
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. ഇതില്‍ ഭൂരിഭാഗം പ്രശ്നങ്ങളും നമ്മുടെ ജീവിതരീതികള്‍ ആരോഗ്യകരമല്ല എന്ന ഒറ്റക്കാരണത്താല്‍ പിടിപെടുന്നത് ആയിരിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പിച്ചാല്‍ ഒരളവ് വരെ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.
ഇത്തരത്തില്‍ നിത്യജീവിതത്തില്‍ സാധാരണയായി ആളുകള്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ഗ്യാസും ദഹനക്കുറവും. ദഹനപ്രശ്നങ്ങളുള്ളവരിലും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖങ്ങളുള്ളവരിലുമെല്ലാം അമിതമായ ഗ്യാസ് എപ്പോഴും കാണുന്നതാണ്.
ഇതിന് പുറമെ ചില ഭക്ഷണ- പാനീയങ്ങള്‍, തെറ്റായ ഭക്ഷണക്രമം, വേഗതയില്‍ ഭക്ഷണം കഴിക്കുക, അധികമായി വായു അകത്തേക്ക് വലിച്ചെടുക്കുക, മലബന്ധം എന്നിങ്ങനെ പല പ്രശ്നങ്ങളും ഗ്യാസിലേക്ക് നയിക്കാം.
എന്തായാലും ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ ശാരീരികമായ ബുദ്ധിമുട്ടിന് മാത്രമല്ല, മാനസികപ്രയാസത്തിന് കൂടിയാണ് ഇടയാക്കുക. ഗ്യാസില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനായി പലതിനെയും ആശ്രയിക്കുന്നവരുണ്ട്.
വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കി കുടിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്യാസ് കളയാനും വയറിന് സുഖം കിട്ടാനും, ഒപ്പം ദഹനം എളുപ്പത്തിലാക്കാനുമെല്ലാം ഈ പാനീയം സഹായിക്കും.
ഇഞ്ചി, പുതിനയില, പെരുഞ്ചീരകം, ജീരകം, അയമോദകം എന്നിവയാണ് ഈ പാനീയം തയ്യാറാക്കാൻ ആകെ ആവശ്യമായിട്ടുള്ള ചേരുവകള്‍. ഇതില്‍ പുതിനയില നിര്‍ബന്ധമില്ല. എടുക്കുകയാണെങ്കില്‍ ഫ്രഷ് തന്നെ വേണം. രണ്ടോ മൂന്നോ ഇല മതിയാകും.
പുതിനയിലയ്ക്ക് പുറമെ ഒരു ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം, ഒടു ടീസ്പൂണ്‍ ജീരകം, ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ചത് (ഇഞ്ചിയില്ലെങ്കില്‍ ഒരു നുള്ള് ചുക്ക് പൊടി ആകാം, അതായത് ഉണക്കിയ ഇഞ്ചിയുടെ പൊടി), ഒരു നുള്ള് അയമോദകം എന്നിങ്ങനെയാണ് എടുക്കേണ്ടത്.
അര ലിറ്റര്‍ വെള്ളത്തില്‍ പുതിനയില ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് അഞ്ച് മിനുറ്റോളം തിളപ്പിക്കണം. ശേഷം തീ ചെറുതാക്കിയും അഞ്ച് മിനുറ്റ് വയ്ക്കണം. ഇതുകഴിഞ്ഞ് വാങ്ങിവച്ച് പുതിനയിലയും ചേര്‍ത്ത് കഴിക്കാം. ഭക്ഷണം കഴിച്ച്, അരമണിക്കൂറിന് ശേഷം ഇത് കുടിക്കുന്നതാണ് നല്ലത്. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് കുടിക്കാവുന്നതാണ്.
Also Read:- മടിക്കാതെ ഉരുളക്കിഴങ്ങ് കഴിച്ചോളൂ; ഇത്രയും ഗുണങ്ങളോ ഉരുളക്കിഴങ്ങിന്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam