹായവും ആയുധവിതരണവും ഇല്ലാതെ, ഒരുപാട് കാലം താലിബാനോട് പിടിച്ചുനില്‍ക്കാന്‍ പാഞ്ച്ഷിര്‍ താഴ്‌വരയ്ക്ക് കഴിയില്ല എന്നാണ് അഫ്ഗാന്‍ പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാഞ്ച്ഷിറിലേക്കുള്ള പാതകളും പാലങ്ങളുമെല്ലാം പിടിച്ചെടുത്ത് അതിനെ ഉപരോധിക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. പുറത്തുനിന്നുള്ള സഹായം കൂടാതെ ഈ ഉപരോധം നേരിടുക എളുപ്പമല്ല. 
 

2033

എന്നാല്‍, ഒറ്റയടിക്ക് പ്രതിരോധ മുന്നണിയെ എഴുതിത്തള്ളാനും കഴിയില്ല. അവര്‍ക്കുമുണ്ട് അനേകം അനുകൂല ഘടകങ്ങള്‍. സൈനികമായി അവര്‍ ചില്ലറക്കാരല്ല.  സോവിയറ്റ് പടയോടും താലിബാനോടും ഏറ്റുമുട്ടി വിജയിച്ച വടക്കന്‍ സഖ്യത്തിലെ പരിചയസമ്പന്നരായ യോദ്ധാക്കളാണ് അതിലേറെയും. 
 

2133


ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ട് വര്‍ഷങ്ങളായി തങ്ങള്‍ ആയുധശേഖരം നടത്തിയിരുന്നതായാണ് അവര്‍ പറയുന്നത്. ഒപ്പം, അഫ്ഗാന്‍ പ്രതിരോധ സേനയിലെ നിരവധി പേര്‍ അവര്‍ക്കൊപ്പമുണ്ട്. അഫ്ഗാന്‍ ചാരസംഘടനയിലെ പഴയ അംഗങ്ങളും കമാണ്ടോകളും പാഞ്ച്ഷിര്‍ മുന്നണിക്കൊപ്പമുണ്ട്. 

2233


പതിറ്റാണ്ടുകളായി ചാരഏജന്‍സികളില്‍ ജോലി ചെയ്യുകയും ലോകത്തെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ് പ്രതിരോധ മുന്നണി നേതാവ് അംറുല്ലാ സാലിഹ്. അദ്ദേഹത്തിന്റെ ബന്ധങ്ങളും പരിചയസമ്പന്നതയും പോരാട്ടത്തില്‍ സഹായകമാവും എന്നാണ് കരുതുന്നത്. 

2333


അഫ്ഗാനില്‍ രൂപവല്‍കരിക്കാന്‍ പോവുന്ന സര്‍ക്കാറിന്റെ സ്വഭാവമാണ് ഇതില്‍ നിര്‍ണായകമാവുന്ന ഒരു വശം, പ്രബലരായ ഗോത്രങ്ങളുടെയും യുദ്ധപ്രഭുക്കളുടെയും നാടാണ് അഫ്ഗാനിസ്താന്‍. അധികാരത്തിലെത്തുമ്പോള്‍ അവരെയൊക്കെ താലിബാന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനമാണ്.

2433

ഇവരുടെയൊക്കെ പങ്കാളിത്തത്തോടെയുള്ള സര്‍ക്കാറാണ് താലിബാന്‍ രൂപവല്‍കരിക്കുന്നത് എങ്കില്‍, താലിബാന്‍ കൂടുതല്‍ ശക്തരാവും. മറിച്ച്, മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ, മറ്റെല്ലാവരെയും അകറ്റിനിര്‍ത്തി തങ്ങള്‍ മാത്രമുള്ള സര്‍ക്കാര്‍ രൂപവല്‍കരിച്ചാല്‍, ഇവരെല്ലാം പ്രതിരോധ മുന്നണിയുടെ ഭാഗമായി മാറും. 

2533

അങ്ങനെ വന്നാല്‍, പാഞ്ച്ഷിര്‍ മുന്നേറ്റത്തെ പരാജയപ്പെടുത്തുക താലിബാന് ദുര്‍ഘടമായിരിക്കും. ഈ പ്രശ്‌നം മുന്നില്‍ കണ്ടാണ് മുന്‍ പ്രസിഡന്റ് കര്‍സായി അടക്കമുള്ളവരുമായി സഖ്യത്തിലാവാനുള്ള ശ്രമങ്ങള്‍ താലിബാന്‍ നടത്തിയത്. പ്രായോഗിക രാഷ്ട്രീയത്തിനും നയതന്ത്രത്തിനും പ്രാധാന്യം നല്‍കിയാല്‍ ഈ വെല്ലുവിളി തരണം ചെയ്യാന്‍ താലിബാനാവും. അങ്ങനെ വരുന്നത് പാഞ്ച്ഷിര്‍ മുന്നണിയെ ദുര്‍ബലമാക്കുമെന്നാണ് കരുതുന്നത്. 

2633

മറ്റൊന്ന് പാഞ്ച്ഷിര്‍ താഴ്‌വരയ്ക്കുള്ള സൈനികവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മുന്‍കൈയാണ്. സോവിയറ്റ് അധിനിവേശ സമയത്ത് പോലും കോട്ടപോലെ ഉറച്ചുനിന്ന പ്രദേശമായിരുന്നു വടക്കന്‍ അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍. താലിബാന്റെ തുടക്ക കാലത്തുതന്നെ അതിനെതിരായി രംഗത്തുവരികയും പ്രദേശിക ശക്തികളെ ഉള്‍പ്പെടുത്തി വടക്കന്‍ സഖ്യമുണ്ടാക്കി അതിനെതിരെ പൊരുതുകയും ചെയ്ത പഴയ മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദിന്റെ നാടാണ് ഇത്. 
 

2733

ഹിന്ദുക്കുഷ് പര്‍വ്വതനിരയുടെ ഓരം ചേര്‍ന്നുള്ള പഞ്ച് ഷീര്‍ താഴ്വര മലകളാല്‍ ചുറ്റപ്പെട്ടതാണ്. കോട്ടപോലെ സുരക്ഷിതമായ ഈ പ്രദേശം എല്ലാ കാലത്തും യോദ്ധാക്കള്‍ക്ക് പേരുകേട്ടതാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്നും 150 കിലോ മീറ്റര്‍ വടക്കുള്ള ഈ പ്രദേശം ചരിത്രത്തിലെ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാണ്. 

2833

ൗ താഴ്വരയില്‍നിന്നാണ് എണ്‍പതുകളില്‍ സോവിയറ്റ് അധിനിവേശത്തിനെതിരായ മുജാഹിദ് മുന്നേറ്റത്തിന്റെ തുടക്കം. സോവിയറ്റ് പട്ടാളം പഞ്ച്ഷീര്‍ കീഴടക്കാന്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും നടന്നില്ല. മിന്നല്‍ ആക്രമണം നടത്തി രക്ഷപ്പെടുന്ന മുജാഹിദുകളെ കീഴ്പ്പെടുത്താന്‍ കഴിയാതെയാണ് അന്ന് സോവിയറ്റ് സേന കളംവിട്ടത്. 

2933

പാഞ്ച്ഷിറും സമീപപ്രദേശമായ ബാദഖ്ഷാനും ചരിത്രപരമായി തന്നെ താലിബാന്‍ വിരുദ്ധ മുന്നേറ്റങ്ങളുടെ കേന്ദ്രമാണ്. താജിക്കിസ്താനുമായും പാക്കിസ്താന്റെ അധീനതയിലുള്ള ജില്‍ജിത് ബാല്‍ട്ടിസാനുമായും ചേര്‍ന്ന പ്രദേശമാണ് ബാദഖ്ഷാന്‍. ഈ പ്രദേശങ്ങളുടെ നിയന്ത്രണം കൈയില്‍ വെക്കാന്‍ കഴിയുമെങ്കില്‍, താലിബാന് വലിയ തലവേദനയാകുവാന്‍ പ്രതിരോധ മുന്നണിക്ക് കഴിയുമെന്ന് പതിറ്റാണ്ടുകളായി അഫ്ഗാനിസ്താന്‍ സംഘര്‍ഷം പഠിക്കുന്ന ഫൗണ്ടേഷന്‍സ് ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമാക്രസിയിലെ മുതിര്‍ന്ന ഗവേഷകനായ ബില്‍ റോജിയോ ചൂണ്ടിക്കാട്ടുന്നു. 

3033

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത്, ഇവരെ തടയാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമായിരുന്നു. ആ സമയത്താണ്, താലിബാനെതിരായ ആക്രമണവുമായി ദേശീയ പ്രതിരോധ മുന്നണി രംഗപ്രവേശനം ചെയ്തത്. താലിബാനോട് വിയോജിപ്പുള്ള അഫ്ഗാന്‍ കൂട്ടായ്മകളുടെ ഒരു മുന്നണി. ദേശീയ പ്രതിരോധ മുന്നണി (National Resistance Front-NRF) എന്ന പേരിലാണ് ഈ സഖ്യം അറിയപ്പെട്ടത്. 
 

3133


അഫ്ഗാനിസ്ഥാനിലെ അന്തറബ് പ്രദേശത്ത് താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടിയ പ്രതിരോധ മുന്നണി താലിബാന്റെ ബനു ജില്ല മേധാവി അടക്കം നിരവധി ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഫാജിര്‍ എന്ന പ്രദേശത്തും ഏറ്റുമുട്ടല്‍ നടന്നു. 50 താലിബാന്‍ ഭീകരരരെ പ്രതിരോധ മുന്നണി പോരാളികള്‍ വധിക്കുകയും 20 പേരെ തടവുകാരായി പിടിക്കുകയും ചെയ്തു
 

3233


താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തതായി  പ്രതിരോധ മുന്നണി അതിനിടെ അവകാശപ്പെടുകയും ചെയ്തു. ബാഗ്ലാന്‍ മേഖലയിലെ പൊലെ ഹെസാര്‍, ദേ സലാഹ്, ബാനു ജില്ലകള്‍ പിടിച്ചെടുത്തു എന്നാണ് മുന്നണി അവകാശപ്പെട്ടത്. 
 

3333


താലിബാനെതിരെ അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് രണ്ടുപേരാണ്. വടക്കന്‍ സഖ്യത്തിന്റെ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്. താലിബാന്റ വിജയം കണ്ടപ്പോള്‍ നാടുവിട്ടോടിയ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്.  
 

click me!

Recommended Stories