
വാഷിംഗ്ടൺ: ആരോഗ്യമേഖലയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ശാസ്ത്രലോകം. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ചു. ഇതോടെ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെക്കുന്ന രണ്ടാമത്തെ സംഭവമായി മാറി. 58കാരനായ രോഗിക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് പറിച്ചുനടുന്നതിനെ സെനോട്രാൻസ്പ്ലാന്റേഷൻ ( xenotransplantation) എന്നാണ് അറിയപ്പെടുക. മേരിലാൻഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള വിദഗ്ധരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
കഴിഞ്ഞ തവണ പന്നിയുടെ ഹൃദയം മാറ്റിവെച്ച രോഗി രണ്ട് മാസത്തിന് ശേഷം മരിച്ചു. ഗവേഷണം വിജയിച്ചാൽ മനുഷ്യാവയവ ദാനത്തിന്റെ ദീർഘകാല ദൗർലഭ്യത്തിന് പരിഹാരം കാണുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 100,000-ലധികം അമേരിക്കക്കാർ നിലവിൽ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു. മുൻ നേവി ഉദ്യോഗസ്ഥനായിരുന്ന ലോറൻസ് ഫൗസെറ്റിനാണ് ഹൃദയം മാറ്റിവെച്ചത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. രക്തക്കുഴലുകളുടെ രോഗവും ആന്തരിക രക്തസ്രാവവും കാരണം മനുഷ്യഹൃദയം മാറ്റിവെക്കാൻ സാധിക്കുമായിരുന്നില്ല. ഇനി ആകെയുള്ള പ്രതീക്ഷ സെനോട്രാൻസ്പ്ലാന്റേഷനാണ് ശസ്ത്രക്രിയക്ക് മുമ്പ് ഫോസെറ്റ് പറഞ്ഞു. ട്രാൻസ്പ്ലാൻറിനുശേഷം, ഫൗസെറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് സർവകലാശാല അറിയിച്ചു.
രോഗിക്ക് ആന്റി-റിജക്ഷൻ മരുന്നുകൾ കഴിക്കുകയും ആന്റിബോഡി തെറാപ്പി നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. നേരത്തെ ജനിതകമാറ്റം വരുത്തിയ പന്നികളിൽ നിന്ന് മസ്തിഷ്കമരണം സംഭവിച്ച രോഗിക്ക് വൃക്ക മാറ്റിവെച്ചിരുന്നു. ന്യൂയോർക്കിലെ എൻവൈയു ലാങ്കോൺ ഹോസ്പിറ്റൽ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഈ മാസമാണ് വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ മാറ്റിവെച്ച പന്നിയുടെ വൃക്ക പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam