
സാമ്പത്തിക പ്രതിസന്ധികള്‍ ഏത് സമയത്തും ആര്‍ക്കും ഉണ്ടാകാം. അത്യാവശ്യ ഘട്ടങ്ങളില്‍, നമ്മള്‍ പലപ്പോഴും പണം കണ്ടെത്താനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും സമീപിക്കാറുണ്ട്. ഇന്നത്തെക്കാലത്ത് പേഴ്സണല്‍ ലോണ്‍ ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഇത് ഉയര്‍ന്ന പലിശ നിരക്കുകളോടും കടുപ്പമേറിയ വ്യവസ്ഥകളോടും കൂടിയായിരിക്കും ലഭിക്കുക. ബാങ്കുകളും എന്‍ബിഎഫ്സികളും പോലുള്ള അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ പോലും, നടപടിക്രമങ്ങള്‍ നീണ്ടുപോവുകയും ക്രെഡിറ്റ് സ്‌കോര്‍, പശ്ചാത്തല പരിശോധനകള്‍ എന്നിവ ആവശ്യമായി വരികയും ചെയ്യും. മറ്റ് വഴികളെക്കുറിച്ച് അറിയാത്തതിനാല്‍, പലരും സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ പേഴ്സണല്‍ ലോണുകളേയോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളേയോ ആശ്രയിക്കേണ്ടി വരുന്നു.
ഇത്തരം സാഹചര്യങ്ങളിലാണ് സ്വര്‍ണ്ണപ്പണയ വായ്പ ഒരു മികച്ച ബദലായി മാറുന്നത്. വീട്ടില്‍ വെറുതെയിരിക്കുന്ന ഒരു ആസ്തിയെ ഉ്ല്‍പാദനപരമായി ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കും. 18 മുതല്‍ 24 കാരറ്റ് വരെ ശുദ്ധിയുള്ള സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളും വായ്പയ്ക്ക് ഈടായി സ്വീകരിക്കും. സ്വര്‍ണ്ണം പണയപ്പെടുത്തുന്നതിലൂടെ, ലോണ്‍ സുരക്ഷിതമാകുന്നു. അതിനാല്‍, പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകളെ അപേക്ഷിച്ച് ഇതിന് ചെലവ് വളരെ കുറവായിരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള സ്വര്‍ണ്ണവിലയിലെ ഗണ്യമായ വര്‍ധന, സ്വര്‍ണ്ണത്തില്‍ നിന്ന് കൂടുതല്‍ തുക വായ്പയെടുക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഗോള്‍ഡ് ലോണ്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2025 സെപ്റ്റംബര്‍ ആയപ്പോഴേക്കും കുടിശ്ശികയുള്ള വായ്പകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 122% വര്‍ദ്ധിച്ച് 2.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ ഗോള്‍ഡ് ലോണ്‍ പലിശ നിരക്ക് സാധാരണയായി പ്രതിവര്‍ഷം 8.75% മുതല്‍ 22% വരെയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകള്‍ 8.35% എന്ന കുറഞ്ഞ നിരക്കില്‍ പോലും വായ്പ നല്‍കുന്നു. എന്നാല്‍ പേഴ്സണല്‍ ലോണുകള്‍ക്ക് 10-25% പലിശ ഈടാക്കുമ്പോള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികക്ക് 36-40% വരെ വാര്‍ഷിക പലിശ ഈടാക്കും. ക്രെഡിറ്റ് പ്രൊഫൈല്‍ അനുസരിച്ച്, പേഴ്സണല്‍ ലോണിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒരു വര്‍ഷത്തേക്ക് 3,00,000 രൂപ വായ്പയെടുക്കുമ്പോള്‍ വിപണിയിലെ സാധാരണ പലിശ നിരക്കുകള്‍ ഉപയോഗിച്ചുള്ള താരതമ്യം പരിശോധിക്കാം.
അടിയന്തരമായി പണം ആവശ്യമുള്ളപ്പോള്‍: അത്യാവശ്യ ഘട്ടങ്ങളില്‍, ഗോള്‍ഡ് ലോണുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍, ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അനുവദിച്ചു കിട്ടും. നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിച്ചാല്‍ മതി, അധികം താമസമില്ലാതെ പണം അക്കൗണ്ടില്‍ ലഭിക്കും. എന്നാല്‍ പേഴ്സണല്‍ ലോണുകള്‍ക്ക് സാധാരണയായി 2-7 ദിവസമെടുക്കും.
ക്രെഡിറ്റ് സ്‌കോര്‍ അത്ര മികച്ചതല്ലെങ്കില്‍: ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുടെ ആവശ്യമില്ല, കാരണം സ്വര്‍ണ്ണം തന്നെയാണ് ഇവിടെ ഈട് . ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത പുതിയ വായ്പക്കാര്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ഇത് എളുപ്പത്തില്‍ ലഭിക്കും.
കുറഞ്ഞ കാലയളവിലേക്കാണ് വായ്പ ആവശ്യമെങ്കില്‍: ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഗോള്‍ഡ് ലോണുകള്‍ അനുയോജ്യമാണ്. വിവാഹ ആവശ്യങ്ങള്‍, ചെറിയ വീട് അറ്റകുറ്റപ്പണികള്‍, ബിസിനസ് ആവശ്യങ്ങള്‍ എന്നിവ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സൗകര്യപ്രദമായ ഒരു വഴിയാണ്. ഗോള്‍ഡ് ലോണിന്റെ കാലാവധി സാധാരണയായി 3 മുതല്‍ 36 മാസം വരെയും, ചില സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെയും നീണ്ടുനില്‍ക്കും.
രേഖകള്‍ ഒഴിവാക്കണമെങ്കില്‍: ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തിലുള്ളതും ലളിതവുമാണ്. ഐ.ടി.ആര്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ബിസിനസ് രജിസ്ട്രേഷന്‍ രേഖകള്‍ തുടങ്ങിയ കെ.വൈ.സി. രേഖകളുടെ ആവശ്യമില്ല. തിരിച്ചറിയല്‍ രേഖയും സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശ തെളിവും മാത്രം മതിയാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.75% വാർഷിക പലിശ നിരക്കിൽ (₹20,000 മുതൽ ₹50 ലക്ഷം വരെ) ഗോൾഡ് ലോൺ നൽകുമ്പോൾ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഇതേ നിരക്കിൽ ₹1 കോടി വരെ വായ്പ ലഭ്യമാക്കുന്നു. കാനറ ബാങ്കിലെ നിരക്ക് 8.90% മുതൽ ആണെങ്കിലും, വായ്പാ കാലാവധി 6 മാസമാണ്. ബാങ്ക് ഓഫ് ബറോഡ 9.00% വാർഷിക പലിശയിൽ ₹50 ലക്ഷം വരെ വായ്പ നൽകുമ്പോൾ, എച്ച്ഡിഎഫ്സി ബാങ്ക് 9.30% മുതൽ 17.86% വരെ പലിശ ഈടാക്കുന്നു.