കൊവിഡ് 19; രോഗം പകരാതിരിക്കാന്‍ മുന്നൊരുക്കവുമായി ഓട്ടോ തൊഴിലാളികള്‍...

By Web TeamFirst Published Jun 20, 2020, 8:07 PM IST
Highlights

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധ നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞാല്‍ ആശങ്കയില്ലാതെ യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ മുന്നോട്ട് പോകാം. കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ ചുവടുവയ്പ് വലിയ മാതൃക തന്നെയാണ് കാട്ടിത്തരുന്നത്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ സുരക്ഷാകവചമൊരുക്കി കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ. ലോക്ഡൗണ്‍ കാലത്ത് വന്‍ തോതിലുള്ള തൊഴില്‍ പ്രതിസന്ധിയാണ് ഇവര്‍ നേരിട്ടിരുന്നത്. അതിന് ശേഷം ഇളവുകള്‍ നിലവില്‍ വന്നപ്പോഴും രോഗഭീതി കാരണം ആളുകള്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്‍വലിയുന്ന കാഴ്ചയാണ് കാണുന്നത്.

ഇതോടെയാണ് സുരക്ഷിതയാത്രയ്ക്കായി ഓട്ടോറിക്ഷകളില്‍ സുരക്ഷാകവചമൊരുക്കാന്‍ തൊഴിലാളിക്കൂട്ടായ്മയായ 'സ്‌നേഹസ്പര്‍ശം' തീരുമാനിച്ചത്. ഡ്രൈവറും പിന്നിലെ യാത്രക്കാരും തമ്മില്‍ നേരിട്ടുള്ള ബന്ധം ഒഴിവാക്കുന്നതിനായി ഇരുസീറ്റുകളുടേയും ഇടയ്ക്ക് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് സ്‌ക്രീന്‍ പിടിപ്പിക്കുകയാണിവര്‍. 

നേരത്തേ ടാക്‌സി കാറുകളില്‍ ഈ സംവിധാനമേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഇരുന്നൂറോളം ഓട്ടോകളില്‍ സുരക്ഷാകവചമൊരുക്കി കഴിഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ചയോടെ നഗരത്തിലെ പരമാവധി ഓട്ടോകളില്‍ ഈ സംവിധാനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണിവര്‍. ഇതിനൊപ്പം തന്നെ വണ്ടി അണുവിമുക്തമാക്കുന്നതിനാവശ്യമായ അണുനാശിനിയും കൂട്ടായ്മ വിതരണം ചെയ്തുവരുന്നു.

രാവിലെ ഓട്ടോ എടുക്കുമ്പോഴും, പിന്നീട് ഓരോ യാത്രക്കാര്‍ ഇറങ്ങിപ്പോകുമ്പോഴും സീറ്റുകളും മറ്റും അണുനാശിനി സ്‌പ്രേ ചെയ്ത് തുടയ്ക്കും. നമുക്ക് രോഗം വരാതിരിക്കാന്‍ വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാധ്യതയെ ഇല്ലാതാക്കാന്‍ കൂടി വേണ്ടിയാണ് തയ്യാറെടുപ്പെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. 

പ്രതിരോധമാണ് ഏക രക്ഷാമാര്‍ഗമെന്ന് വണ്ടിയില്‍ കയറുന്ന യാത്രക്കാരെ മനസിലാക്കിക്കാന്‍ പ്ലാസ്റ്റിക് സ്‌ക്രീനിന്റെ പുറത്ത് നോട്ടീസും പതിക്കുന്നുണ്ട്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് നോട്ടീസിലുള്ളത്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളിക്കും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധ നടപടികള്‍ കൈക്കൊണ്ട് കഴിഞ്ഞാല്‍ ആശങ്കയില്ലാതെ യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ മുന്നോട്ട് പോകാം. കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ ചുവടുവയ്പ് വലിയ മാതൃക തന്നെയാണ് കാട്ടിത്തരുന്നത്.

വീഡിയോ കാണാം...

 

Also Read:- തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗ ലക്ഷണം ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് നിരവധി സമ്പര്‍ക്കം...

click me!