Gateway to hell : അമ്പത് വര്‍ഷമായി കത്തിക്കൊണ്ടിരിക്കുന്ന 'നരകത്തിന്‍റെ കവാടം' മൂടാന്‍ തുർക്ക്മെനിസ്ഥാന്‍

First Published Jan 10, 2022, 11:09 AM IST

'നരകത്തിന്റെ കവാടം'(Gateway To Hell) എന്ന് പരക്കെ വിളിക്കപ്പെടുന്ന ജ്വലിക്കുന്ന ഒരു പ്രകൃതിവാതക ഗർത്തമുണ്ട് തുർക്ക്മെനിസ്ഥാനിൽ. ഏതുനേരവും കത്തിക്കൊണ്ടിരിക്കുന്ന ഒന്ന്. കണ്ടാൽ ഒരുപോലെ ആകർഷണവും ഭയവും തോന്നുന്ന ഒന്ന്. അതാണ് ​ദേർവാസ് ​ഗർത്തം അഥവാ ദർവാസ ​ഗർത്തം(Darvaza Crater). അമ്പതോളം വർഷങ്ങളായി അതങ്ങനെ എരിയുകയാണ്. 

എന്നാൽ ഇപ്പോൾ, പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ ഈ ​ഗർത്തം എങ്ങനെയും ഇല്ലാതെയാക്കണമെന്നും അണയ്ക്കണമെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്.  രാത്രികാലങ്ങളിലൊക്കെയും വളരെവളരെ അകലെനിന്നു തന്നെ നമുക്കതിന്റെ തീ കാണാം. രാവെന്നോ പകലെന്നോ ഇല്ലാതെ അതങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. 

കാരാകും മരുഭൂമിയിലുള്ള ഒരു ഗ്രാമമാണ് ദേർവാസ്. ഇത് ​ദർവാസ എന്നും അറിയപ്പെടുന്നു. അവിടെ സ്ഥിതി ചെയ്യുന്ന ​ഗർത്തമായതിനാൽ ഈ ​ഗർത്തത്തിന് ദേർവാസ് ​ഗർത്തം എന്ന് പേരുവന്നത്. സെൻട്രൽ ഏഷ്യൻ രാജ്യത്തിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ പ്രക‍ൃതിവാതക ​ഗർത്തം. 

തലസ്ഥാനമായ അഷ്ഗബാത്തിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ (160 മൈൽ) വടക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളായി ഈ ദര്‍വാസ ഗര്‍ത്തം തീ തുപ്പുകയാണ്. ഒരേസമയം ആളുകളിൽ ആകർഷണവും പാരിസ്ഥികാഘാതത്തെ കുറിച്ച് ആശങ്കയും സൃഷ്ടിച്ച് അതങ്ങനെ നിലനിൽക്കുന്നു.

ഗർത്തത്തെ ചുറ്റിപ്പറ്റിയുള്ള കഥ വളരെ രസകരമാണ്, 1971 -ൽ സോവിയറ്റ് ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ ഒരു സംഘം ഇവിടെ ഖനനം നടത്തി. ഖനനത്തിനിടെ പ്രകൃതിവാതകം നിറഞ്ഞ ഒരു ​ഗർത്തം കണ്ടെത്തി. എന്നാൽ, ഖനനത്തിനിടെ പ്രതലം പിളരുകയും വലിയൊരു ​ഗർത്തം രൂപപ്പെടുകയും ചെയ്തു. അതിൽ നിന്നും വാതകം ചുറ്റും പടരുന്നത് തടയാനായി അവർ അതിന് തീയിട്ടു. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ആ തീ കത്തിത്തീരും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാവരുടേയും പ്രതീക്ഷകൾ തകർത്തു കൊണ്ട് ആ തീ അണയാതെ കത്തി.  

അണയാത്ത ഈ തീ പിന്നീട് വിനോദസഞ്ചാരികൾക്ക് പ്രധാന ആകർഷണമായി തീര്‍ന്നു. 2019 -ൽ പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് ഇതിനുചുറ്റും സഞ്ചരിക്കുന്നത് സ്റ്റേറ്റ് ടിവിയില്‍ കാണിച്ചിരുന്നു. അതോടെ അത് വീണ്ടും പ്രസിദ്ധിയാർജ്ജിച്ചു.

എന്നാൽ, തീ അണയ്ക്കാനുള്ള വഴികൾ തേടാൻ ബെർഡിമുഖമെഡോവ് തന്റെ സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. കാരണം ഇത് പാരിസ്ഥിതിക നാശത്തിന് കാരണമാകുകയും പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റേറ്റ് പത്രമായ നെയ്‌ട്രാൾനി തുർക്ക്മെനിസ്ഥാൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 

2010 -ൽ തീ അണയ്ക്കാൻ ബെർഡിമുഖമെഡോവ് ഉത്തരവിട്ടിരുന്നു. പക്ഷേ, നേരത്തെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ ഗർത്തം ഇപ്പോൾ തുർക്ക്‌മെനിസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. 

എന്നാല്‍, ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചില്ലറയല്ല. എങ്കിൽ തന്നെയും ഇത്തവണത്തെ പ്രസിഡന്റിന്റെ നിർദ്ദേശം ലക്ഷ്യം കാണുമോ എന്നത് സംബന്ധിച്ച് വലിയ ഉറപ്പൊന്നുമില്ല. 

മുന്നൂറോളം ആളുകളാണ് ​ദർവാസ ​ഗ്രാമത്തിൽ കഴിയുന്നത്. അസഹനീയമായ ദുർ​ഗന്ധമുണ്ടെങ്കിലും ദർവാസ ​ഗ്രാമത്തിലെ ഈ ​ഗർത്തം കാണുന്നതിൽ നിന്നും അതൊന്നും ആളുകളെ വിലക്കുന്നില്ല. ഇപ്പോഴും ഇവിടേക്ക് വിനോദസഞ്ചാരികളെത്താറുണ്ട്. 

ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ശേഖരം തുർക്ക്‌മെനിസ്ഥാന് സ്വന്തമാണ്. കൂടാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ വ്യാപകമായി നിയമവിരുദ്ധമായി ദത്തെടുക്കുന്നതിലും തുര്‍ക്ക്മെനിസ്ഥാന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. 

click me!