ആറ് വയസുകാരനായ സഹോദരന്റെ ജീവന്‍ രക്ഷിച്ച് ഒരു വയസുകാരി

By Web TeamFirst Published Oct 15, 2020, 9:47 PM IST
Highlights

തലാസീമിയ എന്ന അസുഖമായിരുന്നു അഭിജിത്തിന്. രക്തത്തെ ബാധിക്കുന്ന രോഗം. അതുതന്നെ അഭിജിത്തിന്റെ കാര്യത്തില്‍ രോഗാവസ്ഥ അല്‍പം ഗുരുതരമായിരുന്നു. തുടര്‍ച്ചയായി രക്തം മാറ്റിവയ്ക്കല്‍ നടത്തിക്കൊണ്ടായിരുന്നു അഭിജിത്ത് പിടിച്ചുനിന്നത്

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമോ എന്ന അനിശ്ചിതാവസ്ഥയിലായിരുന്നു അഹമ്മദാബാദ് സ്വദേശിയായ ആറുവയസുകാരന്‍ അഭിജിത് സൊളാങ്കി. മകന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ അവന്റെ മാതാപിതാക്കളും കഴിയാവുന്ന ശ്രമങ്ങളെല്ലാം നടത്തി. 

തലാസീമിയ എന്ന അസുഖമായിരുന്നു അഭിജിത്തിന്. രക്തത്തെ ബാധിക്കുന്ന രോഗം. അതുതന്നെ അഭിജിത്തിന്റെ കാര്യത്തില്‍ രോഗാവസ്ഥ അല്‍പം ഗുരുതരമായിരുന്നു. തുടര്‍ച്ചയായി രക്തം മാറ്റിവയ്ക്കല്‍ നടത്തിക്കൊണ്ടായിരുന്നു അഭിജിത്ത് പിടിച്ചുനിന്നത്. 

ഇതിനിടെ മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയാല്‍ അഭിജിത്തിനെ രക്ഷപ്പെടുത്താനായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതനുസരിച്ച് അഭിജിത്തിന് അനുയോജ്യമായ മജ്ജയ്ക്ക് വേണ്ടി ഇവര്‍ ധാരാളം അന്വേഷണങ്ങള്‍ നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. 

ഒടുവില്‍ അത്ര പ്രാബല്യത്തിലില്ലാത്ത ഒരു ചികിത്സീരിതി അവര്‍ അവലംബിച്ചു. അഭിജിത്തിന് മജ്ജ നല്‍കാന്‍ കഴിയുന്ന ഒരു ദാതാവിനെ സൃഷ്ടിച്ചെടുക്കുക. ഐവിഎഫ് രീതിയിലൂടെ അഭിജിത്തിന് പുതിയൊരു സഹോദരനെയോ സഹോദരിയെയോ ജനിപ്പിക്കുക. ആ കുഞ്ഞില്‍ നിന്ന് അഭിജിത്തിന് മജ്ജയെടുക്കാം. 

അങ്ങനെ ഒരു വര്‍ഷം മുമ്പ് അഭിജിത്തിന് കുഞ്ഞ് സഹോദരി പിറന്നു. അവളില്‍ നിന്ന് മജ്ജ മാറ്റിവച്ചതോടെ ഇപ്പോള്‍ അഭിജിത്തിന്റെ ജീവന് നേരെ ഉയര്‍ന്നിരുന്ന ഭീഷണി ഒഴിവായി എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അഭിജിത്തിന്റേയും സഹോദരിയായ ഒരു വയസുകാരി കാവ്യയും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

ഇത്തരത്തില്‍ സഹോദരന്റെ ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യത്തോടെ ഐവിഎഫ് ചികിത്സയിലൂടെ ഇന്ത്യയില്‍ പിറന്ന ആദ്യ കുഞ്ഞാണ് കാവ്യ. ചികിത്സ വിജയിക്കുക കൂടി ചെയ്തതോടെ വലിയ പ്രതീക്ഷയാണ് ഈ കേസ് മെഡിക്കല്‍ രംഗത്തിന് നല്‍കുന്നത്.

Also Read:- അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ?...

click me!