അമീബിക് മസ്തിഷ്‌ക ജ്വരം: കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ഇങ്ങനെ, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

Published : Aug 07, 2024, 09:09 PM IST
അമീബിക് മസ്തിഷ്‌ക ജ്വരം: കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ഇങ്ങനെ, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

Synopsis

മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവില്‍ 6 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവില്‍ 6 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോള്‍ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. 2 പേര്‍ക്ക് രോഗം സംശയിക്കുപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. 

ഇവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് വിശദമായി പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്തെ കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 24ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പങ്കെടുത്ത് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. 33 പേര്‍ കുളത്തിലെ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവര്‍ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നു. പ്രദേശത്ത് ഫീവര്‍ സര്‍വേ നടത്തുകയും ചെയ്തു. നിരീക്ഷണം ശക്തമാക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. കുളത്തിന്റെ സാമ്പിളുകള്‍ തുടര്‍ച്ചയായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.

പ്രോട്ടോകോള്‍ പ്രകാരം 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാണ്. കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍, വെണ്‍പകല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Read More :  ഇന്ന് കേരളത്തിൽ ഇടിന്നലോടെ മഴ, മണിക്കൂറിൽ 50 കി.മീ വരെ വേഗതിയിൽ വരെ കാറ്റ്; 5 ദിവസം 14 ജില്ലകളിലും മഴ സാധ്യത

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം