
ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്‍റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.
ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന്‍ പറയുന്നു.
മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.
എന്താണ് ലിവർ സിറോസിസ്?
കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങൾ, സ്റ്റാർ ടിഷ്യുകൾ, കേടായ കോശങ്ങൾ തുടങ്ങിയവ രൂപപ്പെട്ട് കരൾ ദ്രവിക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ വച്ചേറ്റവും ഗൗരവമുള്ള രോഗമാണ് ലിവര്‍ സിറോസിസ്.
സാധാരണ നിലയിൽ മദ്യപാനമാണ് ഗുരുതര കരൾ രോഗമായ സിറോസിസിന് കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവർ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മൂലവും ലിവർ സിറോസിസ് വരാം. രക്തം ഛര്‍ദ്ദിക്കുക, മലത്തിലൂടെ രക്തം വരിക, മലത്തിന് കറുത്ത നിറം കാണുക- തുടങ്ങിയവയെല്ലാം ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam