ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ഭേദമായവരില്‍ വീണ്ടും 'പൊസിറ്റീവ്' പരിശോധനാഫലം!

By Web TeamFirst Published Apr 6, 2020, 9:57 PM IST
Highlights

ആറായിരത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ ദക്ഷിണ കൊറിയയിൽ രോഗം ഭേദമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രോഗം ഭേദമായ 51 പേരുടെ പരിശോധനാഫലം വീണ്ടും 'പൊസിറ്റീവ്' ആയി വന്നിരിക്കുകയാണിപ്പോള്‍. കൊവിഡ് 19 ഭേദമായാലും വീണ്ടും വരുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്

ചൈനയ്ക്ക് ശേഷം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് ദക്ഷിണ കൊറിയ. പതിനായിരത്തിലധികം പേര്‍ക്കാണ് ഇതുവരെ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 186 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറായിരത്തിലധികം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ഭേദമായി.

ഇക്കൂട്ടത്തില്‍ രോഗം ഭേദമായ 51 പേരുടെ പരിശോധനാഫലം വീണ്ടും 'പൊസിറ്റീവ്' ആയി വന്നിരിക്കുകയാണിപ്പോള്‍. കൊവിഡ് 19 ഭേദമായാലും വീണ്ടും വരുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്.

എന്നാല്‍ വൈറസ് വീണ്ടും പിടിപെടുന്നതല്ല, പകരം നേരത്തേ പിടിപെട്ട വൈറസിന്റെ പുനപ്രവര്‍ത്തനമാണിത് എന്നാണ് 'ദ കൊറിയ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (കെസിഡിസി) അറിയിക്കുന്നത്. ഇപ്പോള്‍ പരിശോധനാഫലം 'പൊസിറ്റീവ്' ആയിക്കാണിച്ചിരിക്കുന്ന 51 പേരും പ്രത്യേക നിരീക്ഷണത്തിലാണെന്നും കെസിഡിസി അറിയിക്കുന്നു. 

രോഗം പൂര്‍ണ്ണമായി ഭേദമായ ശേഷം ക്വാരന്റൈനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട രോഗികളില്‍ വീണ്ടും 'പൊസിറ്റീവ്' ഫലം കണ്ടെത്തുന്നത് തെല്ല് ആശങ്കയുണ്ടാക്കുന്നത് തന്നെയാണെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒന്നോ രണ്ടോ പരിശോധനകള്‍ വച്ച് മാത്രം രോഗിയെ, രോഗവിമുക്തനായതായി പ്രഖ്യാപിക്കുകയോ മറ്റുള്ളവരുമായി അടുത്തിടപഴകാന്‍ വിടുകയോ ചെയ്യുന്നതില്‍ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതായും ഇവര്‍ പറയുന്നു.

click me!