ഒഴുകിയിറങ്ങിയ ഉരുള്‍ വയനാടന്‍ ദുരന്തഭൂമിയിൽ ബാക്കിയാക്കിയത്

Published : Aug 09, 2024, 08:27 PM ISTUpdated : Aug 09, 2024, 08:28 PM IST

പതിനൊന്നാം  ദിവസവും കഴിഞ്ഞു. പുഞ്ചിരിമട്ടത്തില്‍ നിന്നും പൊട്ടിയൊലിച്ചിറങ്ങിയ ഉരുള്‍ കവര്‍ന്നത് തെക്ക് വടക്കന്‍ വയനാടന്‍ പീഠഭൂമിയുടെ ഒരു ഭാഗമായിരുന്നു. ജൂലൈ 30 ന് അര്‍ദ്ധ രാത്രിക്ക് ശേഷം ഒന്നരയ്ക്കും രണ്ടേ മുക്കാലിനും ഇടയിലൂണ്ടായ ഉരുള്‍ പൊട്ടലിന് പിന്നാലെ പതിനൊന്ന് ദിവസം നീണ്ട രക്ഷാദൌത്യം. ഒടുവില്‍ ഇനിയൊരു ജീവനും രക്ഷിക്കാനില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ ആദ്യം സൈന്യവും പിന്നാലെ മറ്റ് രക്ഷാപ്രവര്‍ത്തകരും ദുരന്തഭൂമിയില്‍ നിന്നും ഇറങ്ങി. പല വീടുകളില്‍ അന്തിയുറങ്ങിയ അനേകം പേരിന്ന് തേയിലത്തോട്ടത്തില്‍ ഒരുമിച്ച് അന്തിയുറങ്ങുന്നു. ഇനി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നഷ്ടമായ ജീവന് പകരമാകില്ലെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക്... കുത്തിയൊലിച്ചിറങ്ങിയ ഉരുളില്‍ നിന്നും വീണ്ടെടുത്ത ജീവിതങ്ങള്‍ക്ക് കരുത്തേകാന്‍ ഒരു സമഗ്ര പുരനധിവാസ പാക്കേജ് പ്രഖ്യാപിക്കപ്പെടുമെന്ന പ്രത്യാശയിലാണ് എല്ലാവരും. വയനാട് ചൂരല്‍മലയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല.

PREV
110
ഒഴുകിയിറങ്ങിയ ഉരുള്‍ വയനാടന്‍ ദുരന്തഭൂമിയിൽ ബാക്കിയാക്കിയത്

ഒടുവില്‍ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ നിന്നും ആളൊഴിയുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ബാക്കിയായി, ചൂരല്‍മലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്‍ലി പാലം മുണ്ടക്കൈയിലേക്കുള്ള വഴി പിന്നെയും നീട്ടുന്നു. 

210

അങ്ങ് ദൂരെ ഹാരിസണ്‍ തോട്ടത്തില്‍ വാടിത്തുടങ്ങിയ സര്‍ക്കാര്‍ റീത്തുകളെ ചാരി നിര്‍ത്തുന്ന കുത്തുക്കല്ലുകള്‍ക്ക് താഴെ പൂര്‍ണ്ണ ശരീരത്തോടെയും ഭാഗീകമായ ശരീരങ്ങള്‍ മാത്രമായും ചിലര്‍ അന്ത്യനിദ്രയിലാണ്. പല വീടുകളില്‍ അന്തിയുറങ്ങിവര്‍.  ബന്ധുക്കള്‍, അപരിചിതര്‍, പരസ്പരം കണ്ട് മിണ്ടിയിരുന്നവര്‍. ഒടുവിലെ യാത്രയില്‍ അവരൊന്നും ഇന്ന് ഒറ്റയ്ക്കല്ല. 

310

തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു. ഔദ്ധ്യോഗിക കണക്കുകളില്‍ 225 പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തില്‍ ഇനിയും കാണാതായ 138 പേരുടെ കരട് പട്ടികയും സര്‍ക്കാര്‍ പുറത്ത് വിട്ടു. ഈ സംഖ്യകളില്‍ ഇനിയും വ്യത്യാസങ്ങളുണ്ടാകാമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. 

410

ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1918 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 723 പുരുഷന്‍മാരും 736 സ്ത്രീകളും 459 കുട്ടികളുമുണ്ട്. അവര്‍ക്കും പിന്നെ അപകടത്തിന് പിന്നാലെ കാടിറക്കി കൊണ്ട് വന്ന ആദിവാസികള്‍ക്കും ഇനി അവരവരുടെ ഇടങ്ങിലേക്ക് മടങ്ങണം. ജീവിതം ഒന്നെന്ന് തുടങ്ങണം. 

510

അഞ്ച് വര്‍ഷം മുമ്പ് നടന്ന പുത്തുമല ഉരുള്‍പൊട്ടല്‍ അടക്കമുള്ള ദുരന്ത ദേശങ്ങളിലെ പുനരധിവാസം ഇന്നും പൂര്‍ണ്ണമായിട്ടില്ലെന്നും നാം ഓർക്കേണ്ടതുണ്ട്. ദുരന്തങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിച്ചവര്‍ക്കുള്ള സമഗ്ര പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അവരെയും നാം ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്. 

610

ഊരും പേരും അറിയാതെ തിരിച്ചറിയപ്പെടാതെ പോയ അനേകരുണ്ട്. അവരുടെ ഡിഎന്‍എ സാമ്പിളുകളാണ് ഇനി അവശേഷിക്കുന്നത്. എന്നെങ്കിലും തിരിച്ചറിയപ്പെടുമെന്ന പ്രതീക്ഷയില്‍ അവ സൂക്ഷിച്ചുവച്ചിരിക്കുന്നു. തിരിച്ചറിയപ്പെടുന്നത് വരെ ചില നമ്പറുകളില്‍ ഇനി അവര്‍ അറിയപ്പെടുമെന്ന് മാത്രം. 

710

ദുരന്തത്തിന്‍റെ പതിനൊന്നാം നാളായ ഇന്ന് നടന്ന ജനകീയ തെരച്ചിലിലും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. സൂചിപ്പാറയിലെ ദുർഘട മേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനാല്‍ നാളെ പുറത്തെത്തിക്കാമെന്ന തീരുമാനത്തിലാണ് അധികൃതർ. ഒലിച്ചിറങ്ങിയ ഉരുളിനോടൊപ്പം ഒഴുകിയ ജീവനുകളില്‍ ഇനിയും കണ്ടെത്താനുണ്ട്. 

810

ഉരുളൊഴുകിയ വഴികളില്‍ ചില ഇടങ്ങളില്‍ നിന്ന് അസഹ്യമായ ദുർഗന്ധമാണ് ഉയരുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ഇനി പ്രത്യേക പരിശോധന നടക്കും. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

910

ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം ഇനിയുള്ള കാലം ഭൂമിക്കുമേലേറ്റ മുറിവായി ഉരുളൊഴുകിയ വഴി തെളിഞ്ഞ് കിടക്കും.  അവിടം വീണ്ടും തളിരിടും പൂക്കള്‍ വിരിയും ഉരുളിനോടൊപ്പം പറന്നകന്ന പക്ഷി മൃഗങ്ങളും തിരിച്ചെത്തും. 
 

1010

കാലം മാറിമറിയുമ്പോള്‍ എല്ലാം പഴയ പടിയാകും. പക്ഷേ, ഓർമ്മകളില്‍ മായാതെ കിടക്കുന്ന ആ രാത്രിയുടെ ഉരുള്‍ക്കാഴ്ചയിലും ശബ്ദങ്ങളിലും ഇന്നും അസ്വസ്ഥമാക്കുന്ന കുട്ടികളുണ്ട്. അവരുടെ അവശേഷിക്കുന്ന കുടുംബാംഗങ്ങളുണ്ട്. അവരെ ചേര്‍ത്ത് പിടിക്കേണ്ടത് ഇനി നമ്മളാണ്, ഭരണകൂടമാണ്. ആരും ഒറ്റയ്ക്കായി പോകരുതെന്ന് നാം നമ്മളെ തന്നെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. 

click me!

Recommended Stories