
ഏഷ്യയ്ക്കും യുുറോപ്പിനും ഇടയിലുള്ള ഭൂപ്രദേശമെന്നത് കൊണ്ട് തന്നെ ചരിത്രത്തില്‍ ഒരു കാലത്തും ഉക്രൈനികള്‍ക്ക് സ്വസ്ഥതയുണ്ടായിരുന്നിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം സ്വന്തം സംസ്കാരത്തിന്‍റെ അതിജീവനവും മൗലികത നിലനിർത്താനുമായി നിരവധി പ്രതിബന്ധങ്ങളാണ് ഉക്രൈനികള്‍ക്ക് തരണം ചെയ്യേണ്ടിവന്നത്. അത്രയേറെ ആഴത്തില്‍ റഷ്യന്‍ കമ്മ്യൂണിസം ഉക്രൈന്‍ സ്വത്വത്തിന് മേല്‍ കടന്നുകയറ്റം നടത്തിയിരുന്നു.
വിശാല റഷ്യയിലേക്ക് ലയിപ്പിക്കപ്പെട്ട ഉക്രൈന്‍റെ സ്വന്തം സംസ്കാരവും ഭാഷയും ജീവിത രീതികളും പലപ്പോഴായി അധിനിവേശം നേരിട്ടു. ആധുനികതയിലേക്ക് പുരോഗമിക്കുമ്പോഴും ഉക്രൈനികള്‍ വളരെ പരമ്പരാഗതമായി തുടരാനാഗ്രഹിക്കുന്നത് നഷ്ടപ്പെട്ട സ്വത്വബോധം തിരിച്ച് പിടിക്കാനാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതില്‍ ഉക്രൈനികള്‍ പുലര്‍ത്തുന്ന ജാഗ്രതയും ശ്രദ്ധേയമാണ്.
പ്രധാനപ്പെട്ട പല ഉക്രൈനിയൻ അവധിദിനങ്ങളും സംഭവങ്ങളും പഴയ ജൂലിയൻ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഗ്രിഗോറിയൻ കലണ്ടറില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് റഷ്യ തങ്ങളുടെ സോവിയറ്റ് കലണ്ടര്‍ സൃഷ്ടിച്ചത്. ഈ വ്യത്യസത്തില്‍ നിന്ന് റഷ്യയും ഉക്രൈനികളും തമ്മിലുള്ള വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും തുടങ്ങുന്നു.
മൂന്ന്, നാല്, അഞ്ച് നൂറ്റാണ്ടുകളില്‍ ഉക്രൈന്‍ ഭൂഭാഗം ഭരിച്ചിരുന്ന ഹുന്നിക്, ഗോഥിക് ഭരണത്തിന്‍റെ (Hunnic and Gothic rule) അവസാനത്തോടെ സൃഷ്ടിക്കപ്പെട്ട പ്രദേശത്ത് വലിയൊരു അധികാര ശൂന്യത സൃഷ്ടിക്കപ്പെട്ടു. ഈ സമയത്താണ് കീവിനെ (Kyiv) അടിസ്ഥാനമാക്കി സ്ലാവിക് ഗോത്രങ്ങൾ ഉയർന്നുവരുന്നത്. ആറാം നൂറ്റാണ്ടായപ്പോഴേക്കും സ്ലാവിക്കുകള്‍ ഇപ്പോഴത്തെ ഉക്രൈന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും കടന്ന് ബാൽക്കണുകളിലേക്കും വ്യാപിച്ചു തുടങ്ങിയിരുന്നു.
ബിസി ആറാം നൂറ്റാണ്ട് മുതൽ ഗ്രീക്ക്, റോമൻ, ബൈസ്റ്റാന്‍റൻ കോളനികൾ കരിങ്കടലിന്‍റെ വടക്കുകിഴക്കൻ തീരങ്ങളായ ടൈറാസ്, ഓൾബിയ, ചെർസോണസ് എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെട്ടു. എഡി ആറാം നൂറ്റാണ്ടുകളോടെ ഇവ ശക്തമായി. ഗോഥുകൾ ഈ പ്രദേശത്ത് താമസിച്ചിരുന്നുവെങ്കിലും 370 മുതൽ ഹൂണുകളുടെ അധീനതയിലായിരുന്നു പ്രദേശം.
ഏഴാം നൂറ്റാണ്ടിൽ, ആധുനിക ഉക്രൈന്‍ പ്രദേശം ബൾഗാർ (Bulgars) സ്റ്റേറ്റിന്‍റെ ( Old Great Bulgaria) ഭാഗമായിരുന്നു. അതിന്‍റെ തലസ്ഥാനം ഫനാഗോറിയയും ( Phanagoria). ഏഴാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഭൂരിഭാഗം ബൾഗർ ഗോത്രങ്ങളും പലായനം ആരംഭിച്ചു. ഏതാണ്ട് ഇതേ സമയത്താണ് മധ്യേഷ്യയിൽ നിന്നുള്ള അർദ്ധ നാടോടികളായ ഖസാറുകൾ ഇവിടെ എത്തുന്നതും ബൾഗർ ഗോത്ര സംസ്കാരത്തെ സ്വന്തം സ്വത്വത്തിലേക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നത്.
ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ശക്തിപ്രപിച്ച അര്‍ദ്ധ നാടോടി ജനതയായ ആദിമ തുര്‍ക്കിക്ക് ജനത ഏഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ കാസ്പിയൻ കടലിനും കോക്കസസിനും സമീപം ഖസാർ സാമ്രാജ്യം ( Khazar kingdom) സ്ഥാപിച്ചു. പടിഞ്ഞാറൻ കസാക്കിസ്ഥാൻ, ക്രിമിയയുടെ ചില ഭാഗങ്ങൾ, കിഴക്കൻ ഉക്രൈന്‍, തെക്കൻ റഷ്യ, അസർബൈജാൻ എന്നിവ ഈ രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഏകദേശം 800 AD യോടെ രാജ്യത്ത് യഹൂദമതത്തിന് ഏറെ വേരോട്ടം ലഭിച്ചു.
ഇങ്ങനെ സാംസ്കാരികമായും രാഷ്ട്രീയമായും നിരവധി സംഘര്‍ഷങ്ങളുടെ ഭൂമികയായിരുന്നു ഉക്രൈന്‍. യൂറോപ്യന്‍ വന്‍കരയും ഏഷ്യന്‍ വന്‍കരയുടെയും അതിര്‍ത്തിയിലെ ഭൂപ്രദേശമായതിനാല്‍ നിരന്തര സംഘര്‍ഷങ്ങളിലൂടെയാണ് ചരിത്രത്തിലുട നീളം ഉക്രൈനികള്‍ കടന്ന് പോയിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും ആന്‍റീസ് ജനത ഉക്രൈനിലെത്തിയിരുന്നു. അവരാണ് ഉക്രൈനികളുടെ പൂര്‍വ്വീകരെന്ന് കരുതപ്പെടുന്നു.
വെളുത്ത ക്രൊയറ്റുകൾ, സെവേരിയൻ, കിഴക്കൻ പോളൻ, ഡ്രെവ്ലിയൻസ്, ഡൂലെബ്സ്, ഉലിച്ചിയൻസ്, ടിവേറിയൻസ് ഏന്നിങ്ങനെയുള്ള വ്യത്യസ്ത വംശങ്ങളുടെ സങ്കലനവും ഇവിടെ കാണാം. ഇത്രയും വൈവിദ്ധ്യമുള്ള വംശങ്ങളുടെ കടന്നുകയറ്റം സൃഷ്ടിച്ച സങ്കീര്‍ണതകള്‍ കൊണ്ട് തന്നെ ഉക്രൈന്‍റെ ചരിത്രം ഏറെ വ്യഖ്യാനങ്ങളുള്ളതാണ്. ഇന്ന് റഷ്യന്‍ ആക്രമണം നേരിടുന്ന ഉക്രൈന്‍ തലസ്ഥാനമായ കീവ് ആസ്ഥാനമാക്കിയാണ് ആദ്യത്തെ ഉക്രൈന്‍ രാജ്യം സ്ഥാപിതമാകുന്നതും.
റോസ്, റോസാവ, ഡൈനിപ്പർ എന്നീ നദികൾക്കിടയിൽ ജീവിച്ചിരുന്നവര്‍ കിഴക്കൻ പോളൻ പ്രദേശത്താണ് കീവൻ റസ് സ്ഥാപിക്കപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് ആറാം നൂറ്റാണ്ടിലെങ്കിലും കീവ് ആസ്ഥാനമായി ഒരു ഭരണകൂടം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ചരിത്രകാരന്മാരും പറയുന്നു. ആധുനിക ഉക്രൈന്‍റെ മധ്യ, പടിഞ്ഞാറൻ, വടക്കൻ ഭാഗങ്ങൾ, ബെലാറസ്, പോളണ്ടിന്‍റെ വിദൂര കിഴക്കൻ സ്ട്രിപ്പ്, ഇന്നത്തെ റഷ്യയുടെ പടിഞ്ഞാറൻ ഭാഗം എന്നിവ കീവൻ റസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
10, 11 നൂറ്റാണ്ടുകളിൽ യൂറോപ്പിലെ ഏറ്റവും വലുതും ശക്തവുമായ രാജ്യമായി ഇത് മാറി. പിന്നീട് ഉക്രൈനിന്‍റെയും റഷ്യയുടെയും ദേശീയ സ്വത്വത്തിന് അടിത്തറയിട്ടതും ഈ സംസ്കാരമായിരുന്നു. അപ്പോഴേക്കും ഒരു നഗരമെന്ന തലത്തില്‍ കീവ് വളരെയേറെ ശ്രദ്ധനേടിയിരുന്നു. കീവിനെ അടിസ്ഥാനമാക്കി നിരവധി നഗരങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ പ്രദേശത്തെ മറ്റൊരു ശക്തമായ വംശീയ വിഭാഗമായ വരൻജിയൻമാർ പിന്നീട് സ്ലാവിക് ജനസംഖ്യയിൽ ലയിക്കുകയും ആദ്യത്തെ റഷ്യന്‍ രാജവംശമായ റൂറിക് രാജവംശത്തിന്‍റെ ഭാഗമാവുകയും ചെയ്തു.
പരസ്പരം രക്തബന്ധമുള്ള റൂറികിഡ് നിയാസെസ് ("രാജകുമാരന്മാർ") ഭരിച്ചിരുന്ന നിരവധി പ്രിൻസിപ്പാലിറ്റികൾ ചേർന്നാണ് 'കീവൻ റസ്', നിയന്ത്രിച്ചിരുന്നത്. ഇവർ പലപ്പോഴും കീവ് കീഴടക്കാനായി പരസ്പരം പോരടിച്ചു. കീവൻ റസിന്‍റെ സുവർണ്ണകാലം മഹാനായ വ്ലാഡിമിറിന്‍റെ ( Vladimir the Great 980-1015) ഭരണകാലത്താണെന്ന് കരുതപ്പെടുന്നു.
റഷ്യയെ ബൈസന്‍റൈൻ ക്രിസ്ത്യാനിറ്റിയിലേക്ക് തിരിച്ച് വിട്ടത് വ്ലാഡിമിറായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ യാരോസ്ലാവ് ദി വൈസിന്‍റെ (1019-1054) ഭരണകാലത്ത് കീവൻ റസ് അതിന്‍റെ സാംസ്കാരിക വികാസത്തിന്‍റെയും സൈനിക ശക്തിയുടെയും ഉന്നതിയിലെത്തി. എന്നാല്‍, പ്രാദേശിക ശക്തികള്‍ ശക്തിപ്രാപിച്ചതോടെ കീവ് ഛിന്നഭിന്നമായി.
പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണം കീവ് റസിനെ തകർത്തു. 1240-ൽ കീവ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതോടെ ഇന്നത്തെ ഉക്രൈനിയൻ പ്രദേശത്ത്, ഹാലിച്ച്, വോലോഡൈമർ-വോളിൻസ്കി എന്നീ പ്രിൻസിപ്പാലിറ്റികൾ ഉടലെടുത്തു. ഗലീഷ്യ-വോൾഹിനിയ എന്നി പ്രദേശങ്ങള്‍ രാജ്യത്തിന്‍റെ ഭാഗമായി.
പിന്നീട് റോമൻ മിസ്റ്റിസ്ലാവിച്ചിന്‍റെ പുത്രനായ ഡാനിലോ റൊമാനോവിച്ച് വോൾഹിനിയ, ഗലീഷ്യ, റഷ്യയുടെ പുരാതന തലസ്ഥാനമായ കീവ് എന്നിവയുൾപ്പെടെ തെക്ക്-പടിഞ്ഞാറൻ റഷ്യയെ വീണ്ടും ഏകീകരിച്ചു. 1253-ൽ ഡൊറോഹിച്ചിനിലെ പാപ്പൽ ആർച്ച് ബിഷപ്പ് ഡാനിലോയെ , റഷ്യയുടെ ആദ്യത്തെ രാജാവായി കിരീടമണിയിച്ചു. ഡാനിലോയുടെ ഭരണത്തിൻ കീഴിൽ, കിഴക്കൻ മധ്യ യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു റുഥേനിയ രാജ്യം (റഷ്യ).
14 -ാം നൂറ്റാണ്ടില്‍ ഉക്രൈന്‍ യുദ്ധങ്ങളുടെ നടുവിലായിരുന്നു. 1392-ഓടെ ഗലീഷ്യ-വോൾഹിനിയ യുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്ന യുദ്ധങ്ങള്‍ അവസാനിച്ചു. വടക്കൻ, മധ്യ ഉക്രെയ്നിലെ ജനവാസമില്ലാത്ത പ്രദേശങ്ങളിലെ പോളിഷ് കോളനിക്കാർ നിരവധി നഗരങ്ങൾ സ്ഥാപിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തു.
എന്നാല്‍ 15 -ാം നൂറ്റാണ്ടുകുമ്പോഴേക്കും ഉക്രൈനില്‍ വിവിധ കോളനികള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയെല്ലാം തന്നെ വാണിജ്യ കേന്ദ്രങ്ങളുമായിരുന്നു. 15 -ാം നൂറ്റാണ്ടിന്‍റെ പകുതിയാകുമ്പോഴേക്കും തെക്കന്‍ പടിഞ്ഞാറന്‍ ഉക്രൈന്‍ പോളണ്ടിന്‍റെ കീഴിലും തെക്കന്‍ ഉക്രൈന്‍ ചെങ്കിസിഡ് രാജകുമാരന്‍ ഹാസി I ന്‍റെ കീഴിലുമായി വിഭജിക്കപ്പെട്ടു.
ഇക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അടിമ വ്യാപാരങ്ങളിലൊന്ന് ഈ പ്രദേശങ്ങളില്‍ നിന്നായിരുന്നു. ഇക്കാലത്ത് ഏകദേശം രണ്ട് ദശലക്ഷം അടിമകളെ അവിടെ നിന്ന് കയറ്റുമതി ചെയ്തെന്ന് രേഖകള്‍ പറയുന്നു. ഇതിനിടെ ഈ പ്രദേശങ്ങളില്‍ കത്തോലിക്കാ മതം ശക്തി പ്രാപിച്ചിക്കുകയും ഓർത്തഡോക്സ് മതത്തിന് കീഴില്‍ ഏക്യപ്പെടാനുള്ള ശ്രമങ്ങളും ഇവിടെ ആരംഭിച്ചിരുന്നു.
17 -ാം നൂറ്റാണ്ടില്‍ (1648) പോളണ്ടിനെതിരായ പ്രക്ഷോഭത്തിന് ശേഷം ഉക്രൈന്‍ ഹെറ്റ്മാൻ ബോഹ്ദാൻ ഖ്മെൽനിറ്റ്സ്കി ഒരു സ്വതന്ത്ര ഉക്രൈനിയൻ കോസാക്ക് രാഷ്ട്രം സ്ഥാപിച്ചു. എന്നാല്‍ 18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, കോസാക്ക് ആധിപത്യം അവസാനിച്ചു. 1772, 1793, 1795 എന്നീ വർഷങ്ങളില്‍ നടന്ന പോളണ്ടിന്‍റെ വിഭജനത്തിനുശേഷം, ഉക്രൈന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ ഓസ്ട്രിയക്കാരുടെ നിയന്ത്രണത്തിലായി.
ബാക്കിയുള്ളവ റഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമായി ചേര്‍ക്കപ്പെട്ടു. റുസ്സോ-ടർക്കിഷ് യുദ്ധങ്ങളുടെ ഫലമായി ഓട്ടോമൻ സാമ്രാജ്യം തെക്കൻ-മധ്യ ഉക്രൈനില്‍ നിന്ന് ഇതിനിടെ പിൻവാങ്ങി. അതേസമയം ട്രാൻസ്കാർപാത്തിയൻ മേഖലയിൽ ഹംഗറിയുടെ ഭരണം തുടർന്നു. ഇക്കാലത്താണ് ഉക്രൈനിയൻ ഭാഷാ സാംസ്കാരിക പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഉക്രൈനിയൻ ദേശീയ രാഷ്ട്രത്തിന്‍റെ പുനഃസ്ഥാപനവും ശക്തമാകുന്നത്.
എന്നാല്‍, അപ്പോഴേക്കും ശക്തിപ്രാപിച്ച റഷ്യ, ഉക്രൈന്‍ സ്വാതന്ത്ര ബോധത്തോട് ശത്രുതാപരമായ നിലപാടാണ് എടുത്തത്. ഇക്കാലത്ത് ഉക്രൈനില്‍ ഉയര്‍ന്നുവന്ന തനത് ഭാഷാ- സാംസ്കാരിക ആഭിമുഖ്യത്തെ റഷ്യ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തി. ഉക്രൈന്‍ ഭഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. റഷ്യയുടെ കിരാത നടപടി ശക്തിപ്പെട്ടതോടെ ഉക്രൈനികള്‍ പടിഞ്ഞാന്‍ പ്രദേശത്തേക്ക് പലായനം ചെയ്തു.
എന്നാല്‍, ഓസ്ട്രിയന്‍ ഭരണത്തിന്‍ കീഴിലായിരുന്ന പടിഞ്ഞാറന്‍ ഉക്രൈനിലും അവര്‍ക്ക് നേരിടേണ്ടിവന്നത് പീഢനങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു. യുഎസ്എസ്ആറിന്‍റെ വരവോടെ ഉക്രൈന്‍ പൂര്‍ണ്ണമായും റഷ്യയുടെ ഭാഗമായി. പിന്നീടങ്ങോട്ട് സ്വന്തം സ്വത്വവും ഭൂമിയും വീണ്ടെടുക്കാന്‍ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ തകര്‍ച്ചവരെ ഉക്രൈന് കാത്തിരിക്കേണ്ടിവന്നു.
ഇന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ഉക്രൈനെ അക്രമിക്കാന്‍ ഉത്തരവിടുന്നതിന് പിന്നിലുള്ള പ്രധാന കാരണം ഉക്രൈന്‍റെ നാറ്റോ സഖ്യശ്രമം നടത്തുന്നുവെന്നതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനീക സഖ്യത്തില്‍ ഉക്രൈന്‍ ഭാഗമായാല്‍ അത് പ്രദേശത്തെ തങ്ങളുടെ അപ്രമാദിത്വത്തിന് തടസമാകുമോയെന്ന് പുടിനും പുടിന്‍റെ റഷ്യയും ഭയക്കുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന എല്ലാ ചര്‍ച്ചകളിലും നാറ്റോ സഖ്യത്തില്‍ നിന്ന് ഉക്രൈന്‍ പിന്‍മാറണമെന്ന ആവശ്യമാണ് പ്രധാനമായും റഷ്യ ഉന്നയിച്ചത്. ചര്‍ച്ചകളെല്ലാം റഷ്യ തള്ളിയതോടെ ഉക്രൈന്‍ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു.