101 -ാം വയസിലും കൊഞ്ച് പിടിക്കാൻ കടലിൽ പോകുന്ന മുത്തശ്ശി, ആദ്യമായി കടലിൽ പോകുന്നത് ഏഴാം വയസിൽ

First Published Sep 17, 2021, 12:44 PM IST

സ്ത്രീകൾ കടന്ന് ചെല്ലാൻ മടിക്കുന്ന തൊഴിൽ മേഖലയാണ് മൽസ്യബന്ധനം. എന്നാൽ, വിർജീനിയ ഒലിവർ യു എസ്സിലെ മെയ്നിന്റെ സമീപമുള്ള തീരത്ത് കൊഞ്ചുകളെ പിടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് പത്ത് വർഷം മുൻപ് ആരംഭിച്ച ഈ ജോലി തന്റെ ഈ 101 -ാം വയസ്സിലും ആ മുത്തശ്ശി തുടരുന്നു. മിക്കവരും സ്വന്തം വീടുകളിൽ കൂനിക്കൂടിയിരിക്കുന്ന ഈ പ്രായത്തിലും ബോട്ടിൽ കയറി അവർ കടലിന്റെ തിരകളെ പിന്തുടരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ലോബ്സ്റ്റർ മത്സ്യത്തൊഴിലാളിയാണ് അവർ. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യത്തൊഴിലാളിയും അവർ തന്നെയാകാം.  

ഇപ്പോൾ തന്റെ 78 -കാരനായ മകൻ മാക്‌സിനൊപ്പമാണ് ഒലിവർ കടലിൽ പോകുന്നത്. ഇന്നത്തെപോലുള്ള സംവിധാനങ്ങൾ ഒന്നും നിലവിൽ  ഇല്ലാതിരുന്ന കാലത്ത് കടലിനെ അടുത്ത് അറിഞ്ഞവരാണ് അവർ. 

ഒലിവർ ആദ്യമായി കടലിൽ കൊഞ്ചിനെ പിടിക്കാൻ പോകുന്നത് ഏഴാമത്തെ വയസ്സിലാണ്. വർഷങ്ങൾ പിന്നിട്ടിട്ടും ആ ശീലത്തിന് ഇന്നും മാറ്റമില്ല. ഈ ദിവസങ്ങളിൽ അവർ തന്റെ പരേതനായ ഭർത്താവിന്റെ ബോട്ടിലാണ് കടലിൽ പോകുന്നത്. അവരുടെ പേരാണ് ബോട്ടിനും, 'വിർജീനിയ'. 

ഇന്ന് പലരും ഇത് നിർത്തിക്കൂടേയെന്ന് ചോദിക്കുന്നുവെങ്കിലും, തനിക്ക് ഈ ജോലി നിർത്താൻ ഉദ്ദേശ്യമില്ലെന്ന് അവർ പറയുന്നു. "ഞാൻ എന്റെ ജീവിതകാലം മുഴുവൻ ഇതാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഞാൻ ഇത് തുടരും" ഒലിവർ പറഞ്ഞു. 

അവർക്ക് ഒരിക്കലും കടലിൽ പോകാൻ ഭയം തോന്നിയിട്ടില്ല. ഈ പ്രായത്തിലും കടൽ അവരെ  ഭയപ്പെടുത്തുന്നില്ല. മറിച്ച് കടുത്ത മത്സ്യബന്ധനത്തിനെ തുടർന്ന് കുറഞ്ഞു വരുന്ന കൊഞ്ചുകളുടെ എണ്ണത്തെ കുറിച്ചാണ് അവർക്ക് ആശങ്ക.

പതിറ്റാണ്ടുകളായി ഈ മേഖലയിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ ഒലിവറിന്റെ അഭിപ്രായത്തിൽ കൊഞ്ച് വ്യവസായം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പണ്ട് കൊഞ്ച് തൊഴിലാളിവർഗത്തിന്റെ ആഹാരമായിരുന്നു. എന്നാൽ, ഇന്ന് അത് പണക്കാരുടെ ഒരു വിഭവമാണ്. 

ഈ തൊഴിൽ ആരംഭിച്ച സമയം, അരക്കിലോ കൊഞ്ചിന് 28 സെന്റ് ആയിരുന്നു വിലയെന്ന് അവർ പറഞ്ഞു. എന്നാൽ, ഇന്ന് അതിന്റെ വില 15 മടങ്ങ് അധികമായി എന്നും അവർ പറയുന്നു. അതുപോലെ പണ്ട് മരത്തിൽ കെട്ടിയ വലകളായിരുന്നെങ്കിൽ, ഇന്ന് വയറുപയോഗിച്ചുള്ള വലകളാണെന്നും അവർ കൂട്ടിച്ചേർത്തു.    

മെൻഹേഡൻ എന്ന ചെറിയ മത്സ്യത്തെ ചൂണ്ടയിൽ കൊളുത്തിയാണ് കൊഞ്ച് പിടിക്കുന്നത്. നേരം വെളുത്തുതുടങ്ങുമ്പോൾ തന്നെ അവർ ഇതിനായി ബോട്ടിൽ കയറി കടലിൽ പോകുന്നു. അവരുടെ പിതാവ് ഒരു കൊഞ്ച് കച്ചവടക്കാരനായിരുന്നു. ആ യാത്രകളിൽ അദ്ദേഹത്തോടൊപ്പം ഒലിവറും ഉണ്ടായിരുന്നു. അങ്ങനെ ഈ ജോലിയോട് അവർക്ക് ചെറുപ്പം മുതലേ താല്പര്യം ഉണ്ടായിരുന്നു. 

എന്നാലും ഈ ജോലി അപകടം നിറഞ്ഞതാണ് എന്നതിൽ സംശയമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഞണ്ട് ഒലിവറിന്റെ വിരൽ മുറിച്ചെടുക്കുകയുണ്ടായി. അന്ന് ഏഴ് തുന്നലുകൾ വേണ്ടി വന്നു. ഒലിവർ ചെറുതായൊന്ന് പേടിച്ചു. എന്നാൽ, ഇതുകൊണ്ടൊന്നും ഈ ജോലി നിർത്താൻ അവർ തയ്യാറായില്ല. ഡോക്ടർ അവരെ ഉപദേശിച്ചു, 'എന്തിനാണ് നിങ്ങൾ ഈ അപകടം പിടിച്ച ജോലി ചെയ്യുന്നത്?' 'കാരണം എനിക്ക് ഇത് ചെയ്യണം' എന്നതായിരുന്നു അവരുടെ മറുപടി. 

പിടിക്കാൻ മാത്രമല്ല അതിനെ പാകം ചെയ്ത് കഴിക്കാനും ഒലിവറിന് വലിയ ഇഷ്ടമാണ്. ഒലിവർ ആഴ്ചയിൽ ഒരു തവണയെങ്കിലും അത്താഴത്തിന് അതിനെ പാകം ചെയ്തു കഴിക്കും. അടുത്തകാലത്തൊന്നും ഈ പണി ഉപേക്ഷിക്കാൻ അവർ തയ്യാറല്ല. 

'എനിക്ക് കൊഞ്ച് പിടിക്കാൻ പോവുന്നത് ഇഷ്ടമാണ്, വെള്ളത്തിനരികിലായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അതിനാൽ എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ ഇത് തുടർന്ന് കൊണ്ടു പോകും' അവർ പറഞ്ഞു.  

click me!