അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ നിന്ന് മരുന്ന്; നിർണായക കണ്ടുപിടുത്തവുമായി ബെംഗളൂരുവിലെ ശാസ്ത്രജ്ഞർ

By Web TeamFirst Published Feb 27, 2021, 11:42 AM IST
Highlights

പ്രൊഫസർ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്ത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ച ടിജിആർ63 തന്മാത്രയ്ക്ക് അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നമെന്നാണ് കണ്ടെത്തല്‍. 

ബെംഗളൂരു: കൊറോണയ്ക്ക് പിന്നാലെ അല്‍ഷിമേഴ്സിനും ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു. അല്‍ഷിമേഴ്സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയെ ബെംഗളൂരു ജവഹർലാല്‍ നെഹ്റു സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം ബാധിച്ച തലച്ചോറുകളെ ഈ മരുന്ന് തന്മാത്ര പുനരുജ്ജീവിപ്പിക്കുമെന്ന് തെളിഞ്ഞതായി ശാസ്ത്രജ്ഞർ അറിയിച്ചു.

ബെംഗളൂരുവിലെ ജവഹർലാല്‍ നെഹ്റു സെന്‍റർഫോർ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ലോകത്തിന് വലിയ പ്രതീക്ഷയേകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. പ്രൊഫസർ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്ത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ച ടിജിആർ63 തന്മാത്രയ്ക്ക് അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നമെന്നാണ് കണ്ടെത്തല്‍. 2010 മുതല്‍ ആരംഭിച്ച പരീക്ഷണങ്ങളില്‍ നിർണായകഘട്ടമായ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലമാണ് സംഘത്തിന് ലഭിച്ചത്. മരുന്ന് നല്‍കിയ രോഗികളായ എലികളുടെ അറിവും ഓർമശക്തിയും വർദ്ദിച്ചതായി കണ്ടെത്തി.

കൂടുതല്‍ മൃഗങ്ങളിലും ശേഷം മനുഷ്യരിലും ഇനി പരീക്ഷണം നടത്തും. രോഗികളില്‍ കുത്തിവച്ചോ ഗുളിക രൂപത്തിലോ മരുന്നായി ഇത് നല്‍കാമെന്ന് മാത്രമല്ല, രോഗംവരാതിരിക്കാനായുള്ള മുന്‍കരുതലെന്നോണവും ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ.മനുഷ്യരുടെ തലച്ചോറിലെ ന്യൂറോണുകളെ പ്രതികൂലമായി ബാധിക്കുന്ന അല്‍ഷിമേഴ്സ് രോഗികളുടെ എണ്ണം 2050ആകുന്നതോടെ ലോകത്താകെ 5 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. വയോജനങ്ങൾ ഏറെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടെത്തല്‍.

click me!