രോഗത്തെ തോല്‍പ്പിച്ച സൂപ്പര്‍ ഹീറോ; ഡൗൺസ്സിൻഡ്രോം ബാധിച്ച സിറില്‍ മോഡലായ കഥ

First Published Aug 27, 2021, 9:30 PM IST


'കുട്ടിക്കാലത്ത് തന്നെ സിറിലിന്‍റെ പ്രശ്നം ഞങ്ങള്‍ക്ക് മനസിലായിരുന്നു. അതിനാല്‍ അവന്‍റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെയുണ്ടായിരുന്നു. അവന്‍റെ ഭാവി ജീവിതം സ്വയം തീരുമാനിക്കാനും അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും അവനെ പ്രപ്തനാക്കണമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.' സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഡൌണ്‍സിന്‍ഡ്രോം ബാധിച്ച സിറിലിന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള സംസാരത്തിനിടെ അച്ഛന്‍ സേവ്യര്‍ പറഞ്ഞു. അമ്മ ലിന്‍സിയും ചേച്ചി ജെന്നിഫറും അവനൊപ്പം നിന്നു. പതുക്കെ പതുക്കെ സ്വയം ശുചിത്വം പാലിക്കുന്നതിലും ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നതിലും ഞങ്ങള്‍ അവനെ പ്രാപ്തനാക്കി. ഏറെ ശ്രമകരമാണെങ്കിലും ഒടുവില്‍ സിറില്‍ ഇന്ന് കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ഇത്തരം കുട്ടികളോടൊപ്പം നമ്മള്‍ എപ്പോഴും നില്‍ക്കേണ്ടതുണ്ട്. ഇന്ന് അവന് സ്വന്തായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. സ്വന്തം രൂപത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും സൌന്ദര്യ ബോധങ്ങളെ കുറിച്ചും അവന്‍ തികച്ചും ബോധവാനാണ്. അമ്മ അവന് കൂടുതല്‍ ചോറ് കൊടുക്കാന്‍ തുനിഞ്ഞാല്‍ അത് വേണ്ടെന്ന് പറയാന്‍ അവന് കഴിയുന്നു. സ്വന്തം ഭക്ഷണക്രമമാണ് അവന്‍ പിന്തുടരുന്നതെന്നും സോവ്യര്‍ പറഞ്ഞു. നടനോ മോഡലോ ആകണമെന്നാണ് അവന്‍റെ ആഗ്രഹം. ഈ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി സിറിലിന്‍റെ ഫോട്ടോഷൂട്ട് നടത്തിയത്. കവടിയാറിലെ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിറിള്‍. 

സാമ്പത്തികമായി ഏറെ മുന്നിലുള്ള പല കുടുംബങ്ങളിലും ഇത്തരം കുട്ടികളുണ്ട്. പക്ഷേ , അവര്‍ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ വീടിന് പുറത്തേക്കിയാല്‍ അവര്‍ക്കെന്തെങ്കിലും പറ്റമോയെന്ന ഭയത്തില്‍ വീട്ടിനുള്ളില്‍ തന്നെ നിര്‍ത്തുന്നു. അതൊരിക്കലും ചെയ്യരുതെന്നും സേവ്യര്‍ പറഞ്ഞു. 

ഞങ്ങളുടെ അനുഭവത്തില്‍ പറഞ്ഞാല്‍, കുട്ടികള്‍ക്ക് ഡൌണ്‍സിന്‍ട്രോം ഉണ്ടെന്ന് മനസിലായാല്‍ അവരെ വീട്ടിനുള്ളിലിരുത്താതെ സമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരമൊരുക്കണമെന്നാണ്. 


അങ്ങനെ അവസരമൊരുക്കുമ്പോള്‍ കുട്ടികള്‍ക്ക് ക്രമേണ കാര്യങ്ങള്‍ ചെയ്യാനും മനസിലാക്കാനുമുള്ള കഴിവ് കുറേയേറെ നേടിയെടുക്കാന്‍ കഴിയും. ഇങ്ങനെ അവരുടെ ഭാവി കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ഡൌണില്‍ ഇളവുകള്‍ വന്നപ്പോള്‍ ഡര്‍ഫുകളില്‍ പരിശീലനങ്ങള്‍ തുടങ്ങി. പണ്ട് ഞാനും സായിക്ക് വേണ്ടിയൊക്കെ ഫുഡ്ബോള്‍ കളിച്ചിട്ടുണ്ട്. അങ്ങനെ സിറിലിനെയും കൂട്ടി ഫുട്ബോള്‍ പ്രാക്റ്റീസിന് പോയി.

പത്തിരുപത് കുട്ടികള്‍ പങ്കെടുക്കാനുണ്ടായിരുന്നു. സാധാരണ കുട്ടികളുടെ വേഗമില്ലെങ്കിലും മറ്റ് കുട്ടികളോടൊപ്പം എക്സര്‍സൈസ് ചെയ്യാനും ബോള്‍ തട്ടാനുമൊക്കെ അവനും മുന്നിലുണ്ടായിരുന്നു. പ്രക്റ്റീസ് സമയങ്ങളിലൊക്കെ അവന്‍ കൂടുതല്‍ ഉന്മേഷവാനായിരുന്നു. 

കഴിഞ്ഞ ലോക്ഡൌണിന്‍റെ കാലത്ത് അവനായി വീട്ട് മുറ്റത്ത് പൂന്തോട്ടം ഒരുക്കി. സിറിലിന്‍റെ അമ്മ ലിൻസി ബോട്ടണിയാണ് പഠിച്ചത്. അതും സഹായകരമായി. പൂന്തോട്ടം ഒരുക്കാന്‍ തുടങ്ങിയത് മുതല്‍ സിറിലും മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ അവയെ പരിപാലിക്കുന്നതും അവനാണ്. 

ഡൗൺസ്സിൻഡ്രോമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ വീട്ടിനുള്ളില്‍ നിര്‍ത്താതെ അവരെ സമൂഹവുമായി ഇടപഴകാനാണ് ശ്രമിക്കേണ്ടത്. അല്ലാതെയാകുമ്പോള്‍ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് കാര്യങ്ങളെ പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിച്ചെന്ന് വരില്ല. 

മറിച്ച് കുട്ടിക്കാലത്ത് തന്നെ നമ്മള്‍ പരിശീലനം നല്‍കുമ്പോള്‍ അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും. കുട്ടികളുടെ ഭാവി ജീവിതത്തില്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്താന്‍ കഴിയുമെന്നും സേവ്യര്‍ പറഞ്ഞു. 

സിറിലിനെ കുറിച്ച് അറിഞ്ഞാണ് ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് നരസിംഹ സ്വാമിയും ചൂഴമ്പാലയിലെ ഞങ്ങളുടെ വീട്ടിലെത്തുന്നത്. മഹാദേവന്‍ തമ്പി ഫോട്ടോഷൂട്ടിനെത്തിയപ്പോഴും മണിക്കൂറുകളോളം 'ഹൈലി എനര്‍ജറ്റി'ക്കായിട്ട് രാത്രിയേതാണ്ട് പത്ത് മണിവരെ ഒരു പ്രശ്നങ്ങളുമില്ലാതെ തന്നെ സിറിള്‍ നിന്നു. 

നമ്മൾ അവരെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ  കുട്ടികളെ നമ്മുക്ക് മാറ്റാൻ കഴിയൂ. അവരുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങൾ ആഘോഷിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. 

കുട്ടിക്കാലം മുതലേ അവനെ കടകളിലും മാർക്കറ്റുകളിലും കൊണ്ടുപോകും. ഓരോ കാര്യങ്ങളും ഏങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കും. മൂന്നാല് നിര്‍ദ്ദേശങ്ങള്‍ ആലോചിച്ച് ഒന്നിച്ച് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഓരോന്നോരോന്ന് ആലോചിച്ച് ചെയ്യാന്‍ ഇന്ന് അവന് കഴിയുന്നുണ്ട്. 

ഇങ്ങനെ പൂന്തോട്ടമുണ്ടാക്കാനും നീന്താനും അവനിന്ന് വലിയ ഉത്സാഹമാണ് കാണിക്കുന്നത്. ലാപ്ടോപ്പുകള്‍ മൊബൈല്‍ ഫോണ്‍ എന്നിവ അത്യാവശ്യത്തിന് ഉപയോഗിക്കാനും അവന് കഴിയുന്നുണ്ട്. 

അവന്‍റെ പേരിലാണ് ഞങ്ങളുടെ 'സിറിള്‍സ് ഹണി' ഡീലര്‍ഷിപ്പ് തുടങ്ങിയത്. ഭാവിയില്‍ ആ സംരംഭം ഒറ്റയ്ക്ക് ചെയ്യാന്‍ അവനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യം. ഇന്ന് ഹണി പാക്കിങ്ങിനും മറ്റും വളരെ ഉത്സാഹത്തോടെയാണ് അവന്‍ പങ്കെടുക്കുന്നതെന്നും സേവ്യര്‍ പറഞ്ഞു. 

നിലവില്‍ സിറിലിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ശ്രീചിത്രയിലെ ചികിത്സയ്ക്ക് ശേഷം അമ്പലമുക്കിലെ ഹോമിയോ റിസര്‍ച്ച് സെന്‍ററിലെ ഡോ.അജയകുമാറാണ് സിറിലിനെ ചികിത്സിച്ചിരുന്നത്. 

മൂന്നാല് വര്‍ഷം മുമ്പ് വരെ ഹോമിയോ മരുന്നുകളാണ് കൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുറേയേറെ നാളായി വ്യായാമങ്ങളും മാനസീകോല്ലാസത്തിനുള്ള ചില വര്‍ക്കൌണ്ടുകളും മാത്രമാണ് ചെയ്യുന്നത്. മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സാന്ത്വനാ ഹോസ്പിറ്റലിലെ ഡോ. ശിവാനന്ദന്‍ നായരെയാണ് കാണിക്കാറുള്ളതെന്നും സേവ്യര്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!