കേരളത്തിൽ 30 കഴിഞ്ഞ ഒന്നര കോടി പേരെ പരിശോധിച്ചതിൽ 18.4 ശതമാനത്തിനും ഗുരുതര രോഗസാധ്യതയെന്ന് ആ‍‍ര്‍ദ്രം!

Published : Nov 22, 2023, 04:41 PM ISTUpdated : Nov 22, 2023, 05:03 PM IST
കേരളത്തിൽ 30 കഴിഞ്ഞ ഒന്നര കോടി പേരെ പരിശോധിച്ചതിൽ 18.4 ശതമാനത്തിനും ഗുരുതര രോഗസാധ്യതയെന്ന് ആ‍‍ര്‍ദ്രം!

Synopsis

30 കഴിഞ്ഞ ഒന്നര കോടിയിലധികം പേരെ പരിശോധിച്ചതിൽ 18.4 ശതമാനത്തിനും ഗുരുതര രോഗസാധ്യതയെന്ന് ആ‍‍ര്‍ദ്രം! ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളില്‍ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും സ്‌ക്രീനിംഗ് നടത്താനായി. 

സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചിരുന്നു. സ്‌ക്രീനിംഗില്‍ മാത്രമൊതുങ്ങാതെ രോഗം സംശയിക്കുന്നവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ ആകെ 1,50,05,837 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ ഇതില്‍ 18.34 ശതമാനം (27,53,303) പേര്‍ക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാന്‍സര്‍ സ്‌ക്രീനിംഗിലൂടെ 5.96 ശതമാനം പേരെ (8,95,330) കാന്‍സര്‍ സാധ്യത കണ്ടെത്തി കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്. 10.83 ശതമാനം പേര്‍ക്ക് (16,25,847) രക്താതിമര്‍ദവും 8.76 ശതമാനം പേര്‍ക്ക് (13,15,615) പ്രമേഹവും 4.11 ശതമാനം പേര്‍ക്ക് (6,16,936) ഇവ രണ്ടും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 

കിടപ്പ് രോഗികളായ 1,06,545 (0.71%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത 1,87,386 (1.24%) വ്യക്തികളുടേയും 45,24,029 (30.14%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവര്‍ക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു.

നവകേരളം കര്‍മ്മപദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.

Read more:  'ലോകത്ത് മരണങ്ങൾക്കുള്ള ആദ്യ 3 കാരണങ്ങളിൽ ഒന്ന്'; പേടിക്കണം സിഒപിഡിയെ, കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ തുടങ്ങും

സ്‌ക്രീനിംഗ് വഴി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്നു. നിലവില്‍ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതോടൊപ്പം ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ