ഭൂപടം 'വരച്ച' വിന; ചൈനീസ് സീരീസ് നിരോധിച്ച് വിയറ്റ്‌നാം; നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി

Published : Jan 06, 2026, 12:07 PM IST
netflix

Synopsis

ഇത് ആദ്യമായല്ല ഭൂപടത്തിന്റെ പേരില്‍ വിയറ്റ്‌നാം സിനിമകള്‍ നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഹിറ്റായ ഹോളിവുഡ് ചിത്രം 'ബാര്‍ബി' സമാനമായ കാരണത്താല്‍ വിയറ്റ്‌നാമില്‍ നിരോധിച്ചിരുന്നു. '

ചൈനയും വിയറ്റ്‌നാമും തമ്മിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കം ഒടുവില്‍ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിനും തലവേദനയാകുന്നു. ചൈനീസ് വെബ് സീരീസായ 'ഷൈന്‍ ഓണ്‍ മി' വിയറ്റ്‌നാമില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങള്‍ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് കാരണം. വിയറ്റ്‌നാം സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സിനിമാ വകുപ്പാണ് നിരോധനത്തിന് പിന്നില്‍. പരമ്പരയിലെ ചില രംഗങ്ങള്‍ വിയറ്റ്‌നാമിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്നതുമാണെന്ന് അധികൃതര്‍ കണ്ടെത്തി. സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് 27 എപ്പിസോഡുകളുള്ള ഈ സീരീസ് നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ വിയറ്റ്‌നാം കാറ്റലോഗില്‍ നിന്ന് നീക്കം ചെയ്തു.

എന്താണ് ഭൂപട വിവാദം?

ദക്ഷിണ ചൈനാ കടലിന്റെ 80 ശതമാനവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടാന്‍ ഉപയോഗിക്കുന്ന 'നയന്‍-ഡാഷ് ലൈന്‍' എന്നറിയപ്പെടുന്ന ഭൂപടമാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു. 1947-ല്‍ ചൈന പുറത്തിറക്കിയ ഈ ഭൂപടത്തിലെ വരകള്‍ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രപരിധിയിലേക്കും കടന്നുകയറുന്നതാണ്. വര്‍ഷങ്ങളായി രാജ്യങ്ങള്‍ തമ്മിലുള്ള വലിയ നയതന്ത്ര തര്‍ക്കമാണിത്. 'ഷൈന്‍ ഓണ്‍ മി' എന്ന പരമ്പരയിലെ ഒരു കോളേജ് ലക്ചര്‍ സീനില്‍ ഈ ഭൂപടം വളരെ ചുരുങ്ങിയ സമയം മാത്രമാണ് കാണിക്കുന്നത്. എങ്കിലും വിയറ്റ്‌നാം ഇതിനോട് വിട്ടുവീഴ്ച ചെയ്തില്ല. സിനിമാ നിയമപ്രകാരം ഈ സീരീസിനെ 'കാറ്റഗറി സി' (നിരോധിക്കപ്പെട്ടവ) പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ബാര്‍ബിക്കും കിട്ടി പണി

ഇത് ആദ്യമായല്ല ഭൂപടത്തിന്റെ പേരില്‍ വിയറ്റ്‌നാം സിനിമകള്‍ നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഹിറ്റായ ഹോളിവുഡ് ചിത്രം 'ബാര്‍ബി' സമാനമായ കാരണത്താല്‍ വിയറ്റ്‌നാമില്‍ നിരോധിച്ചിരുന്നു. 'ഫ്‌ലൈറ്റ് ടു യു' എന്ന ചൈനീസ് പരമ്പരയും മുമ്പ് ഇതേ കാരണത്താല്‍ പിന്‍വലിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കും മില്‍ക്ക് ടീ ബ്രാന്‍ഡുകള്‍ക്കും ഈ ഭൂപടത്തിന്റെ പേരില്‍ വിയറ്റ്‌നാം സര്‍ക്കാര്‍ പിഴ ചുമത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇപ്പോള്‍ വിനോദ മേഖലയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നടപടി. തര്‍ക്ക പ്രദേശങ്ങളില്‍ നിന്നുള്ള കണ്ടന്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ ആഗോള കമ്പനികള്‍ ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

റെക്കോർഡുകൾ തകർക്കുമോ സ്വർണവില; ഒരു ലക്ഷം കടന്ന് കുതിക്കുന്നു
ഉച്ചയ്ക്ക് വീണ്ടും ഉയർന്നു; ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുന്നു