
ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊവിഡ് 19 വ്യാപനം തുടരുന്നത്. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതിനനുസരിച്ച് നമ്മുടെ ആശങ്കയും വര്‍ധിക്കുകയാണ്. ഇതിനിടെ രോഗത്തെ അതിജീവിച്ചവര്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
പല തരത്തിലാണ് ഓരോരുത്തരേയും രോഗം ബാധിക്കുന്നത് എങ്കില്‍ക്കൂടിയും, അതിജീവനത്തിന്റെ പ്രത്യാശ പകര്‍ന്നുനല്‍കുന്ന ആശ്വാസം നിസാരമല്ലല്ലോ. ഇന്ന് കര്‍ണാടകയില്‍ നിന്ന് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടും ഇതേ പ്രത്യാശ തന്നെയാണ് നമ്മോട് പങ്കുവയ്ക്കുന്നത്.
ബെല്ലാരി സ്വദേശിയയ ഹല്ലമ്മ എന്ന നൂറുവയസുകാരി തന്റെ കൊവിഡ് അനുഭവങ്ങള്‍ വിവരിക്കുകയാണ് റിപ്പോര്‍ട്ടിലൂടെ. ഹല്ലമ്മയുടെ അഭിപ്രായത്തില്‍ സാധാരണ ജലദോഷം പോലെയേ ഉള്ളൂ കൊവിഡും. പേടിക്കാന്‍ ഒന്നുമില്ലെന്നാണ് ഹല്ലമ്മയ്ക്ക് മറ്റുള്ളവരോട് പറയാനുള്ളത്.
'ഡോക്ടര്‍മാര്‍ എന്നെ വളരെ നല്ല രീതിയിലാണ് നോക്കിയത്. മരുന്നും ഇന്‍ജെക്ഷനും ഉണ്ടായിരുന്നു. ഭക്ഷണം കൃത്യമായി കഴിച്ചിരുന്നു. പതിവായി കഴിക്കുന്ന ഭക്ഷണത്തിന് പുറമേ ദിവസവും ഓരോ ആപ്പിള്‍ വീതം കഴിച്ചിരുന്നു. ഇപ്പോള്‍ രോഗം പൂര്‍ണ്ണമായും ഭേദമായിട്ടുണ്ട്. വളരെ ആരോഗ്യവതിയായാണ് ഞാനിരിക്കുന്നത്. ഒരു സാധാരാണ ജലദോഷം പോലെയൊക്കെയേ ഇതും ഉള്ളൂ. ആവശ്യമില്ലാത്ത ഭയം വേണ്ട...' - ഹല്ലമ്മ പറയുന്നു.
പൊതുവേ പ്രായമായവര്‍ക്ക് കൊവിഡ് 19 വലിയ ഭീഷണികളാണ് ഉയര്‍ത്തുന്നത്. ഇവരുടെ രോഗ പ്രതിരോധ ശേഷി ക്ഷയിച്ചിരിക്കുന്നതിനാലും, മറ്റ് വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉണ്ടാകുമെന്നതിനാലുമാണ് ഈ വെല്ലുവിളിയുയരുന്നത്. അതേസമയം അറുപത് മുതല്‍ നൂറും നൂറ്റിമൂന്നുമൊക്കെ പ്രായമുള്ളവര്‍ രാജ്യത്ത് പലയിടങ്ങളിലായി കൊവിഡിനെ അതിജീവിച്ചിട്ടുമുണ്ട്.
ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ കേസാവുകയാണ് ഹല്ലമ്മയുടേതും. ഇവരുടെ മകനും മരുമകള്‍ക്കും പേരക്കുട്ടിക്കുമെല്ലാം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകന്‍ നാട്ടില്‍ തന്നെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് അവിടെ നിന്നുമാണ് രോഗം പകര്‍ന്നുകിട്ടിയതെന്ന് സംശയിക്കപ്പെടുന്നു. ഇതിന് ശേഷം ജൂലൈ പതിനാറോടെയാണ് ഹല്ലമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും വീട്ടില്‍ വച്ചുതന്നെയായിരുന്നു ചികിത്സ നല്‍കിയത്. ഇപ്പോള്‍ ഹല്ലമ്മയുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം കൊവിഡ് നെഗറ്റീവായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam