
അമിതവണ്ണത്താല്‍ വിഷമത നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ശസ്ത്രക്രിയയാണ് 'ബാരിയാട്രിക് സര്‍ജറി'. ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയാണ് ഇതില്‍ പ്രധാനമായും ചെയ്യുന്നത്. ഇതോടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് മുതല്‍ അങ്ങോട്ടുള്ള എല്ലാ കാര്യങ്ങളിലും ഗണ്യമായ കുറവ് സംഭവിക്കുന്നു. അങ്ങനെ സമയമെടുത്ത് പതിയെ അമിതവണ്ണമുളളവരെ സാധാരണനിലയിലേക്ക് മടക്കി കൊണ്ടുവരാനാണ് ഈ ശസ്ത്രക്രിയ സഹായകമാകുന്നത്.
എന്നാലിത് മിക്കവാറും മുതിര്‍ന്നവരിലാണ് നടത്തുക. കുട്ടികളില്‍ ഇതിന്റെ ആവശ്യം വരുന്ന സന്ദര്‍ഭങ്ങളും അതുപോലെ ശസ്ത്രക്രിയ നടത്തുന്നതും അപൂര്‍വ്വമാണ് ഏതായാലും ദില്ലിയിലെ മാസ്‌ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടുത്തിടെയായി ഒരു രണ്ടുവയസുകാരിയില്‍ ഈ ശസ്ത്രക്രിയ നടത്തേണ്ടതായി വന്നിരുന്നു.
രണ്ട് വയസും മൂന്ന് മാസവും മാത്രമുള്ള പെണ്‍കുഞ്ഞിന്റെ അസാധാരണമായ തൂക്കം തന്നെയാണിതിന് കാരണം. നാല്‍പത്തിയഞ്ച് കിലോയാണ് ഈ പ്രായത്തില്‍ കുഞ്ഞിന്റെ തൂക്കം. സാധാരണഗതിയില്‍ 12-15 കിലോയെല്ലാം മാത്രം ഭാരം ഉണ്ടാകേണ്ട പ്രായമാണിത്. അതിന്റെ സ്ഥാനത്താണ് 45 കിലോ!
ജനിച്ചപ്പോള്‍ ഏതൊരു കുഞ്ഞിനെയും പോലെ 'നോര്‍മല്‍' ആയിരുന്നു കുഞ്ഞിന്റെ ശരീരഭാരമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
'ജനനസമയത്ത് അവള്‍ക്ക് 2.5 കിലോ ആയിരുന്നു ഭാരം. അത് വളരെ നോര്‍മല്‍ ആണ്. എന്നാല്‍ പിന്നീട് പെട്ടെന്ന് തന്നെ അവളുടെ ശരീരഭാരം കൂടിക്കൊണ്ടിരുന്നു. ആറ് മാസമായപ്പോഴേക്ക് 14 കിലോയില്‍ വരെയെത്തി. അവള്‍ക്ക് മുകളില്‍ ഒരു സഹോദരനാണുള്ളത്. അവന് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലതാനും. ഒരു വയസ് ആയപ്പോഴേക്ക് കുഞ്ഞിനെ എടുക്കാനോ, തൊട്ടിയില്‍ കിടത്താനോ, എളുപ്പത്തില്‍ മാറ്റാനോ ഒന്നും കഴിയാത്ത അവസ്ഥയായി. രണ്ട് വയസും മൂന്ന് മാസവും ആയപ്പോള്‍ 45 കിലോ വരെ എത്തുകയായിരുന്നു അവളുടെ ശരീരഭാരം...'- ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാള്‍ ഡോ. മന്‍പ്രീത് സേതി പറയുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ഇത്തരത്തിലൊരു ശസ്ത്രക്രിയ നടന്നിട്ടില്ലെന്നും അത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു രണ്ടുവയസുകാരിയുടെ ശസ്ത്രക്രിയയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.
ഒരു വയസിന് ശേഷം പൂര്‍ണമായും വീല്‍ ചെയറിലായിരുന്നു കുഞ്ഞിന്റെ ജീവിതം. അവിടെ നിന്ന് തിരിച്ച് സാധാരണനിലയിലേക്ക് അവള്‍ക്ക് മടങ്ങാനാകുമോ എന്ന് തങ്ങള്‍ സംശയിച്ചിരുന്നുവെന്നും ആ നിരാശയില്‍ നിന്ന് ഇപ്പോള്‍ ഏറെ പ്രതീക്ഷയിലേക്കാണ് എത്തിയിരിക്കുന്നതെന്നും കുഞ്ഞിന്റെ പിതാവും പറയുന്നു.
'ഇപ്പോള്‍ പകുതിദൂരമേ ഞങ്ങള്‍ പിന്നിട്ടിട്ടുള്ളൂ. ബാക്കി ദൂരം ഒരുപാടുണ്ട്. മൂന്നര വയസ് ആകുമ്പോഴേക്ക് അവള്‍ക്ക് സാധാരണനിലയിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ രണ്ട് വര്‍ഷവും ഞങ്ങള്‍ ഒരുപാട് ദുരിതം അനുഭവിച്ചു. ശസ്ത്രക്രിയയ നടത്താമെന്ന തീരുമാനത്തിലേക്ക് എത്താന്‍ വരെ ഏറെ വിഷമം നേരിട്ടു...'- കുഞ്ഞിന്റെ പിതാവ് പറയുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം പ്രത്യേക ഡയറ്റിലേക്ക് കുഞ്ഞ് മാറിയിരിക്കുകയാണ്. ഇത് ക്രമേണ ശരീരഭാരം കുറയാന്‍ സഹായിക്കും. സാധാരണനിലയിലേക്ക് എത്തുന്നത് വരെ വിദഗ്ധരുടെ നിരീക്ഷണത്തില്‍ തന്നെയായിരിക്കും കുഞ്ഞ്.
Also Read:- കടുത്ത വയറുവേദന; വയറുകീറി നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam