സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും അനുവദിച്ച് ക്യൂബ; ഹിതപരിശോധനയില്‍ 66.9 ശതമാനം വോട്ട്

First Published Sep 27, 2022, 10:45 AM IST

രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കലും നിയമപരമാക്കുന്നതിനായി ക്യൂബയില്‍ ഹിതപരിശോധന നടത്തി. 66.9 ശതമാനം പേർ, അതായത് 3.9 ദശലക്ഷം പേര്‍ ഇവ നിയമവിധേയമാക്കണമെന്ന് അനുകൂലിച്ചപ്പോള്‍ 1.95 ദശലക്ഷം പേർ (33 ശതമാനം) എതിർത്ത് വോട്ട് ചെയ്തു. രാജ്യത്തെ മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ നിയമത്തെ അംഗീകരിക്കുന്നതായി കമ്മീഷന്‍ പ്രസിഡന്‍റ് അലീന ബല്‍സെയ്റോ ഗുട്ടറസ് സര്‍ക്കാര്‍ ടെലിവിഷനിലൂടെ അറിയിച്ചു. റഫറണ്ടത്തിന് അനുകൂലമായി ദശലക്ഷക്കണക്കിന് ആളുകള്‍ വോട്ട് ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ ശക്തിപ്രാപിപ്പിക്കുന്ന ഇവാഞ്ചലിക്കല്‍ പ്രസ്ഥാനത്തില്‍ നിന്ന് അസാധാരണമായ എതിര്‍പ്പുയര്‍ന്നെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍  വ്യാപകമായതിന് ശേഷം നടക്കുന്ന ആദ്യ ഹിതപരിശോധനകൂടിയാണിത്. വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 'നീതി നടന്നിരിക്കുന്നു' എന്നാണ് ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ ട്വീറ്റ് ചെയ്തത്. 

ക്യൂബന്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും നിരവധി തലമുറകളോടുള്ള കടം വീട്ടുകയാണെന്നും പുതിയ നിയമത്തിന് കീഴില്‍ കുടുംബാസൂത്രണ പദ്ധതികള്‍ തയ്യാറാക്കി അവര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ കൂട്ടിചേര്‍ത്തു. 

100 പേജുകള്‍ അടങ്ങുന്ന 'കുടുംബ കോഡ്' സ്വവർഗ വിവാഹവും സിവിൽ യൂണിയനുകളെയും നിയമവിധേയമാക്കുന്നു, സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ നിയമം അനുവദിക്കുന്നു. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള ഗാർഹിക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

ഇത്തരത്തില്‍ നിയമപരമായി, സാമൂഹികമായ വലിയ മുന്നേറ്റത്തിന് തന്നെ കാരണമായേക്കാവുള്ള നിയമമാണ് ക്യൂബ ഹിതപരിശോധന നടത്തി വിശ്വാസ്യത നേടിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ വോട്ട് ചെയ്യാൻ യോഗ്യതയുണ്ടായിരുന്ന 8.4 ദശലക്ഷം ക്യൂബക്കാരിൽ 74 ശതമാനം പേരും പങ്കെടുത്തതായി ഇലക്ടറൽ കമ്മീഷനിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു. 

ഹിതപരിശോധന ഒരു സ്വതന്ത്ര നിരീക്ഷകന്‍റെ നേതൃത്വത്തിലല്ല നടന്നത്. എങ്കിലും പൗരന്മാര്‍ക്ക് അവരവരുടെ സ്ഥലങ്ങളിലെ കണക്കുകള്‍ നിരീക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക കണക്കുകള്‍ ഔദ്ധ്യോഗിക ഫലങ്ങളുമായി പൊരുത്തപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ക്യൂബയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടി കടന്ന് പോകുന്ന ഇയന്‍ ചുഴലിക്കാറ്റിന് മുമ്പ് ചേര്‍ന്ന അടിയന്തരയോഗത്തിലാണ് പ്രസിഡന്‍റ്  മിഗ്വൽ ഡയസ് കാനൽ, പുതിയ നിയമത്തിന് മേല്‍ നടന്ന ഹിതപരിശോധനയുടെ ഫലം പുറത്ത് വിട്ടത്. മിഗ്വൽ ഡയസ് കാനലിന്‍റെ നേതൃത്വത്തിലാണ് പുതിയ 'കുടുംബ കോഡി'നായുള്ള പ്രചാരണം നടന്നതും. 

വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിന്‍റെ അംഗീകാരം നേടാന്‍ കഴിഞ്ഞെങ്കിലും ഇന്നും ഏകീകൃത കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബയില്‍ 33 ശതമാനം പേര്‍ എതിര്‍പ്പുയര്‍ത്തിയെന്നത് ആശ്ചര്യപ്പെടുത്തുന്ന സംഖ്യയാണെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സര്‍ക്കാര്‍ റഫറണ്ടങ്ങളില്‍ ഐക്യകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നിടത്താണ് ഇപ്പോള്‍ 33 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തത്. ക്യൂബയില്‍ ജനങ്ങള്‍ക്ക് മേലുള്ള സര്‍ക്കാറിന്‍റെ മേല്‍ക്കൈ നഷ്ടപ്പെടുകയാമെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്താന്‍ തയ്യാറാകുന്നെന്നും വിദേശമാധ്യമങ്ങള്‍ നിരീക്ഷിച്ചു. 

പുതിയ ഫലം ക്യൂബയുടെ മാറ്റത്തെ സൂചിപ്പിക്കുകയാണെന്നും നിരീക്ഷിക്കപ്പെട്ടു. നിലവില്‍ ഭക്ഷണത്തിനും, മരുന്നിനും ഇന്ധനത്തിനുമായി ജനങ്ങള്‍ നീണ്ട ക്യൂവിലാണ്. ഇതിനിടെ വൈദ്യുതി മുടക്കവും സാമ്പത്തിക മാന്ദ്യവും ജനജീവിതത്തെ ഏറെ ദുഷ്കരമാക്കുന്നു.

അടുത്ത കാലത്തായി ക്യൂബയില്‍ സര്‍ക്കാര്‍ പൊതു നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. 
 

click me!