ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ചെയ്യാം ലളിതമായ ഇക്കാര്യങ്ങള്‍...

Published : May 16, 2023, 02:34 PM IST
ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ചെയ്യാം ലളിതമായ ഇക്കാര്യങ്ങള്‍...

Synopsis

ഭക്ഷ്യവിഷബാധ പിടിപെടാതിരിക്കാൻ നമുക്ക് എന്താണ് ചെയ്യാനാവുക? ഇതാ ഏറ്റവും ലളിതമായ ചില തയ്യാറെടുപ്പുകള്‍. ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളേ ഇതിലുള്‍പ്പെടുന്നുള്ളൂ...

ഭക്ഷ്യവിഷാബാധയെന്നാല്‍ ഏവര്‍ക്കും ഭയമുള്ള അവസ്ഥ തന്നെയാണ്. നിസാരമായ ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഭക്ഷ്യവിഷബാധ മൂലമുണ്ടാകാം. 

പലപ്പോഴും അശ്രദ്ധ തന്നെയാണ് ഭക്ഷ്യവിഷബാധയിലേക്ക് നമ്മെ നയിക്കുന്നത്. അങ്ങനെയല്ലാത്ത സാഹചര്യങ്ങള്‍ ഇല്ല എന്നല്ല. എങ്കിലും അല്‍പം കൂടി ജാഗ്രത പാലിച്ചാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്ക് ചെറുതോ വലുതോ ആയ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ സാധിക്കും.

ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ പിടിപെടാതിരിക്കാൻ നമുക്ക് എന്താണ് ചെയ്യാനാവുക? ഇതാ ഏറ്റവും ലളിതമായ ചില തയ്യാറെടുപ്പുകള്‍. ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളേ ഇതിലുള്‍പ്പെടുന്നുള്ളൂ...

ഒന്ന്...

ഏത് തരം ഭക്ഷണമാണെങ്കില്‍ ഇത് പാകം ചെയ്യുന്നതിന് മുമ്പായോ അല്ലെങ്കില്‍ കഴിക്കുന്നതിന് മുമ്പായോ നല്ല രീതിയില്‍ വൃത്തിയാക്കുക. ഇക്കാര്യത്തില്‍ മടിയോ അശ്രദ്ധയോ കാണിക്കരുത്. പഴങ്ങളോ പച്ചക്കറികളോ ആണെങ്കില്‍ നല്ലതുപോലെ റണ്ണിംഗ് വാട്ടറിലോ അല്ലെങ്കില്‍ ഉപ്പിട്ടോ കഴുകുന്നതാണ് നല്ലത്. മറ്റ് ഭക്ഷണസാധനങ്ങളാണെങ്കില്‍ പാകം ചെയ്യാനെടുക്കുന്നതിന് മുമ്പായി തന്നെ അതിന്‍റേതായ രീതിയില്‍ വൃത്തിയാക്കിയെടുക്കണം. 

രണ്ട്...

ഭക്ഷണസാധനങ്ങള്‍ വൃത്തിയാക്കുന്നത് പോലെ തന്നെ കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് നമ്മുടെ കൈകളും വൃത്തിയാക്കിയിരിക്കണം. ഇതിലും മടിയും അശ്രദ്ധയും കാണിക്കരുത്. നമ്മുടെ കൈകളില്‍ പലവിധത്തിലുമുള്ള രോഗാണുക്കള്‍ എല്ലായ്പോഴും കാണാം. ഇവ ശരീരത്തില്‍ എത്തുന്നത് പല തീവ്രതയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. 

മൂന്ന്...

ഭക്ഷ്യവിഷബാധ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ നാം പതിവായി വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. അധികവും പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറ്. പുറത്തുനിന്നുള്ള ഭക്ഷണം വല്ലപ്പോഴും മാത്രം, അതും വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് എന്ന രീതിയിലേക്ക് മാറിയാല്‍ അത് ആകെ ആരോഗ്യത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരും.

നാല്...

ഭക്ഷണസാധനങ്ങള്‍- അത് എന്തുതന്നെ ആയാലും വാങ്ങിക്കുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം കാലാവധി കൃത്യമായി നോക്കണം. പാലും തൈരും മുതല്‍ ഇറച്ചി വിഭവങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ബേക്കറികള്‍ എന്നിങ്ങനെ ഏതിലും കാലാവധിയുണ്ടായിരിക്കും. ഇത് നോക്കി ശീലിക്കുക തന്നെ വേണം. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ നിര്‍ബന്ധമായും കളയേണ്ടതാണ്. കാരണം ചില സന്ദര്‍ഭങ്ങളില്‍ ഇത് അപകടമുണ്ടാക്കുകയില്ലായിരിക്കും. എന്നാല്‍ എപ്പോഴാണിത് ഭീഷണിയാവുകയെന്ന് പറയുക സാധ്യമല്ല. 

അഞ്ച്...

പാകം ചെയ്തുവച്ച ഭക്ഷണം ദീര്‍ഘമായ മണിക്കൂറുകള്‍ മുറിയിലെ താപനിലയില്‍ തന്നെ വച്ച ശേഷം ഉപയോഗിക്കരുത്. പാകം ചെയ്ത് പിന്നീടത്തേക്ക് എടുത്തുവയ്ക്കാനുള്ള ഭക്ഷണമാണെങ്കില്‍ വൃത്തിയായി അടച്ച് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുക. 

ഫ്രിഡ്ജില്‍ വച്ച ഭക്ഷണമാണെങ്കില്‍ ആവശ്യത്തിന് ഉള്ളത് മാത്രം എടുത്ത് ചൂടാക്കി ഉപയോഗിക്കാം. ചൂടാക്കിയത് വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നെയും ഉപയോഗിക്കാതിരിക്കുക. അതുപോലെ എളുപ്പത്തില്‍ കാലാവധി തീരുന്നവ ഫ്രിഡ്ജില്‍ വച്ചാലും അതിന് പരിമിതികളുണ്ടാകും. ഇത് മനസിലാക്കി വേണം ഉപയോഗിക്കാൻ.

Also Read:- മോണയില്‍ നിന്ന് രക്തം, പെട്ടെന്ന് മുറിവോ ചതവോ പറ്റുന്നത്; കാരണം ഇതാകാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം