പ്രതിരോധശേഷി കൂട്ടാം; ഒഴിവാക്കാം ഈ ഭ​​ക്ഷണങ്ങൾ

By Web TeamFirst Published Jan 17, 2022, 10:06 PM IST
Highlights

ശക്തമായ പ്രതിരോധശേഷി ആരോഗ്യകരമായ ജീവിതരീതിയെയും നമ്മുടെ ദൈനംദിന ഭക്ഷണ ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. 
 

പല രോ​ഗങ്ങളും നമ്മളെ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടുക എന്നുള്ളതാണ് ഏറ്റവും വലിയ മാർ​​ഗം. ശക്തമായ പ്രതിരോധശേഷി ആരോഗ്യകരമായ ജീവിതരീതിയെയും നമ്മുടെ ദൈനംദിന ഭക്ഷണ ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. 

വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ധാരാളം പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശക്തമായ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും ആവശ്യമാണ്.

ചില ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടുമെങ്കിലും മറ്റ് ചില ഭക്ഷണങ്ങൾ നിങ്ങൾക്ക് നേരെ വിപരീതമായി വന്നേക്കാം.  ഇത്തരം ആഹാരം അധികമായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വളർത്തുന്നതിൽ തടസ്സം നിന്നേക്കാം.
പ്രതിരോധശേഷി കൂട്ടാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

പഞ്ചസാര...

ദൈനംദിന ഭക്ഷണത്തിൽ പഞ്ചസാര ഉൾപ്പെടുത്തുന്നത് പരിമിതപ്പെടുത്തുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിന് കാരണമാകും. ഇവയെല്ലാം രോഗപ്രതിരോധവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, രക്തത്തിലെ ഉയർന്ന പഞ്ചസാര അളവ് നിങ്ങളുടെ കുടലിന്റെ ബാക്ടീരിയയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് പിന്നീട് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യാം.

ഉപ്പ്...

ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്നാണ് ഉപ്പ്. ചിപ്‌സുകൾ, ബേക്കറി ഇനങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിൽ ധാരാളം ഉപ്പ് നിറഞ്ഞിരിക്കുന്നു. ശരീരത്തിൽ വളരെയധികം ഉപ്പ് എത്തുന്നത് വീക്കം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധത്തെ തകർക്കുകയും ചെയ്യുന്നു. രോഗപ്രതിരോധവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തെ തടയാനും ഉപ്പ് കാരണമാകുന്നു. 

ഫ്രൈഡ് ഭക്ഷണങ്ങൾ...

ഫ്രൈ ചെയ്ത അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷിയെയും ദുർബലപ്പെടുത്തും. ഇവ വീക്കത്തിന് കാരണമാവുകയും, ശരീരത്തിലെ ആന്റിഓക്സിഡന്റ് സംവിധാനങ്ങൾ, കോശങ്ങൾ, കുടൽ ബാക്ടീരിയകൾ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതു വഴി രോഗപ്രതിരോധ ശേഷിയെയും ദുർബലപ്പെടുത്തും. 

കാപ്പി...

കാപ്പിയിലെയും ചായയിലെയും ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ ആരോഗ്യം സംരക്ഷിക്കും. എന്നാൽ വളരെയധികം കഫീൻ കഴിക്കുന്നത് ദോഷമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷിയിൽ കുറവ് വരുത്തുകയും ചെയ്യും. 

മദ്യം...

മദ്യം വലിയ അളവിൽ കുടിക്കുന്നത്  മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷകരമാണ്. മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ഫാസ്റ്റ് ഫുഡ്...

ഫാസ്റ്റ് ഫുഡ് പലരോ​ഗങ്ങൾക്കും കാരണമാകും. ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദോഷമായി ബാധിച്ചേക്കാം. ഫാസ്റ്റ്ഫുഡ് വീക്കം വർദ്ധിപ്പിക്കുകയും കുടൽ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. 

Read more : കൊവിഡ് 19; വീട്ടിലിരുന്ന് ചികിത്സിക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്...

 

click me!