പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ മകന് മാതാപിതാക്കൾ സമ്മാനമായി നല്‍കിയത് മഹീന്ദ്ര താർ. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയത് നിയമവിരുദ്ധവും അപകടകരവുമാണെന്ന് സോഷ്യൽ മീഡിയ.

പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ പൂർത്തിയായതിന്റെ ആഘോഷത്തിനിടയിൽ മാതാപിതാക്കൾ മകന് സമ്മാനമായി നൽകിയത് പുത്തൻ 'മഹീന്ദ്ര താർ റോക്സ്' എസ്‌യുവി. ഈ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. അർണവ് എന്ന വിദ്യാർത്ഥിക്ക് മാതാപിതാക്കൾ നൽകിയ ഈ 'സർപ്രൈസ്' സമ്മാനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷമായ വിമർശനങ്ങളുമായി നെറ്റിസൺസ് രംഗത്തെത്തിയിരിക്കുന്നത്.

പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്ന് പുറത്തിറങ്ങിയ അർണവിനെ തേടിയെത്തിയ മാതാപിതാക്കൾ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അവന് വലിയൊരു സർപ്രൈസ് ഒരുക്കിയിരുന്നു. നടപ്പാതയിൽ വെച്ച് അമ്മ റോഡിലേക്ക് വിരൽ ചൂണ്ടി 'അതാണ് നമ്മുടെ കാർ' എന്ന് പറഞ്ഞതോടെയാണ് പുതിയ താർ റോക്സ് അർണവ് കാണുന്നത്. പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് മുക്തനായ അർണവ് അമ്പരപ്പോടെ കാറിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ആളുകളും മാതാപിതാക്കളുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നിയമപരമായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ലെന്നിരിക്കെ, അവർക്ക് ഇത്തരത്തിൽ വാഹനം സമ്മാനിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചിലർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഈ പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 25 വയസ്സിൽ താഴെയുള്ളവർക്ക് താർ പോലുള്ള വാഹനങ്ങൾ ഓടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നും, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, നിലവിൽ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.