
കേരളത്തിന്റെ 'നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം വൺഡേ ട്രിപ്പിന് ഏറ്റവും അനുയോജ്യമായ സ്പോട്ടാണ്. 80 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ കുതിച്ചെത്തുന്ന ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ അതിഗംഭീരമാണ്. അതിരപ്പിള്ളിയിൽ നിന്ന് ഏകദേശം 5 കി.മീ മാത്രം അകലെയായി സ്ഥിതിചെയ്യുന്ന വാഴച്ചാൽ വെള്ളച്ചാട്ടവും കാണാവുന്നതാണ്. നിശബ്ദമായ കാടിന്റെ ഭംഗി ആസ്വദിക്കാൻ അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ അനുയോജ്യമാണ്. തൃശ്ശൂർ, കൊച്ചി നഗരങ്ങളിൽ നിന്ന് എളുപ്പത്തിൽ ഇവിടെയെത്താം.
തിരുവനന്തപുരം ജില്ലയിലുള്ള ഒരു മനോഹരമായ ഹിൽ സ്റ്റേഷനാണ് പൊന്മുടി. തലസ്ഥാന നഗരത്തിന് സമീപം, ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന സ്ഥലമാണിത്. പച്ചപ്പും തണുപ്പും കോടമഞ്ഞും ആസ്വദിക്കാൻ നേരെ പോകാം പൊന്മുടിയിലേക്ക്. വളഞ്ഞുപുളഞ്ഞ മലമ്പാതകളും ചുറ്റും പരന്നുകിടക്കുന്ന പച്ചപ്പുമാണ് പൊന്മുടിയെ സ്പെഷ്യലാക്കുന്നത്. ശക്തമായി വീശുന്ന കാറ്റും കോടമഞ്ഞും ഇവിടേയ്ക്ക് സന്ദർശകരെ ആകർഷിക്കുന്നു. സമീപത്തുള്ള കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടവും ഈ യാത്രയിൽ ഉൾപ്പെടുത്താം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ ദൂരത്താണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സർവീസുകളും ലഭ്യമാണ്.
ചരിത്രപരമായ സ്ഥലങ്ങൾ കാണാനും വ്യത്യസ്തമായ അനുഭവം നേടാനും ആഗ്രഹിക്കുന്നവർക്ക് ഫോർട്ട് കൊച്ചി തിരഞ്ഞെടുക്കാം. ഇത് ഒരു ഏകദിന നഗര യാത്രയ്ക്ക് മികച്ച ഓപ്ഷനാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്കാരങ്ങളുടെ സ്വാധീനം എടുത്തുകാണിക്കുന്ന കെട്ടിടങ്ങൾ, പുരാതനമായ പള്ളികൾ ഇവിടെയുണ്ട്. സെൻ്റ് ഫ്രാൻസിസ് പള്ളി, ജൂതപ്പള്ളി എന്നിവ സന്ദര്‍ശിക്കാം. സ്ട്രീറ്റ് ആർട്ടുകൾ, മ്യൂസിയങ്ങൾ, രുചികരമായ കടൽ വിഭവങ്ങൾ എന്നിവ ആസ്വദിക്കാനും അവസരമുണ്ട്. എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്തുനിന്ന് ബോട്ട്/ബസ് മാർഗം എളുപ്പത്തിൽ ഫോര്‍ട്ട് കൊച്ചിയിലെത്താം.
കേരളത്തിൻ്റെ പ്രശസ്തമായ കായൽ സൗന്ദര്യം ഒരു ദിവസം കൊണ്ട് ആസ്വദിക്കാൻ ആലപ്പുഴയേക്കാൾ മികച്ച ഓപ്ഷനില്ലെന്ന് തന്നെ പറയാം. "കിഴക്കിന്റെ വെനീസ്" എന്നറിയപ്പെടുന്ന ആലപ്പുഴയിലെ കായൽപരപ്പിലൂടെ ഹൗസ്‌ബോട്ടിൽ യാത്ര ചെയ്യാം. നെൽവയലുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ കായലോര കാഴ്ചകൾ ശാന്തമായ ഒരനുഭവം നൽകും. ആലപ്പുഴ ബീച്ച്, ലൈറ്റ് ഹൗസ്, കായൽ വിഭവങ്ങൾ ലഭിക്കുന്ന തനത് ഷാപ്പുകൾ എന്നിവ സന്ദർശിക്കാം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ബീച്ചിലേക്കും കായൽ മേഖലയിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായു എർത്ത് സെന്റർ വൺഡേ ട്രിപ്പിന് മികച്ച ഓപ്ഷനാണ്. സാഹസികതയും കാഴ്ചകളും ഒരുമിപ്പിക്കുന്ന ഒരിടമാണിത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കേബിൾ കാറിൽ മലമുകളിലേക്ക് യാത്ര ചെയ്ത് ഈ ശിൽപം അടുത്തുകാണാം. രാമായണത്തിലെ ജഡായുവിന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലം. പെയിൻ്റ് ബോൾ, സിപ് ലൈൻ, ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായി ഒരു അഡ്വഞ്ചർ പാർക്കും ജഡായുപ്പാറയിലുണ്ട്. കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെയാണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്.