
കൊവിഡ് 19ന്‍റെ വരവോടുകൂടി ആരോഗ്യമേഖലയില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പതിവായിട്ടുണ്ട്. പ്രത്യേകിച്ച് ഇടവിട്ട് വരുന്ന ശ്വാസകോശരോഗങ്ങള്‍ തന്നെയാണ് വലിയ വെല്ലുവിളി. ഇപ്പോള്‍ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ന്യുമോണിയ തന്നെ ഉദാഹരണം.
ഇന്ത്യയിലും ഇത്തരത്തില്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കുന്നില്ലെന്ന് മാത്രം. കൊവിഡിന് ശേഷം ഇങ്ങനെ പല അണുബാധകളും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വന്നു എന്നതാണ് സത്യം.
ഇപ്പോഴിതാ ഇതുപോലെ യുകെയില്‍ '100 ദിന ചുമ' എന്നൊരു അണുബാധ വ്യാപകമാവുകയാണത്രേ. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 100 ദിവസങ്ങള്‍ നീളുന്നതാണ് ഈ ചുമ. അതും എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന, ശക്തമായ വ്യാപനശേഷിയുള്ള ചുമയാണിത്. ഇതാണ് ആശങ്ക വലിയ തോതില്‍ ഉയരാനുള്ള കാരണവും.
എത്ര ശ്രദ്ധിച്ചാലും ചുമ വ്യാപകമാകാൻ ഈ വ്യാപനശേഷി ധാരാളമാണല്ലോ. ഈയൊരു സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി.
സാധാരണ ജലദോഷത്തിന്‍റെ തന്നെ ലക്ഷണങ്ങളിലാണത്രേ '100 ദിന ചുമ'യും തുടങ്ങുന്നത്. എന്നാല്‍ പിന്നീട് മൂന്ന് മാസത്തിലധികം ചുമ നീണ്ടുനില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു. 'Bordetella pertussis bacteria' എന്ന ബാക്ടീരിയയാണ് '100 ദിന ചുമ'യ്ക്ക് കാരണമാകുന്നത്. ഇത് പക്ഷേ കൊവിഡാനന്തരം എത്തിയ പുതിയ അണുബാധയല്ല. 1950കളില്‍ തന്നെ വന്നൊരു അണുബാധയാണ്. കുട്ടികളില്‍ വലിയൊരു മരണനിരക്ക് ഉണ്ടാക്കിയ അണുബാധയായിരുന്നു ഒരിക്കല്‍ ഇത്. പിന്നീട് വാക്സിൻ മൂലം കുറെയൊക്കെ പിടിച്ചൊതുക്കാൻ സാധിച്ചു.
എങ്കിലും ഇടവിട്ട് ഈ അണുബാധ പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരുന്നു. കൊവിഡ് കാലത്ത് സത്യത്തില്‍ ഇതെല്ലാം കുറഞ്ഞുപോയിരുന്നു. കാരണം സാമൂഹികജീവിതം, ആള്‍ക്കൂട്ടം ഒന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലോ. കൊവിഡ് പ്രശ്നങ്ങള്‍ ഒരു വശത്തേക്ക് ഒതുങ്ങിമാറിയ ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വീണ്ടും '100 ദിന ചുമ' പൂര്‍വാധികം ശക്തിയോടെ തല പൊക്കിയിരിക്കുകയാണ്.
കേസുകളുടെ എണ്ണം വല്ലാതെ ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യുകെയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും '100 ദിന ചുമ' വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്ല. അതേസമയം ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും ശ്വാസകോശ അണുബാധകള്‍ രൂക്ഷമായി വന്നുകൊണ്ടിരിക്കുന്നൊരു സമയമാണിത്. തുടര്‍ച്ചയായ ചുമയും ജലദോഷവും തന്നെയാണ് അധികപേരെയും അലട്ടുന്ന പ്രശ്നങ്ങളും. ഈ സാഹചര്യത്തില്‍ യുകെയില്‍ നിന്നുള്ള '100 ദിന ചുമ' സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.
Also Read:- എന്താണ് 'വിന്‍റര്‍ ബ്ലൂസ്'?; നിങ്ങളിത് അനുഭവിക്കുന്നുണ്ടോ? പരിഹാരത്തിന് ചെയ്യാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam