
വയനാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കൊടുമുടിയാണ് ചെമ്പ്ര. ഇവിടെയുള്ള ഹൃദയ തടാകമാണ് പ്രധാന ആകര്‍ഷണം. മേപ്പാടിയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുക. കൽപ്പറ്റയിൽ നിന്ന് നിങ്ങൾക്ക് മേപ്പാടിയിൽ എത്തിച്ചേരാം. മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷം ട്രെക്കിംഗ് നടത്താം. ചെമ്പ്ര പീക്ക് കീഴടക്കണമെങ്കിൽ 3 മണിക്കൂർ ട്രെക്ക് ചെയ്യേണ്ടതുണ്ട്. 10 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് 500 രൂപയാണ് ട്രെക്കിംഗ് ചാർജ്. അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് ഒരു ഗ്രൂപ്പിന് 1000 രൂപയാണ് ചാർജ്.
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ആനമുടിയുടെ ഭാഗമാണ് മീശപ്പുലിമല. സമുദ്രനിരപ്പിൽ നിന്ന് 8,661 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമല ട്രെക്കിംഗ് പ്രേമികളുടെ ഒരു പറുദീസയാണ്. മൂന്നാറിലെ വനം വകുപ്പ് ഓഫീസിൽ ട്രെക്കിംഗ് ബുക്ക് ചെയ്യാം. 8 മണിക്കൂർ നീണ്ടുനിൽക്കുന്ന കഠിനമായ ട്രെക്കിംഗാണിത്. അതിനാൽ തന്നെ ആവശ്യമായതെല്ലാം കയ്യിൽ കരുതിയിരിക്കണം. മുകളിലെത്തിയാൽ നിങ്ങൾക്ക് മേഘങ്ങൾക്ക് മുകളിൽ നിൽക്കുന്ന ഫീലും കാഴ്ചകളുമാണ് ലഭിക്കുക. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് മീശപ്പുലിമല ട്രെക്കിംഗിന് അനുയോജ്യമായ സമയം.
മൂന്നാറിലെ ചൊക്രമുടി പീക്ക് കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളിൽ ഒന്നാണ്. കാട്ടാനകളുടെ വിഹാര കേന്ദ്രമാണിത്. ട്രെക്കിംഗിന്റെ അവസാന ഭാഗം കൂടുതലും പാറകളിലൂടെ വേണം സഞ്ചരിക്കാൻ. മൂന്നാർ പട്ടണത്തിന്റെയും ബൈസൺ വാലിയുടെയും കാഴ്ചകൾ ചൊക്രമുടിയിൽ നിന്നാൽ കാണാം. തണുപ്പുള്ള സമയങ്ങളിൽ ഇവിടമാകെ കോടമൂടുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് ചൊക്രമുടി പീക്കിലേയ്ക്കുള്ള ട്രെക്കിംഗ്.
ട്രെക്കിംഗിൽ നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ പാലക്കാട്ടെ ധോണി ഹിൽസ് നിങ്ങൾക്ക് അതിശയകരമായ ഒരു ട്രെക്കിംഗ് അനുഭവം സമ്മാനിക്കും. 3 മണിക്കൂർ ട്രെക്കിംഗിൽ നിങ്ങൾക്ക് മനോഹരമായ ധോണി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള കാഴ്ചകൾ സമ്മാനിക്കും. ഏകദേശം 4 കിലോമീറ്റർ ട്രെക്കിംഗിന് ശേഷമാണ് ഈ വെള്ളച്ചാട്ടത്തിലെത്തുക. ഒരാൾക്ക് 100 രൂപയാണ് ചാര്‍ജ്. രാവിലെ 9:30, 11, ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെ ദിവസേന മൂന്ന് ട്രെക്കുകളാണുള്ളത്.
സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെയുള്ള ട്രെക്കിംഗ് ഒരു വൈൽഡ് ലൈഫ് ട്രെക്കിംഗാണ്. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയിടമാണിത്. ആനകൾ, കടുവ, ചില അപൂർവ ദേശാടന പക്ഷികൾ, സിംഹവാലൻ കുരങ്ങുകൾ, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുള്ള ജൈവവൈവിധ്യമാണിത്. പാണ്ഡവർ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അതിനാൽ പാണ്ഡവരുടെ ഭാര്യയായ സൈരന്ധ്രിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. ഒരാൾക്ക് 400 രൂപ നിരക്കിൽ ട്രെക്കിംഗ് നടത്താം. 1.5 കിലോമീറ്റർ ദൂരമാണ് ട്രെക്കിംഗ്.