
കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ ( Shawarma Poison ) നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ ( Food Poison ) തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൂടുതല്‍ ( Student Died ) ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. കണ്ണൂര്‍ പെരളം സ്വദേശിയായ ദേവനന്ദയാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. വിവിധ ആശുപത്രികളിലായി 18 പേര്‍ ചികിത്സയില്‍ തുടരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 31 ആയിട്ടുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദനും എത്തി. കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ റെസ്‌റ്റോറന്റിന് ലൈസന്‍സുണ്ടായിരുന്നില്ല എന്ന വാര്‍ത്ത പിന്നീടാണ് പുറത്തുവന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെയും ഗുണമേന്മയുള്ള ഭക്ഷണമാണ് ഹോട്ടലുകളില്‍ നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ചെറുവത്തൂരില്‍ ഷവര്‍മ്മയില്‍ ഉപയോഗിച്ചിരുന്ന മയൊണൈസ് പഴകിയതായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമികമായ വിലയിരുത്തല്‍. എന്നാലിക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നേരത്തെയും സമാനമായ സംഭവങ്ങള്‍...
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് സമാനമായ രീതിയില്‍ ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. അന്ന് വലിയ രീതിയില്‍ ഭക്ഷ്യസുരക്ഷയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പിന്നീട് പലവട്ടം ഷവര്‍മ്മയില്‍ നിന്ന് തന്നെ ഭക്ഷ്യവിഷബാധയുണ്ടായി ആളുകള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന സാഹചര്യമുണ്ടായി.
കോഴിക്കോട്ടും കൊച്ചിയിലും ഇത് സംഭവിച്ചിരുന്നു. കൊച്ചിയില്‍ എട്ടോളം പേരാണ് കഴിഞ്ഞ വര്‍ഷം ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നത. എന്നാല്‍ തിരുവനന്തപുരത്തെ സംഭവത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഷവര്‍മ്മയാണോ അപകടകാരി?
ഷവര്‍മ്മയില്‍ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ അധികവും പഴകിയ മയൊണൈസ് ഉപയോഗിക്കുന്നത് മൂലമുള്ളതാണെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. സമയം കഴിഞ്ഞ മയൊണൈസ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ മയൊണൈസ് മാത്രമല്ല, പഴകിയ ഇറച്ചിയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.
വൃത്തിയായും, ഗുണമേന്മയോടെയും തയ്യാറാക്കുകയാണെങ്കില്‍ ഷവര്‍മ്മ ഒരിക്കലും അപകടകാരിയായ വിഭവമല്ല. അത്തരം നിഗമനങ്ങളിലേക്ക് എത്തേണ്ട കാര്യമില്ല. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നത് വസ്തുതയാണ്. അത് ഈ സംഭവങ്ങളില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്.
ശ്രദ്ധിക്കേണ്ടത്...
ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്ന, വിശ്വാസ്യതയുള്ള ഹോട്ടലുകളെ മാത്രം ആശ്രയിക്കുക. അതോടൊപ്പം തന്നെ ഷവര്‍മ്മ പോലുള്ള വിഭവങ്ങള്‍ വാങ്ങിയ ശേഷം അധികം വൈകാതെ തന്നെ കഴിക്കുക. ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നതും നല്ലതാണ്.
ഇനി ഭക്ഷ്യവിഷബാധയുണ്ടായാല്‍ തന്നെ അത് സമയത്തിന് തിരിച്ചറിയുകയും വേണം. നിസാരമായ വയറുവേദനയില്‍ തുടങ്ങി, ഇടവേളകളില്ലാതെ ഛര്‍ദ്ദി, വയറിളക്കം, തലകറക്കം, ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഭക്ഷ്യവിഷബാധ മൂലമുണ്ടാകാം. ഭക്ഷ്യവിഷബാധയിലേക്ക് വിരല്‍ചൂണ്ടുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ തന്നെ ആശുപത്രിയിലെത്തി വേണ്ട ചികിത്സ തേടുക
Also Read:- സാമ്പാറില്‍ പല്ലി; കര്‍ണാടകയില്‍ 70 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍