
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. അരയ്ക്ക് താഴെ ഭാഗികമായി തളർന്ന് വീൽചെയറിൽ കഴിയുന്നവർക്ക് ചികിത്സ നിരക്കിൽ ഇളവ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ചോറ്റാനിക്കര ശോഭ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ അനസ്തേഷ്യോളജി ആന്റ് ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുരേഷ് ജി നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ സംഘടനയായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനുമായി (എ. കെ. ഡബ്ല്യു. ആർ. എഫ്) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംഘടനയിലെ 100 പേർക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ ഇൻ പേഷ്യന്റ്, ഔട്ട് പേഷ്യന്റ് കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള ചികിത്സക്ക് 30 ശതമാനം ഇളവ് നൽകുന്നതാണ് പദ്ധതി. ഇതോടൊപ്പം ചികിത്സക്ക് ശേഷമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് റീഹാബിലിറ്റേഷൻ സേവനങ്ങൾക്ക് കോതമംഗലം പീസ് വാലി ഫൗണ്ടേണ്ടേഷനിൽ സൗകര്യമൊരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
വ്യാഴാഴ്ച ഓണസദ്യയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ ഇളവ് ലഭിക്കുന്നതിനുള്ള 'ആസ്റ്റർ എബിലിറ്റി കാർഡുകൾ' വിതരണം ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആസ്റ്റർ വോളണ്ടിയേഴ്സിന്റെ ഭിന്നശേഷിക്കാർക്കുള്ള ശാക്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഏത് സാഹചര്യത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്നും എ.കെ.ഡബ്ല്യു.ആർ.എഫുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
ചടങ്ങിൽ ഫർഹാൻ യാസീൻ, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി, പീസ് വാലി ചെയർമാൻ പി.എം.അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.