
ജനുവരി 24, 25 യഥാക്രമം ശനി, ഞായർ ദിവസങ്ങളും 26 തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധിയുമാണ്. ഒന്നോ രണ്ടോ ദിവസം അവധി എടുത്താൽ മികച്ച വിദേശ യാത്രകൾ, അതും കുറഞ്ഞ ചെലവിൽ പ്ലാൻ ചെയ്യാനാകും. അത്തരത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന 5 വിദേശ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യക്കാർക്ക് 60 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷനാണ് തായ്ലൻഡ്. ആദ്യത്തെ 60 ദിവസത്തെ വിസ രഹിത കാലയളവിനപ്പുറം തായ്ലൻഡിൽ തുടരാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഇമിഗ്രേഷൻ ബ്യൂറോ വഴി 30 ദിവസം വരെ ഒറ്റത്തവണ വിപുലീകരണത്തിന് അപേക്ഷിക്കാം.
തായ്‌ലൻഡിൽ കാണേണ്ടവ: ബാങ്കോക്കിലെ തെരുവ് ഭക്ഷണം, ചിയാങ് മായിയിലെ പഴയ പട്ടണം, ഫുക്കറ്റിലെ ബീച്ചുകൾ.
വിമാന സർവീസുകൾ: ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്കും ഫുക്കറ്റിലേക്കും നേരിട്ട് വിമാന സർവീസുകളുണ്ട്.
ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം വാഗ്ദാനം ചെയ്യുന്ന മനോഹരമായ ലക്ഷ്യസ്ഥാനമാണ് മാലിദ്വീപ്. ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ മുൻപന്തിയിലാണ് മാലിദ്വീപിന്റെ സ്ഥാനം. വിസ ഓൺ അറൈവൽ ഉപയോഗിച്ച് നിങ്ങൾക്ക് 30 ദിവസത്തേക്ക് മാലിദ്വീപ് സന്ദർശിക്കാം. കൂടാതെ, ഇന്ത്യയിൽ നിന്ന് നാല് മണിക്കൂർ വിമാനയാത്ര മാത്രമാണുള്ളത്.
മാലിദ്വീപിൽ എന്തൊക്കെ കാണണം: മാഫുഷിയിൽ സ്നോർക്കലിംഗ്, ഒരു സീ പ്ലെയിൻ റൈഡ് പരീക്ഷിക്കുക, അല്ലെങ്കിൽ ഒരു ഓവർവാട്ടർ വില്ലയിൽ വിശ്രമിക്കുക.
വിമാന സർവീസുകൾ: മാലിദ്വീപ് എയർലൈനും ഇൻഡിഗോയും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും മാലിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമ്പോൾ എയർ ഇന്ത്യ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.
ഇന്ത്യക്കാർക്ക് 90 ദിവസത്തേയ്ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഡ്രീം ഡെസ്റ്റിനേഷനാണ് മൗറീഷ്യസ്. ബീച്ചും ട്രെക്കിംഗുമെല്ലാം ഇവിടെ ഒരേ സമയം ആസ്വദിക്കാം. ഇന്ത്യൻ പൗരന്മാർക്ക് 90 ദിവസം വരെ വിസയില്ലാതെ താമസിക്കാമെന്നതിനാൽ നീണ്ട അവധിക്കാല യാത്രകൾക്ക് ഇവിടം അനുയോജ്യമാകുന്നു.
മൗറീഷ്യസിൽ കാണേണ്ടവ: ലാ വല്ലീ ഡെസ് കലിയേഴ്‌സ് നേച്ചര്‍ പാര്‍ക്ക്, ലെ മോണ്‍ ബ്രബാന്റ്, പോർട്ട് ലൂയിസ്, പാമ്പിള്‍മോസസ് ബൊട്ടാണിക് ഗാര്‍ഡന്‍
വിമാന സർവീസുകൾ: മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ നോൺസ്റ്റോപ്പ് 7 മണിക്കൂർ യാത്ര, അല്ലെങ്കിൽ ദില്ലിയിൽ നിന്ന് 7 മണിക്കൂർ 40 മിനിറ്റ് എയർ മൗറീഷ്യസ് വിമാനത്തിലോ (ആഴ്ചയിൽ രണ്ടുതവണ) മൗറീഷ്യസിൽ എത്തിച്ചേരാം.
ഈ വർഷത്തെ പുതിയ അപ്‌ഡേറ്റോടെ 14 ദിവസത്തേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഫിലിപ്പീൻസും ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഡെസ്റ്റിനേഷനാണ്. അല്ലെങ്കിൽ സാധുവായ യുഎസ്, യുകെ, ഷെഞ്ചൻ അല്ലെങ്കിൽ ജാപ്പനീസ് വിസ ഉള്ളവർക്ക് 30 ദിവസത്തേക്ക് പ്രവേശനം ലഭിക്കും.
ഫിലിപ്പീൻസിൽ കാണേണ്ട കാഴ്ചകൾ: പലാവനിലെ ദ്വീപ് തടാകങ്ങൾ, സെബുവിലെ പവിഴപ്പുറ്റുകൾ, മനിലയിലെ സജീവമായ പഴയ പട്ടണം.
വിമാന സർവീസുകൾ: എയർ ഇന്ത്യ ഒക്ടോബറിൽ ദില്ലിയിൽ നിന്ന് മനിലയിലേക്ക് നോൺ-സ്റ്റോപ്പ് വിമാനങ്ങൾ ആരംഭിച്ചിരുന്നു.
ഭക്ഷണം, പ്രകൃതി, ഷോപ്പിംഗ് എന്നിവയുടെ സ്വപ്നതുല്യമായ മിശ്രിതമാണ് മലേഷ്യ. ഈ വർഷം ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് മലേഷ്യയിലേയ്ക്ക് വിസ രഹിതമായി പ്രവേശിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 2026 ഡിസംബർ വരെ 30 ദിവസത്തേക്ക് വിസയില്ലാതെ പ്രവേശിക്കാം.
കാണേണ്ട കാഴ്ചകൾ: ക്വാലാലംപൂരിലെ പെട്രോണാസ് ടവറുകൾ, ലങ്കാവിയിലെ ബീച്ചുകൾ, പെനാങ്ങിലെ സ്ട്രീറ്റ് ആർട്ടുകൾ, ഭക്ഷ്യ വിപണികൾ.
വിമാന സർവീസുകൾ: ദില്ലി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ക്വാലാലംപൂരിലേക്കും ലങ്കാവിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകളുണ്ട്.