Sooty Tern: ഉറങ്ങിക്കൊണ്ട് പറക്കുന്ന, 'ഉലകം ചുറ്റും വാലിബൻ' കേരളത്തിലും

First Published Jul 11, 2022, 5:18 PM IST

ഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ വെച്ച് കഴിഞ്ഞ ദിവസം വന്യജീവി ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ശബരി ജാനകി  (Sabari Janaki) ഒരു പക്ഷിയെ തിരിച്ചറിഞ്ഞു. അത്യപൂര്‍വ്വമായി മാത്രം കേരളത്തില്‍ കണ്ടിട്ടുള്ള "ഒരു ഉറക്കക്കാരനാണ്" അവന്‍. അതെ പറന്ന് കൊണ്ട് ഉറങ്ങാൻ കഴിയുന്ന പക്ഷി. അങ്ങനെയൊരു പക്ഷിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതും തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിന് മുകളിൽ പറന്ന് നടക്കുന്ന അത്ഭുത സഞ്ചാരി പക്ഷിയെ കുറിച്ച് ? അതെ, 'കറുത്ത കടൽ ആള' (Sooty Tern) എന്നറിയപ്പെടുന്ന ആ ഉലകം ചുറ്റും വാലിബനെ കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നു. 

കൊക്കുകള്‍ക്ക് താഴെ മുതല്‍ അടിഭാഗം വരെ വെള്ള നിറം. മുകള്‍ ഭാഗത്ത് ചാരനിറം. കൂര്‍ത്ത കൊക്ക്, കൂര്‍ത്തതും നീണ്ടതുമായ ചിറകുകള്‍. ശരാശരി 30 വര്‍ഷത്തോളം ആയുര്‍ ദൈര്‍ഘ്യമുള്ള ഇവനാണ് 'കറുത്ത കടൽ ആള'. കടലില്‍ പറന്ന് നടക്കുന്ന നേരങ്ങളില്‍ കരയിൽ വരുന്നത് തന്നെ അപൂർവ്വം. മുട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങി പറക്കാൻ ആവുന്നതോടെ ഇവ കടലിന് മുകളിലേക്ക് പറന്നു തുടങ്ങുന്നു. ഈ പറക്കല്‍ തുടർച്ചയായി നാല് അഞ്ച് വർഷം ( up to 10 years)വരെ നീണ്ടുനിൽക്കും. 

പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രം ആണ് ഇവ കരയിൽ നില്‍ക്കുന്നത്. ഈ പറക്കലിന് ഇടയിലെ ഉറക്കമാണ് ബഹുരസം. ഒന്നോ രണ്ടോ സെക്കൻഡ് പറന്ന് കൊണ്ട് തന്നെ ഉറങ്ങാനുള്ള സിദ്ധി ഇവയ്ക്കുണ്ട്. ഇങ്ങനെ വർഷങ്ങളോളം കടലിന് മുകളിൽ ഇവ പറന്നു നടക്കുന്നു.

2016 ല്‍ പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് തലച്ചോറിന്‍റെ ഒരു ഭാഗത്തിന് വിശ്രമം കൊടുത്ത് മറുഭാഗം മാത്രം ഉപയോഗിച്ചാണ് ഇവ ഇത്തരം സന്ദര്‍ഭങ്ങളില്‍ പറക്കുന്നതെന്നാണ്. 

ലോകത്തിൽ 20 മില്യണിലധികം കറുത്ത കടലാളകൾ ഉണ്ടെന്നാണ് കണക്ക്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തിൽ ഇവയ്ക്ക് പറക്കാനാവും. കുറഞ്ഞ ശരീരഭാരവും (200gm)നീളമേറിയ ചിറകുകളുമാണ്  (wing span up to 80 cm) ഇവയെ ഇത്തരത്തില്‍ ദീര്‍ഘ ദൂരം പറക്കാൻ സഹായിക്കുന്നത്. 

പറന്ന് കൊണ്ട് കടൽ പരപ്പിലെ ചെറുമീനുകളെ കോരിയെടുത്ത് ഭക്ഷണം ആക്കുന്നതാണ് ഇവയുടെ ഭക്ഷണ രീതി. മറ്റ് കടൽ പക്ഷികളെ പോലെ ഇവയുടെ ചിറകുകൾക്ക് എണ്ണമയം (water proof)ഇല്ല. അതുകൊണ്ട് തന്നെ വെള്ളത്തിൽ മുങ്ങി പൊങ്ങാനുള്ള കഴിവും ഇവയ്ക്കില്ല. 

മഞ്ചേരിയിലെ കുന്നില്‍ മുകളില്‍ ഇവ പറന്നിരിക്കാന്‍ കാരണവും ഈ പ്രത്യേകത കാരണമെന്ന് ശബരീ ജാനകി പറയുന്നു. ദീര്‍ഘദൂരം പറക്കുന്നതിനിടെ ശക്തമായ മഴയത്ത് ചിറകുകൾ നനഞ്ഞതാവാം ഈ പക്ഷി ചെറുകുളത്തെ പാറപ്പുറത്ത് വിശ്രമിക്കാൻ കാരണം.

ശരീരത്തിന്‍റെ മുകൾഭാഗം കറുപ്പും തലയിലും അടിഭാഗത്തും വെളുപ്പും ആയാണ് ഇവയെ കാണുന്നത്. ഉൾക്കടലിലെ ആൾപാർപ്പില്ലാത്ത ദ്വീപുകളിൽ വലിയ ഗ്രൂപ്പുകളായി മണലിലും പാറയിടുക്കിലുമായാണ് ഇവ മുട്ടയിടുന്നത്. പറകളിലെ ചെറു ദ്വാരത്തില്‍ കൂടുണ്ടാക്കി ഒന്ന് മുതൽ മൂന്ന് വരെ മുട്ടകൾ വരെ ഇവ ഇടുന്നു. പ്രജനനത്തിനല്ലാതെ കരയിലേക്ക് വരുന്നത് തന്നെ അപൂർവ്വം. 

ഭൂമധ്യരേഖയോട് ചേർന്ന മിതശീതോഷ്ണ കടൽ പ്രദേശങ്ങളിലെല്ലാം ഇവയെ കാണാം. ആൻഡമാനിലും  ലക്ഷദ്വീപിലും  ഇവ കൂട്ടമായി പ്രജനനത്തിനായി എത്താറുണ്ട്. പോളിനേഷ്യൻ നാവികർ അവരുടെ ദീർഘദൂര യാത്രകളിൽ ഈ പക്ഷികളുടെ അതിശയിപ്പിക്കുന്ന സംഖ്യകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

മാർക്വേസസ് ദ്വീപുകളിൽ ഇത് 'കവേക' എന്നും ഇവ അറിയപ്പെടുന്നു. ഇവിടെ മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇവിടെ ഏറെ പ്രസിദ്ധമാണ്. പസഫിക് ദ്വീപായ റാപ നൂയിയിൽ ( Rapa Nui) അല്ലെങ്കിൽ ഈസ്റ്റർ ദ്വീപിലെ (Easter Island) 'തങ്കാറ്റ മനു' ( Tangata manu) അഥവാ പക്ഷി-മനുഷ്യനെ തെര‍െഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. 

Sabari Janaki

മത്സരത്തില്‍ ജയിക്കുന്നയാളാണ് തംഗത മനു. മത്സരത്തില്‍ ജയിച്ചാല്‍ അദ്ദേഹത്തിന് പ്രത്യേക പദവികള്‍ ലഭിക്കും.  മനുതാര എന്നറിയപ്പെടുന്ന സ്‌പെകാറ്റാക്കിൾഡ്, കടൽ ആളകളെ കേന്ദ്രീകരിച്ചാണ് ഈ മത്സരം. ഈ രണ്ട് ഇനം കടൽപ്പക്ഷികൾ എല്ലാ വർഷവും ജൂലൈ മുതൽ ഓഗസ്റ്റ് വരെ അടുത്തുള്ള ദ്വീപായ മോട്ടു നുയിയിൽ കൂടുണ്ടാക്കുന്നു. ഇവയുടെ ആദ്യത്തെ മുട്ട ശേഖരിച്ച് വിശുദ്ധ ഗ്രാമമായ ഒറോംഗോയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് മത്സരം.  വിജയി ആ വര്‍ഷത്തെ തങ്കത മനു ആകും. റാപ്പ നുയി സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു ഈ മത്സരം. 

                                                                                                                                                                             (തയ്യാറാക്കിയത് : കെ ജി ബാലു)

click me!