'അമ്മയ്ക്ക് ഡ്യൂട്ടി അല്ലേ പ്രധാനം...നമ്മള്‍ അല്ലല്ലോ'; കൊവിഡ് വാര്‍ഡിലെ നഴ്സിന് മകന്‍ അയച്ച വീഡിയോ വൈറല്‍

By Web TeamFirst Published Jul 29, 2020, 5:07 PM IST
Highlights

തിരുവനന്തപുരം ചിറയിന്‍ക്കീഴ് താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ അനു കുഞ്ഞുമോന്‍റെ മകന്‍ അതുലാണ് ദിവസങ്ങളോളമായി അമ്മയെ കാണാത്തതിലെ സങ്കടം പറയുന്നത്. 

'അമ്മ രാത്രി നന്നായി ഉറങ്ങുന്നുണ്ടോ? അമ്മ ഇനി എന്നു വരും?'-  കൊവിഡ് ഡ്യൂട്ടിക്ക് പോയ അമ്മയ്ക്ക് ഒരു മകന്‍ അയച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തിരുവനന്തപുരം ചിറയന്‍കീഴ് താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ അനു കുഞ്ഞുമോന്‍റെ മകന്‍ അതുലാണ് ദിവസങ്ങളോളമായി അമ്മയെ കാണാത്തതിലെ സങ്കടം പറയുന്നത്. 

 'അമ്മ സുഖമായി ഇരിക്കുന്നോ? അമ്മ രാത്രി നന്നായി ഉറങ്ങുന്നുണ്ടോ? അമ്മ ഇനി എന്നു വരുമെന്ന് ദയവായി ഒന്ന് പറയണം... അമ്മ വരേണ്ട... അമ്മയ്ക്ക് ഡ്യൂട്ടി അല്ലേ പ്രധാനം..നമ്മള്‍ അല്ലല്ലോ.. അമ്മ ഇനി ഞങ്ങളോട് മിണ്ടരുത്'- സങ്കടവും പിണക്കവും എല്ലാം കുട്ടി അതുലിന്‍റെ വാക്കുകളില്‍ കാണാം. ഐഎംഎയുടെ വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു ആണ് വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

വര്‍ക്കല ഗവ ആയൂര്‍വേദ്ദ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് കഴിഞ്ഞ 16-ാം തീയതി മുതല്‍ അനു താത്‌ക്കാലികമായി ഡ്യൂട്ടി ചെയ്യുന്നത്. അവിടെ 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ അനു ക്വാറന്‍റൈനിലേക്ക് പോയി. ശിവഗിരിയുടെ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അനുവിന്‍റെ ഇപ്പോഴത്തെ താമസം. 

ഇന്നലെ രാത്രിയോടെയാണ് നാലാം ക്ലാസ്സുകാരനായ  അതുലിന്‍റെ വീഡിയോ അനുവിന്‍റെ സുഹൃത്തും കൂടെ ക്വാറന്‍റൈനിലുമുള്ള മറ്റൊരു നഴ്സിന്‍റെ ഫോണിലേക്ക് എത്തുന്നത്. മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതിനാല്‍  സാധാരണ ഒരു ടോര്‍ച്ച് ഫോണാണ് അനു ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ മക്കള്‍ വിളിക്കുന്നത് കൂടെ ജോലി ചെയ്യുന്നവരുടെ ഫോണില്‍ ആണെന്നും അനു പറയുന്നു. 

മക്കളെ കണ്ടിട്ട് 14 ദിവസം ആയെന്നും ഇനി എന്ന് കാണാന്‍ പറ്റുമെന്ന് അറിയില്ലെന്നും പറയുമ്പോള്‍ അനു വിതുമ്പുകയായിരുന്നു. 'ഓരോ ദിവസവും അമ്മ വരുമെന്ന പ്രതീക്ഷയിലാണ് മക്കള്‍ ഇരിക്കുന്നത്. രാത്രിയായിട്ടും കാണാതാകുമ്പോള്‍ സങ്കടം പറയാനായി അവര്‍ വിളിക്കും'- അനു പറയുന്നു. വീഡിയോ ലഭിച്ചതിന് ശേഷം മകനെ വിളിച്ചു സംസാരിച്ചു. വീട്ടിലുള്ള മറ്റാരും കാണാതെ മകന്‍ സെല്‍ഫി വീഡിയോ പകര്‍ത്തുകയായിരുന്നു. ക്വാറന്‍റൈന്‍ കഴിഞ്ഞാലുള്ള കൊവിഡ് ടെസ്റ്റിന് ശേഷം മാത്രമേ മക്കളെ കാണുന്നതിനെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ എന്നും അനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 

പത്ത് വര്‍ഷമായി നഴ്സായി ജോലി ചെയ്തുവരുന്ന അനുവിന് അതുലിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. തോന്നയ്ക്കല്‍ ബ്ലൂ മൌഡ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്‍. മകള്‍ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.
 

Also Read: 'പേടി വേണ്ട, മരുന്നുകൾ കൂടാതെ ഈ മുൻകരുതലുകള്‍ എടുക്കണം'; കൊവിഡിനെ അതിജീവിച്ച മേക്കപ്പ് മാന്‍ പറയുന്നു...

click me!