
രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). ഇത് മൂലം സന്ധികളില്‍ നീരും വീക്കവും വേദനയും ഉണ്ടാകാം. ചലനശേഷിക്ക് ബുദ്ധിമുട്ട്, ദേഹം കുത്തിനോവുക, രുചിയില്ലായ്മ തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം ഉണ്ടാകാം. പരമ്പരാഗത ആർഎ ചികിത്സകൾ രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ആകുമെങ്കിലും വിറ്റാമിൻ ഡിയും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ദില്ലിയിലെ സികെ ബിർള ഹോസ്പിറ്റിലിലെ ഓർത്തോപീഡിക്‌സ് വിഭാഗം ഡയറക്ടർ ഡോ അശ്വനി മൈചന്ദ് പറയുന്നത്.
മനുഷ്യശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡി ആണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിന്‍ ഡി ഏറെ ഗുണം ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാത്സ്യത്തെ ആകിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നത് കൊണ്ടുതന്നെ വിറ്റാമിന്‍ ഡിയും എല്ലുകളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം നമ്മുക്ക് വ്യക്തമാണ്.
ആർഎ ഉള്ള ആളുകൾക്ക് വിറ്റാമിൻ ഡിയുടെ അളവ് പതിവായി കുറയുന്നതായി പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നുണ്ട്. വിറ്റാമിൻ ഡിയുടെ അപര്യാപ്തത രോഗ പ്രതിരോധശേഷിയെയും ബാധിക്കും. വിറ്റാമിൻ ഡി ശരീരത്തിലെത്തുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണൽ ഓഫ് റുമാറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനവും പറയുന്നു. വിറ്റാമിൻ ഡിയുടെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല, അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും വിറ്റാമിൻ ഡി സഹായിച്ചേക്കാം. ഇത് ആർഎ രോഗികള്‍ക്ക് പ്രധാനമാണ്. അതിനാല്‍ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവര്‍ ഡയറ്റില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗി, ഓട്സ്, ബനാന തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: സെർവിക്കൽ ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam